എഡിറ്റര്‍
എഡിറ്റര്‍
‘ഗൗരി ലങ്കേഷിനെ തീര്‍ത്തതുപോലെ തീര്‍ക്കും’; ‘ബോല്‍ നാ ആണ്ടി’ ഗാനം വിമര്‍ശിച്ച മാധ്യമപ്രവര്‍ത്തകയ്ക്ക് വധഭീഷണി
എഡിറ്റര്‍
Sunday 17th September 2017 3:53pm


ന്യൂദല്‍ഹി: ‘ബോല്‍ നാ ആണ്ടി ഓ ക്യാ’ എന്ന ഗാനത്തെ വിമര്‍ശിച്ചതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് ബലാത്സംഗ ഭീഷണി. ദ ക്വിന്റിലെ മാധ്യമപ്രവര്‍ത്തകയ്ക്കാണ് ഫേസ്ബുക്കിലൂടെയും ഫോണിലൂടെയും ഭീഷണികള്‍ ലഭിക്കുന്നത്. ഗൗരി ലങ്കേഷിനെപ്പോലെ കൊലപ്പെടുത്തുമെന്നാണ് യുവതിയ്ക്ക് ലഭിച്ച ഭീഷണികളിലൊന്ന്.

‘ബോല്‍ നാ ആണ്ടി ഔ ക്യാ’ എന്ന ഗാനം യൂട്യൂബിലും സോഷ്യല്‍ മീഡിയകളിലും ഹിറ്റായിരുന്നു. ഓം പ്രകാശ് മിശ്ര തയ്യാറാക്കിയ ഈ ഗാനം സെക്‌സിയസ്റ്റും അവഹേളനപരവുമാണെന്ന് ചൂണ്ടിക്കാട്ടിയ മാധ്യമപ്രവര്‍ത്തകര്‍ക്കാണ് ഭീഷണി നേരിടേണ്ടിവന്നത്.

ഭീഷണിയെ തുടര്‍ന്ന് യുവതി പൊലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്. ‘ ഈ വിഷയം സൈബര്‍ സെല്‍ അന്വേഷിക്കും’ പരാതി പരിശോധിച്ച നോയിഡ സിറ്റി പൊലീസ് സൂപ്രണ്ട് അരുണ്‍കുമാര്‍ സിങ് പറഞ്ഞു.


Also Read: ‘വ്യോമസേനാ മേധാവി മരിച്ചതില്‍ രാജ്യം ദു:ഖിക്കുമ്പോള്‍ പിറന്നാള്‍ ആഘോഷം കെങ്കേമമാക്കി മോദി’ ട്വിറ്ററില്‍ രൂക്ഷവിമര്‍ശനമുയരുന്നു


ഈ വീഡിയോ യൂട്യൂബില്‍ നിന്നും പിന്‍വലിച്ചതിനു പിന്നാലെ മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെയുള്ള ആക്രമണം വര്‍ധിച്ചിരുന്നു. ഗാനം യൂട്യൂബില്‍ നിന്ന് പിന്‍വലിച്ചതില്‍ ക്വിന്റ് വെബ്‌സൈറ്റിന് പങ്കുണ്ടെന്നാരോപിച്ചായിരുന്നു ആക്രമണം.

സന്ദേശങ്ങള്‍ അയച്ച പലരും ഈ ഗാനത്തിന്റെ കാര്യം പോലും അതില്‍ പരാമര്‍ശിച്ചിട്ടില്ല. ‘ പ്രധാനമന്ത്രിയെയും, ആര്‍.എസ്.എസിനെയും ബി.ജെ.പിയെയും വിമര്‍ശിക്കുന്നവരെ ഗൗരി ലങ്കേഷിനെ അവസാനിപ്പിച്ചതുപോലെ അവസാനിപ്പിക്കും’ എന്നാണ് മാധ്യമപ്രവര്‍ത്തകയ്ക്ക് ലഭിച്ച ഒരു ഭീഷണി സന്ദേശം.

‘ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ആ ഗാനം കോപ്പി റൈറ്റുമായി ബന്ധപ്പെട്ട വിഷയത്തിലാണ് നീക്കം ചെയ്തത്. ക്വിന്റ് റിപ്പോര്‍ട്ടിന് അതില്‍ യാതൊരു പങ്കുമില്ല.’ ക്വിന്റിലെ മാധ്യമപ്രവര്‍ത്തക പറയുന്നു.

ഗാനത്തെ വിമര്‍ശിച്ചതിന്റെ പേരില്‍ ക്വിന്റിന്റെ നോയിഡയിലെ ഓഫീസിനു മുമ്പില്‍ ഈ ഗാനം പാടി വിമര്‍ശിക്കാനും സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ആഹ്വാനം നടത്തുന്നുണ്ട്. ‘മീംമന്ദിര്‍’ എന്ന ഫേസ്ബുക്ക് പേജുവഴിയാണ് ഇത്തരമൊരു പ്രതിഷേധത്തിന് ആഹ്വാനം നടത്തുന്നത്. ക്വിന്റിനെ തകര്‍ക്കാന്‍ അവരുടെ വെബ്‌സൈറ്റും ഫേസ്ബുക്ക് പേജും ഹാക്ക് ചെയ്യാനും ഇവര്‍ ആഹ്വാനം ചെയ്യുന്നുണ്ട്.

Advertisement