ഒറ്റ ഇന്ത്യന്‍ ബൗളര്‍ക്കും അവകാശപ്പെടാനില്ലാത്ത നേട്ടവുമായി അയര്‍ലന്‍ഡിന്റെ കൊച്ചുപയ്യന്‍; ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഇത് അഭിമാന നിമിഷം
Sports News
ഒറ്റ ഇന്ത്യന്‍ ബൗളര്‍ക്കും അവകാശപ്പെടാനില്ലാത്ത നേട്ടവുമായി അയര്‍ലന്‍ഡിന്റെ കൊച്ചുപയ്യന്‍; ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഇത് അഭിമാന നിമിഷം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 4th November 2022, 12:19 pm

ടി-20 ലോകകപ്പില്‍ ഹാട്രിക് നേട്ടവുമായി അയര്‍ലാന്‍ഡ് സൂപ്പര്‍ താരം ജോഷ്വാ ലിറ്റില്‍. വെള്ളിയാഴ്ച ന്യൂസിലാന്‍ഡിനെതിരായ മത്സരത്തിന്റെ 19ാം ഓവറിലായിരുന്നു ലിറ്റില്‍ ഹാട്രിക് നേടിയത്.

അയര്‍ലാന്‍ഡിനായി ടി-20 ലോകകപ്പില്‍ ഹാട്രിക് നേടുന്ന രണ്ടാമത് താരമാണ് ലിറ്റില്‍. കഴിഞ്ഞ വര്‍ഷം നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തില്‍ കര്‍ട്ടിസ് കാംഫെറായിരുന്നു ഐറിഷ് പടക്കായി ആദ്യമായി ഹാട്രിക് നേടിയത്.

ജോഷ്വാ ലിറ്റില്‍

 

 

കര്‍ട്ടിസ് കാംഫെര്‍

 

2022 ലോകകപ്പിലെ രണ്ടാം ഹാട്രിക്കാണിത്. യു.എ.ഇ താരം കാര്‍ത്തിക് മെയ്യപ്പനാണ് ഈ ലോകകപ്പില്‍ ആദ്യ ഹാട്രിക് നേടിയത്. ശ്രീലങ്കക്കെതിരെയായിരുന്നു താരത്തിന്റെ ഹാട്രിക് നേട്ടം.

ബ്ലാക് ക്യാപ്‌സ് ഇന്നിങ്‌സിന്റെ 19ാം ഓവറിലായിരുന്നു ലിറ്റിലിന്റെ ഹാട്രിക് നേട്ടം പിറന്നത്. കിവീസ് ഇന്നിങ്‌സിനെ മുന്നോട്ട് നയിച്ച ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണെ മടക്കിക്കൊണ്ടായിരുന്നു ലിറ്റില്‍ തുടങ്ങിയത്.

19ാം ഓവറിന്റെ രണ്ടാം പന്തില്‍ ഗാരത് ഡെലാനിയുടെ കൈകളിലെത്തിച്ചായിരുന്നു വില്യംസണെ ലിറ്റില്‍ മടക്കിയത്. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത വില്യംസണ്‍ 35 പന്തില്‍ നിന്നും 61 റണ്‍സ് നേടി നില്‍ക്കവെയാണ് പുറത്താവുന്നത്.

View this post on Instagram

A post shared by ICC (@icc)

തൊട്ടടുത്ത പന്തില്‍ ജെയിംസ് നീഷമിനെ വിക്കറ്റിന് മുമ്പില്‍ കുടുക്കിയ ലിറ്റില്‍ 19ാം ഓവറിന്റെ നാലാം പന്തില്‍ മിച്ചല്‍ സാന്റ്‌നറെയും മടക്കി.

നാല് ഓവറില്‍ 22 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റാണ് താരം വീഴ്ത്തിയത്. ലിറ്റിലിന് പുറമെ ഗാരത് ഡെലാനി രണ്ടും മാര്‍ക് അഡയര്‍ ഒരു വിക്കറ്റും സ്വന്തമാക്കി.

നിശ്ചിത ഓവറില്‍ 185 റണ്‍സിന് ആറ് എന്ന നിലിയില്‍ ന്യൂസിലാന്‍ഡ് ഇന്നിങ്‌സ് അവസാനിപ്പിച്ചു. 61 റണ്‍സെടുത്ത വില്യംസണാണ് ടോപ് സ്‌കോറര്‍.

ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നെറ്റ് ബൗളര്‍മാരില്‍ ഒരാളായ ജോഷ്വാ ലിറ്റില്‍ ടി-20 ലോകകപ്പില്‍ ഹാട്രിക് നേടുന്ന ആറാമത് മാത്രം താരമാണ്. 2007ല്‍ ഓസീസ് ലെജന്‍ഡ് ബ്രെറ്റ് ലീയാണ് ലോകകപ്പിലെ ഹാട്രിക് നേട്ടത്തിന് തുടക്കം കുറിച്ചത്.

ടി-20 ലോകകപ്പില്‍ ഹാട്രിക് നേടിയ താരങ്ങള്‍

ബ്രെറ്റ് ലീ – (2007) vs ബംഗ്ലാദേശ്

കര്‍ട്ടിസ് കാംഫെര്‍ (2021) vs നെതര്‍ലന്‍ഡ്‌സ്

വാനിന്ദു ഹസരങ്ക (2021) vs സൗത്ത് ആഫ്രിക്ക

കഗീസോ റബാദ (2021) vs ഇംഗ്ലണ്ട്

കാര്‍ത്തിക് മെയ്യപ്പന്‍ (2022) vs ശ്രീലങ്ക

ജോഷ്വാ ലിറ്റില്‍ (2022) vs ന്യൂസിലാന്‍ഡ്

 

Content Highlight: Ireland star Joshua Little picks hattrick against New Zealand