എഡിറ്റര്‍
എഡിറ്റര്‍
ഇതിന്റെ പേരു മാധ്യമ പ്രവര്‍ത്തനം എന്നല്ല കൂട്ടിക്കൊടുപ്പെന്നാണ്; പീറകളെ ഭയന്നു രാജിവെച്ച മന്ത്രിയെക്കുറിച്ചോര്‍ത്താണ് സങ്കടം; ജോയ് മാത്യു
എഡിറ്റര്‍
Monday 27th March 2017 10:14am

 

കോഴിക്കോട്: മന്ത്രി എ.കെ ശശീന്ദ്രന്‍ പരാതിക്കാരിയായ യുവതിയെ ലൈംഗികമായി അധിക്ഷേപിച്ചു എന്ന ആരോപണമുയര്‍ത്തിയ മംഗളം ടി.വി റിപ്പോര്‍ട്ടിനെതിരെ രൂക്ഷ വിമര്‍ശനവുമായി ചലച്ചിത്ര താരം ജോയ് മാത്യു. ഇത് മാധ്യമപ്രവര്‍ത്തനം അല്ല കൂട്ടിക്കൊടുപ്പാണെന്ന് പറഞ്ഞ ജോയ് മാത്യു വാര്‍ത്തയുടെ പേരില്‍ രാജിവെച്ച മന്ത്രിയുടെ നിലപാടിനെയും ഫേസ്ബുക്കിലൂടെ വിമര്‍ശിച്ചു.


Also read മദ്രസാ അധ്യാപകന്റെ വധം: കൊലപാതകത്തിന് ആഹ്വാനം ചെയ്‌തെന്ന ആരോപണത്തില്‍ ബി.ജെ.പി എം.പിക്കെതിരെ അന്വേഷണം


ഇതിന്റെ പേരു മാധ്യമ പ്രവര്‍ത്തനം എന്നല്ല കൂട്ടിക്കൊടുപ്പാണെന്നു പറഞ്ഞ് കൊണ്ടാണ് ജോയ് മാത്യു തന്റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. കുളിമുറിയില്‍ ക്യാമറ വെയ്ക്കുന്നവന്റെ രോമാഞ്ച കഞ്ചുകമാണ് ഇന്ന് മാധ്യമ പ്രവര്‍ത്തനം എന്നതിന്റെ ഉദാഹരണമാണിതെന്നും ജോയ് മാത്യൂ പറയുന്നു.

ഒരാള്‍ക്കിഷ്ടമുള്ളയാളുമായി സംസാരിക്കുന്നതും ഇടപഴകുന്നതും വേണ്ടിവന്നാല്‍ ഇണചേരുന്നതും ഒരു പൗരന്റെ മൗലികാവകാശമല്ലേയെന്നും അത് ഒളിക്യാമറയിലൂടെയും ടെലഫോണ്‍ സംഭാഷണത്തിലൂടെയും ചോര്‍ത്തി മാധ്യമ മുതലാളിക്ക് മറിച്ച് വില്‍ക്കുന്നയാളുടെ പേരാണു കൂട്ടിക്കൊടുപ്പുകാരനെന്നും പറയുന്ന ജോയ് മാത്യു മന്ത്രിക്കെന്താ പെണ്ണുങ്ങളോട് സംസാരിച്ച് കൂടെയെന്നും ചോദിക്കുന്നു.

മന്ത്രി എന്ന നിലയില്‍ പൊതു ഖജനാവിന് എന്തെങ്കിലും നഷ്ടം വരുത്തിയോയെന്നും അല്ലെങ്കില്‍ വഴിവിട്ട എന്തെങ്കിലും ഔദാര്യം ചെയ്തു കൊടുത്തുവോയെന്നും ചോദിച്ച ജോയ് മാത്യു സംസാരിച്ചു എന്നു പറയപ്പെടുന്ന സ്ത്രീ ഒരു പരാതികൊടുത്തിരുന്നെങ്കില്‍ അത് മുന്‍ നിര്‍ത്തി ചോദ്യങ്ങള്‍ ചോദിക്കുകയോ നിയമപരമായി നേരിടുകയോ ചെയ്യേണ്ടതിനു പകരം കുളിമുറിയില്‍ ക്യാമറ വെയ്ക്കുന്നതാണു മാധ്യമപ്രവര്‍ത്തനം എന്ന് കരുതുന്ന പീറകളെ ഭയന്നു ‘എന്നാല്‍ ഞാന്‍ രാജിവെക്കുന്നു ‘ എന്ന് പറയുന്ന ഒരു മന്ത്രിയെക്കുറിച്ചാണു നമ്മള്‍ സങ്കടപ്പെടേണ്ടതെന്നും പറഞ്ഞു.


Dont miss ആര്‍ത്തവം അശുദ്ധമെന്ന് എം.എം ഹസന്‍; വേദിയില്‍ ഹസനെ പരസ്യമായി ചോദ്യം ചെയ്ത് പെണ്‍കുട്ടി 


ആ രാജി സ്വീകരിക്കാതിരിക്കാനുള്ള ആര്‍ജ്ജവം മുഖ്യമന്ത്രി കാണിക്കും എന്ന് പ്രതീക്ഷിക്കാമെന്നു വിശ്വാസം പ്രകടിപ്പിച്ച താരം ഇല്ലെങ്കില്‍ അത് വാനര സേനകള്‍ നടപ്പിലാക്കുന്ന സദാചാര ഗുണ്ടായിസത്തിനു പച്ചക്കൊടി കാണിക്കലാവും എന്നും പറയുന്നു. ഒരു ചാനല്‍ സംപ്രേക്ഷണം ആരംഭിക്കുന്നത് ഇമ്മാതിരി കുളിമുറി ക്യാമറകൊണ്ടാണെങ്കില്‍ പ്രേക്ഷകര്‍ക്ക് നാളെ കക്കൂസ് ദൃശ്യങ്ങളൂം ലഭ്യമാകും എന്നതു തീര്‍ച്ചയാണെന്നും പറഞ്ഞ് കൊണ്ടാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

ഇതിന്റെ പേര്‍ മാധ്യപ്രവര്‍ത്തനം എന്നല്ല -കൂട്ടിക്കൊടുപ്പ് എന്നാണു-
കുളിമുറിയില്‍ ക്യാമറ വെയ്ക്കുന്നവന്റെ രോമാഞ്ച കഞ്ചുകമാണു ഇന്ന് മാധ്യപ്രവര്‍ത്തനം
എന്നതിന്റെ പ്രത്യക്ഷോദാഹരണമാണു ഇന്നു കണ്ടത്-
ഒരാള്‍ക്കിഷ്ടമുള്ളയാളുമായി
സംസാരിക്കുന്നതും ഇടപഴകുന്നതും വേണ്ടിവന്നാല്‍ ഇണചേരുന്നതും
ഒരു പൗരന്റെ മൗലീകാവകാശമല്ലേ?
അതു ഒളിക്യാറയിലോ ടെലഫോണ്‍ സംഭാഷണത്തിലൂടെയോ ചോര്‍ത്തി
മാധ്യമ മുതലാളിക്ക് മറിച്ച് വില്‍ക്കുന്നവന്റെ പേരാണൂ കൂട്ടിക്കൊടുപ്പുകാരന്‍-
ഒരു മന്ത്രിക്കെന്താ പെണ്ണുങ്ങളോട് സംസാരിച്ചൂടെ?
ഇനി ആ സ്ത്രീക്ക് വിരോധമില്ലെങ്കില്‍
ഇണചേര്‍ന്നൂടെ?
മന്ത്രി എന്ന നിലയില്‍
പൊതു ഖജനാവിനു
മന്ത്രി എന്തെങ്കിലും നഷ്ടം വരുത്തിയൊ ?
അല്ലെങ്കില്‍ വഴിവിട്ട് എന്തെങ്കിലും ഔദാര്യം
ആ സ്ത്രീക്ക് ചെയ്തുകൊടുത്തുവോ?
ഇനി അതുമല്ലെങ്കില്‍
അവരെ തന്റെ അധികാരമുപയോഗിച്ച്
ഭീഷണിപ്പെടുത്തിയൊ?
ഇങ്ങിനെയെന്തെങ്കിലുമാണെങ്കില്‍
മറുതലക്കല്‍
സംസാരിച്ചു എന്നു പറയപ്പെടുന്ന സ്ത്രീ ഒരു പരാതികൊടുത്തിരുന്നെങ്കില്‍
അത് മുന്‍ നിര്‍ത്തി ചോദ്യങ്ങള്‍ ചോദിക്കുകയൊ നിയമപരമായി
നേരിടുകയൊ ചെയ്യേണ്ടതിനു
പകരം.
കുളിമുറിയില്‍ ക്യാമറ വെയ്ക്കുന്നതാണു
മാധ്യമപ്രവര്‍ത്തനം എന്ന് കരുതുന്ന പീറകളെ ഭയന്നു ‘എന്നാല്‍
ഞാന്‍ രാജിവെക്കുന്നു ‘ എന്ന്
പറയുന്ന ഒരു മന്ത്രിയെക്കുറിച്ചാണു
നമ്മള്‍ സങ്കടപ്പെടേണ്ടത്-
ആ രാജി സ്വീകരിക്കതിരിക്കാനുള്ള ആര്‍ജ്ജവം മുഖ്യമന്ത്രി കാണിക്കും
എന്ന് നമുക്ക് പ്രതീക്ഷിക്കാം-
ഇല്ലെങ്കില്‍ അത് വാനര സേനകള്‍ നടപ്പിലാക്കുന്ന സദാചാര
ഗുണ്ടായിസത്തിനു പച്ചക്കൊടി കാണിക്കലാവും എന്നുകൂടി പറയട്ടെ-
ഒരു ചാനല്‍ സംപ്രേക്ഷണം ആരംഭിക്കുന്നത് ഇമ്മാതിരി കുളിമുറി ക്യാമറകൊണ്ടാണെങ്കില്‍
പ്രേക്ഷകര്‍ക്ക് നാളെ കക്കൂസ് ദ്രുശ്യങ്ങളൂം ലഭ്യമാകും എന്നതു തീര്‍ച്ച-
മലയാളീ ഇതൊക്കെയേ അര്‍ഹിക്കുന്നുള്ളൂ
ഈ ആരാന്റെ കക്കൂസ് –
അത് നല്‍കാന്‍ റെഡിയായി ഇമ്മാതിരി മാധ്യമങ്ങളും’

Advertisement