പൊലീസ് ആക്ട് ജനാധിപത്യവിരുദ്ധമാണെന്ന് മുഖ്യമന്ത്രിക്കും സി.പി.ഐ.എമ്മിനും അറിയാം, അതാണ് പ്രയോഗത്തില്‍ വരുമ്പോള്‍ സൂക്ഷിക്കാമെന്ന് പറയുന്നത്: ജോസഫ് സി. മാത്യു
Kerala News
പൊലീസ് ആക്ട് ജനാധിപത്യവിരുദ്ധമാണെന്ന് മുഖ്യമന്ത്രിക്കും സി.പി.ഐ.എമ്മിനും അറിയാം, അതാണ് പ്രയോഗത്തില്‍ വരുമ്പോള്‍ സൂക്ഷിക്കാമെന്ന് പറയുന്നത്: ജോസഫ് സി. മാത്യു
ന്യൂസ് ഡെസ്‌ക്
Sunday, 22nd November 2020, 3:34 pm

തിരുവനന്തപുരം: കേരള പൊലീസ് നിയമ ഭേദഗതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഷ്ട്രീയ നിരീക്ഷകനായ ജോസഫ് സി. മാത്യു. പൊലീസ് ഭേദഗതിക്കെതിരെ വ്യാപക വിമര്‍ശനമുയരുന്ന പശ്ചാത്തലത്തില്‍ വിശദീകരണക്കുറിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് ജോസഫ് സി. മാത്യു വിമര്‍ശനമുന്നയിച്ചത്. നിയമം ജനാധിപത്യ വിരുദ്ധമാണെന്ന് മുഖ്യമന്ത്രിക്കും സി.പി.ഐ.എം നേതൃത്വത്തിനും വ്യക്തമായി അറിയാമെന്നും അതുകൊണ്ടാണ് പ്രയോഗത്തില്‍ സൂക്ഷിക്കാമെന്ന വാദമുന്നയിക്കുന്നതെന്നും ജോസഫ് സി മാത്യു പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘വളരെ നിര്‍ഭാഗ്യകരമായ നടപടിയാണിത്. ഐ.ടി ആക്ട് 66എ രാജ്യം എങ്ങനെ ദുരുപയോഗം ചെയ്തു എന്ന് തിരിച്ചറിഞ്ഞതിന് ശേഷം സുപ്രീം കോടതി അത് ഭരണഘടനാവിരുദ്ധമാണെന്ന് വിധിക്കുകയും ആ ആക്ടിന് സമാനമായവ പൊലീസ് ആക്ടില്‍ നിന്നുപോലും നീക്കം ചെയ്യുകയുമായിരുന്നു.
അന്ന് സി.പി.ഐ.എമ്മും ഇടതുമുന്നണിയും 66 എക്കെതിരെ നിലപാടെടുത്തതാണ്. ഇപ്പോള്‍ ഈ കൊണ്ടുവന്നിരിക്കുന്ന ഭേദഗതി സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ എന്ന പേരിലാണ് അവതരിപ്പിക്കുന്നത്, പക്ഷെ അങ്ങനെ ഒരു പരാമര്‍ശം നിയമത്തിലില്ല. വളരെ സാമാന്യവത്കരിച്ചുകൊണ്ടാണ് നിയമം വന്നിരിക്കുന്നത്.

ആക്ട് അക്ഷരാര്‍ത്ഥത്തില്‍ ജനാധിപത്യവിരുദ്ധമാണ് എന്നതില്‍ മുഖ്യമന്ത്രിക്കോ സി.പി.ഐ.എമ്മിന്റെ കേന്ദ്ര നേതൃത്വത്തിനോ സംശയമില്ല. അവരിപ്പോഴും പറയുന്നത് അത് അത്തരത്തില്‍ ഉപയോഗിക്കില്ല, പ്രയോഗത്തില്‍ വരുമ്പോള്‍ സൂക്ഷിക്കുമെന്നാണ്. ആര് സൂക്ഷിക്കും? ഇപ്പോള്‍ ഭരണത്തിലിരിക്കുന്നവര്‍ സൂക്ഷിക്കുമെന്നാണോ അതോ എല്ലാകാലത്തും ഭരണത്തിലിരിക്കുന്നവര്‍ സൂക്ഷിക്കുമെന്നാണോ, എങ്ങനെയാണോ ഒരു പാര്‍ട്ടിക്ക് അത് പറയാനാകുക.

ഇതു നമ്മള്‍ പലതവണ നേരത്തെ കണ്ടതാണ്. അധികാരത്തിലിരിക്കുന്നവര്‍ക്ക് ഏത് വിധേനെയും ഉപയോഗിക്കാവുന്ന തരത്തില്‍ വളരെ ജനറിക് ആയി, സാമാന്യവത്കരിച്ചുകൊണ്ട്, എന്ത് തരത്തിലുള്ള എതിര്‍പ്പിനെയും അവസാനിപ്പിക്കാന്‍ വേണ്ടി നിയമമുണ്ടാക്കുക. അതിനുവേണ്ടി സ്ത്രീകള്‍ക്കെതിരെയുള്ള അധിക്ഷേപങ്ങളെയും സമൂഹം പൊതുവില്‍ തള്ളിക്കളയുന്ന കാര്യങ്ങളെയും മറയാക്കി ഉപയോഗിക്കുക.

സ്ത്രീകള്‍ക്കെതിരെയുള്ളതോ മറ്റു കുറ്റകൃത്യങ്ങളോ തടയാന്‍ ഇത് ഉപയോഗിക്കപ്പെടില്ല എന്നുള്ളതും എന്നാല്‍ അതേസമയം അധികാരത്തിലിരിക്കുന്നവര്‍ക്ക് എതിരെയുള്ള ഏത് അഭിപ്രായവ്യത്യാസത്തിനും തടയിടാന്‍ ഇത് ഉപയോഗിക്കുമെന്നുള്ളതും ഉറപ്പാണ്.

എന്താണ് ഈ നിയമത്തില്‍ കുറ്റകൃത്യമെന്ന് പറയുന്നത് ? വളരെ ജനറിക് ആയിട്ടാണ് ഇതില്‍ കുറ്റകൃത്യത്തെ കുറിച്ച് പറയുന്നത്. ആര്‍ക്കെങ്കിലും എതിരെ എന്തെങ്കിലും പറയുക, അപകീര്‍ത്തികരമെന്നു പറയുക, തെറ്റായ വിവരങ്ങളെന്ന് പറയുക, അതെല്ലാം വളരെ ആപേക്ഷികമായ കാര്യങ്ങളാണ്.

ഇനി ആരാണ് പരാതിക്കാരന്‍, ആരെകുറിച്ചാണോ പറയുന്നത് അവര്‍ തന്നെ പരാതി പറയണമെന്നില്ല, ആര്‍ക്കും പരാതി പറയാം. കോഗ്നിസിബിള്‍ ഒഫന്‍സ് എന്ന പേരില്‍ പൊലീസിന് നേരിട്ട് കേസെടുക്കാം. ഇത്തരത്തില്‍ കുറ്റമെന്താണെന്ന് നിര്‍വചിക്കാതെ അത് വ്യാഖ്യാനിക്കുള്ള അധികാരം അധികാരത്തിലിരിക്കുന്നവര്‍ക്ക് കൊടുത്തുകൊണ്ടുള്ള നിയമമാണിത്. ഇത് കരിനിയമമാണ്.

അത് അറിയാവുന്നതുകൊണ്ടാണ് ഇവരാരും നിയമത്തെ പ്രതിരോധിക്കാതെ അതിന്റെ പ്രയോഗത്തെ കുറിച്ച് പറയുന്നത്. പ്രയോഗത്തില്‍ വരുമ്പോള്‍ സൂക്ഷിക്കാമെന്ന് പറയുന്നത്. ഞങ്ങളില്‍ വിശ്വസിക്കൂ എന്ന് ദൈവ വിശ്വാസം പോലെ ആവശ്യപ്പെടുകയാണ്. അല്ലാതെ നിയമത്തെ വ്യാഖ്യാനിക്കാനോ അത് ഭരണഘടനാനുസൃതമാണെന്ന് പറയാന്‍ പോലും അവര്‍ മെനക്കെടുന്നില്ല.

സ്ത്രീകള്‍ക്കെതിരായ അധിക്ഷേപമാണ് കുറ്റകൃത്യമെങ്കില്‍ അത് നേരിടാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍, അതിനുവേണ്ടി കൃത്യമായി നിയമവ്യവസ്ഥ എ.പി.സിയിലും സി.ആര്‍.പി.സിയിലും ഉണ്ടാക്കണം. അതല്ലാതെ ഈ മാധ്യമത്തിലൂടെ പറഞ്ഞാല്‍ കുറ്റകൃത്യമാണെന്ന് പറയുന്നത് തന്നെ തെറ്റാണ്. സൈബറിന് മാത്രമായി പ്രത്യേകം നിയമം കൊണ്ടുവരുന്നത് തന്നെ അശാസ്ത്രീയമാണ്. ഒരാള്‍ക്ക് എതിരെ മൈക്ക് വെച്ച് പറയുന്നത് അധിക്ഷേപകരമല്ലെന്നും അതുതന്നെ ഡിജിറ്റല്‍ മാധ്യമത്തിലൂടെ പറഞ്ഞാല്‍ അധിക്ഷേപകരമാണെന്നും പറയുന്നതില്‍ യുക്തിയില്ല.

എന്താണോ കുറ്റകൃത്യം അത് നിര്‍വചിക്കുകയും ഇന്ത്യന്‍ ശിക്ഷാനിയമമനുസരിച്ച് അത് കുറ്റകരമാണെന്നും അതിനുള്ള ശിക്ഷ ഇതാണെന്നും നിയമനിര്‍മാണ സഭ വഴി പാസാക്കുകയും വേണം. അതിനുശേഷം ഏത് മാധ്യമത്തിലൂടെയാണ് ആ കുറ്റകൃത്യം ചെയ്തത് ആ മാധ്യമത്തില്‍ നിന്നും ഇന്ത്യന്‍ എവിഡന്‍സ് ആക്ട് പ്രകാരം സൈബര്‍ വിഭാഗം തെളിവുകള്‍ ശേഖരിക്കട്ടേ. അതാണ് ചെയ്യേണ്ടത്.

ഇന്നത്തെ കാലത്ത് എല്ലാ കമ്മ്യൂണിക്കേഷനും ഡിജിറ്റലാണ്. മുഖ്യധാര മാധ്യമങ്ങളുടെയും അല്ലാത്തവരുടേയുമൊക്കെ. അപ്പോഴാണ് സമൂഹം തള്ളിക്കളയുന്ന ചില കാര്യങ്ങളെ മറയാക്കികൊണ്ട്, കൊണ്ടുവരുന്ന എല്ലാ നിയമങ്ങളും ഡിജിറ്റല്‍ പ്ലാറ്റഫോമുകള്‍ക്കെതിരെ ഉപയോഗിക്കുന്നത്.

അതിന്റെ മറവില്‍ ഒരു ഡിജിറ്റല്‍ നിയമം കൊണ്ടുവരിക, അതിന്റെ വാക്കുകള്‍ തികച്ചും സാമാന്യവത്കരിച്ചു വെക്കുക. അതിനുശേഷം അത് പ്രയോഗത്തില്‍ വരുത്തുമ്പോള്‍ അധികാരത്തിലിരിക്കുന്നവര്‍ക്ക് അനിഷ്ടം തോന്നുന്നത് പറയുന്നവര്‍ക്കെതിരെ മാത്രം ഉപയോഗിക്കുക.

യു.പി.എ സര്‍ക്കാരിന്റെ കാലത്തും എന്‍.ഡി.എ സര്‍ക്കാരിന്റെ കാലത്തും അത് അങ്ങനെയായിരുന്നു. ഇതുവരെ കേന്ദ്രമായിരുന്നു ഇത്തരം നിയമങ്ങളുണ്ടാക്കിയിരുന്നതെങ്കില്‍ ഇപ്പോള്‍ സംസ്ഥാനങ്ങളും അത് തന്നെ ശ്രമിക്കുന്നു. ഇടതുപക്ഷവും അതുതന്നെ ചെയ്യുന്നുള്ളുവെന്നത് വളരെ വളരെ നിര്‍ഭാഗ്യകരമാണ്. സംസാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണ്.’ ജോസഫ് സി മാത്യു വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന പൊലീസ് നിയമ ഭേദഗതിയ്ക്ക് അനുമതി നല്‍കിയത്. പൊലീസ് നിയമത്തില്‍ 118 എ എന്ന വകുപ്പ് കൂട്ടിച്ചേര്‍ത്താണ് ഭേദഗതി ചെയ്തിരിക്കുന്നത്.

ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്തുന്നതിനോ അപമാനിക്കുന്നതിനോ അപകീര്‍ത്തിപ്പെടുത്തുന്നതിനോ ലക്ഷ്യമിട്ട് ഏതെങ്കിലും തരത്തിലുള്ള വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിര്‍മിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് 3 വര്‍ഷം വരെ തടവോ 10,000 രൂപ വരെ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ വിധിക്കുന്നതിനുള്ള വ്യവസ്ഥയാണ് വകുപ്പിലുള്ളത്.

2000ത്തിലെ ഐ.ടി ആക്ടിലെ 66എ വകുപ്പും 2011 ലെ കേരള പൊലീസ് ആക്ടിലെ 118(ഡി) വകുപ്പും അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരാണെന്ന് കാണിച്ച് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഇതിന് പകരം സുപ്രീം കോടതി മറ്റു നിയമങ്ങളൊന്നും കൊണ്ട് വന്നിരുന്നില്ല. ഇതിനെ നേരിടാന്‍ കഴിയാത്ത സാഹചര്യമുണ്ടാക്കിയെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ഭേദഗതി.

ഭേദഗതിക്കെതിരെ നിരവധി കോണുകളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. രണ്ട് ആളുകള്‍ ചായക്കടയിലിരുന്ന് പരദൂഷണം പറഞ്ഞാല്‍ ജാമ്യമില്ലാതെ പിടിച്ച് അകത്തിടാനുള്ള കരിനിയമമാണ് മന്ത്രിസഭ അംഗീകരിച്ചതെന്നായിരുന്നു അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍ പറഞ്ഞത്.

നിയമത്തെ വിമര്‍ശിച്ച് രംഗത്തെത്തിയ അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞത് ഇത് നിര്‍ദ്ദയവും വിമതശബ്ദങ്ങളെ നിഅടിച്ചമര്‍ത്തുന്നതാണെന്നുമായിരുന്നു. ഐടി ആക്ടില്‍ നിന്ന് ഒഴിവാക്കിയ സെക്ഷന്‍ 66 (എ)യ്ക്ക് സമാനമാണ് ഇപ്പോള്‍ കൊണ്ടു വന്നിരിക്കുന്ന നിയമമെന്നും അദ്ദേഹം പറഞ്ഞു.

പൊലീസ് ആക്ടില്‍ ആശങ്കക്ക് അടിസ്ഥാനമില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്തകുറിപ്പിലൂടെ വിശദീകരണം നല്‍കിയത്.
ഏതെങ്കിലും തരത്തിലുള്ള സ്വതന്ത്രമായ അഭിപ്രായ സ്വാതന്ത്ര്യത്തിനോ നിഷ്പക്ഷ മാധ്യമപ്രവര്‍ത്തനത്തിനോ എതിരായി നിയമം ഉപയോഗിക്കപ്പെടില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞു.

സോഷ്യല്‍ മീഡിയയിലെ ചില വ്യക്തിഗത ചാനലുകളുടെ അതിരുവിട്ട ദുരുപയോഗം തടയാനും സ്ത്രീകള്‍, ട്രാന്‍സ്ജെന്‍ഡര്‍ തുടങ്ങിയവരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ സംരക്ഷിക്കാനുമാണ് ഇത് നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ഈ ഭേദഗതി സംബന്ധിച്ച് ഉയര്‍ന്നു വരുന്ന ക്രിയാത്മകമായ അഭിപ്രായങ്ങളെയും നിര്‍ദ്ദേശങ്ങളെയും സര്‍ക്കാര്‍ പരിഗണിക്കുമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Joseph C Mathew criticises Kerala Police Act, CM Pinarayi Vijayan and CPIM