സഭയുടെ സ്വത്ത് നഷ്ടപ്പെടുന്ന കാര്യമായിരുന്നെങ്കില്‍ ഇങ്ങനെയായിരിക്കുമോ പ്രതികരണം; കൈവെട്ടപ്പെട്ട ജോസഫ് മാഷിനോട് കാണിച്ച അതേ നിസംഗത സിസ്റ്ററോടും ആവര്‍ത്തിക്കുന്നു: ജോസഫ് സി മാത്യു
Kerala Police
സഭയുടെ സ്വത്ത് നഷ്ടപ്പെടുന്ന കാര്യമായിരുന്നെങ്കില്‍ ഇങ്ങനെയായിരിക്കുമോ പ്രതികരണം; കൈവെട്ടപ്പെട്ട ജോസഫ് മാഷിനോട് കാണിച്ച അതേ നിസംഗത സിസ്റ്ററോടും ആവര്‍ത്തിക്കുന്നു: ജോസഫ് സി മാത്യു
ന്യൂസ് ഡെസ്‌ക്
Wednesday, 9th September 2020, 6:10 pm

കോട്ടയം: വിദ്യാര്‍ത്ഥികള്‍ക്കയച്ച ഓണസന്ദേശം ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് അധ്യാപികക്കെതിരെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ രംഗത്തെത്തിയതും അവരെക്കൊണ്ട് മാപ്പ് പറയിപ്പിക്കുന്ന വീഡിയോ പ്രചരിപ്പിച്ചതും വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സംഭവത്തില്‍ സംഘപരിവാറിനും കേരള പൊലീസിനുമൊപ്പം സഭാനേതൃത്വത്തിനെതിരെയും വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്.

സാമൂഹ്യസാംസ്‌കാരിക രംഗത്തെ പ്രമുഖരടക്കം നിരവധി പേര്‍ സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി രംഗത്തെത്തിയിട്ടും സഭാനേതൃത്വം ഒരു പ്രതികരണവും നടത്താന്‍ തയ്യാറാകാത്തതാണ് വിമര്‍ശനത്തിന് കാരണമായിരിക്കുന്നത്. കൈവെട്ടപ്പെട്ട് ജോസഫ് മാഷിനോട് കാണിച്ച നിസംഗത സഭ ആവര്‍ത്തിക്കുകയാണെന്നും സ്വത്ത് നഷ്ടപ്പെടുന്ന കാര്യമായിരുന്നെങ്കില്‍ പ്രതികരണം വ്യത്യസ്തമായിരുന്നേനെയെന്നും സംഭവത്തില്‍ പ്രതികരിച്ചുകൊണ്ട് രാഷ്ട്രീയ നിരീക്ഷകനായ ജോസഫ് സി മാത്യു ഡൂള്‍ന്യൂസിനോട് പറഞ്ഞു.

‘ഈ കന്യാസ്ത്രീയുടെ രക്ഷാകര്‍ത്തൃത്വം സഭ ഏറ്റെടുത്തതാണ്. അവര്‍ കാര്‍ വാങ്ങണോ ശമ്പളം എവിടെ ചെലവഴിക്കണം തുടങ്ങിയ കാര്യങ്ങളെല്ലാം തീരുമാനിക്കുന്ന സഭാനേതൃത്വം ഈ വിഷയത്തില്‍ ഒരു അക്ഷരം പ്രതികരിക്കുന്നില്ല. കന്യാസ്ത്രീയുടെ സ്ഥാനത്ത് ഒരു പുരോഹിതനായിരുന്നു ഈയൊരു നടപടിക്ക് വിധേയനായതെങ്കില്‍ സഭയുടെ പ്രതികരണം അല്‍പം കൂടി വ്യത്യസ്തമായിരുന്നേനെ എന്നാണ് ഞാന്‍ വിചാരിക്കുന്നത്.’ ജോസഫ് സി മാത്യു പറയുന്നു.

സഭയുടെ സ്വത്തുക്കളില്‍ നിന്നും ഒരു ചട്ടി മണ്ണ് പോകുന്ന കാര്യമായിരുന്നെങ്കില്‍ ഇതിനോട് ഇങ്ങനെയായിരിക്കില്ല സഭ പ്രതികരിക്കുക. ഇത് തീര്‍ത്തും നിസംഗമായി, ഇങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ല എന്ന രീതിയില്‍ രക്ഷാകര്‍തൃസ്ഥാനം വഹിക്കുന്ന സഭ അവര്‍ മാപ്പ് പറയാനും ശിക്ഷ ഏറ്റുവാങ്ങാനുമായി വിട്ടുകൊടുക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. കൈവെട്ടപ്പെട്ട ജോസഫ് മാഷിന്റെ കാര്യത്തില്‍ സഭ പുലര്‍ത്തിയ അതേ നിസംഗതയും മൗനവുമാണ് ഇക്കാര്യത്തിലും ആവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

പൊലീസിനെതിരെയും കടുത്ത വിമര്‍ശനമാണ് ജോസഫ് സി മാത്യു ഉന്നയിച്ചത്. “പൊലീസിന്റെ പണിയെന്താണ് എന്നുള്ളത് അവര്‍ സ്വയം അന്വേഷിക്കേണ്ടതാണ്. ഇങ്ങനെയൊരു പരാതി കിട്ടിക്കഴിഞ്ഞാല്‍, ഇവിടെ മതസ്പര്‍ധയുണ്ടാക്കാതെ അവ കീറിക്കളയൂ എന്ന് ആവശ്യപ്പെടുകയല്ലേ പൊലീസ് ചെയ്യേണ്ടത്. അതിനുപകരം കന്യാസ്ത്രീ കൂടിയായ ആ അധ്യാപികയെ പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി മാപ്പ് പറയിപ്പിച്ചു.

മാപ്പ് പറയുന്നതിന്റെ വീഡിയോ എടുക്കാന്‍ അവസരമുണ്ടാക്കിക്കൊടുത്തു. ആ വീഡിയോ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാന്‍ പൊലീസ് സ്റ്റേഷന്‍ വേദിയാകുക എന്നുപറഞ്ഞാല്‍ ആ എസ്.എച്ച്.ഒ പിന്നീട് എങ്ങനെയാണ് തുടര്‍ന്ന് ജോലി ചെയ്യുകയെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഇടതുപക്ഷ സര്‍ക്കാര്‍ ഭരിക്കുന്ന കേരളമാണ് ഇതെന്നും നമ്മള്‍ മറന്നുപോകരുത്.”

ഓണമെന്ന കേരളീയരുടെ ദേശീയോത്സവത്തിന്റെ കോപ്പിറ്റെറ്റ് തങ്ങള്‍ക്ക് ലഭിച്ച പോലെയാണ് സംഘപരിവാര്‍ പ്രവര്‍ത്തിക്കുന്നതെന്നും ജോസഫ് സി മാത്യു പറഞ്ഞു. ‘സത്യത്തില്‍ കേരളം ലജ്ജിച്ച് തല താഴ്‌ത്തേണ്ട സംഭവമായിട്ടാണ് എനിക്കിത് തോന്നിയത്. ചവിട്ടേല്‍ക്കപ്പെടുന്നവന്റെ ആഘോഷമായി ഓണത്തെ ചൂണ്ടിക്കാണിച്ച അവര്‍ യേശു ക്രിസ്തുവിന്റെ ക്രൂശീകരണത്തെയും ഇതിനോട് ഉപമിച്ചു. മാത്രമല്ല സമാനമായ രീതിയില്‍ ശിക്ഷയേറ്റുവാങ്ങുന്നവരുടെ കൂട്ടത്തില്‍ മഹാത്മ ഗാന്ധിയുടെ മുതല്‍ ഇറോം ശര്‍മിളയുടെ വരെ പേരുകള്‍ അവര്‍ പറയുന്നുണ്ട്.

വളരെ മതേതരമായി ഓണത്തെക്കുറിച്ചുള്ള വീക്ഷണം പങ്കുവെച്ച അധ്യാപികക്കെതിരെ ഇവിടെയാരുടെയൊക്കെയോ മതവികാരം വ്രണപ്പെടുത്തി എന്നുപറഞ്ഞുകൊണ്ട് ഹിന്ദുമുന്നണി മുന്നോട്ടുവരികയാണ്. ഹിന്ദുക്കളുടെയും ഹിന്ദുദൈവങ്ങളെയും കോപ്പിറൈറ്റ് ഇവര്‍ ഏറ്റെടുത്ത പോലെയാണ് ഇവരുടെ നടപടികള്‍. എന്നുമാത്രമല്ല ഓണമെന്നുള്ള നമ്മുടെ ദേശീയോത്സവത്തിന്റെ കോപ്പിറൈറ്റ് ഇവര്‍ക്കാരോ നല്‍കിയ പോലെയാണ് പെരുമാറുന്നത്.’ ജോസഫ് മാത്യു പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Joseph C Mathew slams Christian Sabha, Kerala Police and Sangh Parivar in Kerala nun apologising for Onam wishes controversy