എഡിറ്റര്‍
എഡിറ്റര്‍
തെറ്റയിലിനെതിരായ കേസ്: ലാപ്‌ടോപ്പും വെബ്ക്യാമറയും കാണാനില്ല
എഡിറ്റര്‍
Friday 28th June 2013 10:45am

jose-thettayil

തിരുവനന്തപുരം: മുന്‍ ഗതാഗത വകുപ്പ് മന്ത്രിയും ജനതാദള്‍ (എസ്) എം.എല്‍.എയുമായ ##ജോസ് തെറ്റയിലിനെതിരായ ലൈംഗികരോപണ കേസിലെ നിര്‍ണായക തെളിവുകള്‍ കാണാനില്ല.

തെറ്റയിലിന്റെ ദൃശ്യങ്ങള്‍ സൂക്ഷിച്ചിരുന്ന ലാപ്‌ടോപും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച വെബ്ക്യാമറയുമാണ് കാണാതായിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിലാണ് യുവതി  ഇക്കാര്യം അറിയിച്ചത്.

Ads By Google

ലാപ്‌ടോപ്പും വെബ് ക്യാമറയും യുവതി കൈമാറയിട്ടില്ലെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. എഡിറ്റ് ചെയ്ത ദൃശ്യങ്ങളാണ് യുവതി ഹാജരാക്കിയതെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

നിര്‍ണ്ണായക തെളിവുകള്‍ ലഭിക്കാത്തതോടെ തെറ്റയിലെനെതിരായ കേസന്വേഷണം ഏകദേശം വഴിമുട്ടിയ അവസ്ഥയിലാണ്. അന്വേഷണത്തിന് യുവതിയില്‍ നിന്നും ശരിയായ സഹകരണം ലഭിക്കുന്നില്ലെന്നും അന്വേഷണ സംഘം പറയുന്നു.

അന്വേഷണ സംഘത്തിലെ ഏറ്റവും വിശ്വാസമുളള വനിതാ ഉദ്യോഗസ്ഥയ്ക്ക് തെളിവുകള്‍ കൈമാറാമെന്നാണു നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലില്‍ ആവര്‍ത്തിച്ചു ചോദിച്ചപ്പോള്‍ അവ നഷ്ടപ്പെട്ടതായി യുവതി പറയുകയായിരുന്നു.

എഡിറ്റ് ചെയ്ത ദൃശ്യങ്ങള്‍ അടങ്ങിയ സി.ഡിയാണ് യുവതി പൊലീസിന് കൈമാറിയിരുന്നത്.  ഇത് സംബന്ധിച്ച് സ്ഥിരീകരണം ലഭിക്കാന്‍ കൂടുതല്‍ ശാസ്ത്രീയ പഠനങ്ങള്‍ ആവശ്യമാണ്. യഥാര്‍ഥ സിഡി കൈമാറാനും യുവതി തയാറായിരുന്നില്ല.

തനിക്കെതിരെ ലൈംഗിക ആരോപണം ഉന്നയിക്കപ്പെട്ടപ്പോള്‍ തന്നെ പുറത്ത് വന്ന ദൃശ്യങ്ങള്‍ മോര്‍ഫ് ചെയ്തതാണെന്ന വാദവുമായി ജോസ് തെറ്റയില്‍ രംഗത്തു വന്നിരുന്നു. ഇത് സംബന്ധിച്ചും ഇതുവരെ സ്ഥിരീകരണം നല്‍കാന്‍ പോലീസിന് ആയിട്ടില്ല.

വെബ്ക്യാമറ സ്ഥാപിക്കാന്‍ കൊച്ചിയിലെ ഒരു സ്ഥാപനത്തിന്റെ സഹായം തേടിയതായി യുവതി നേരത്തെ മൊഴി നല്‍കിയിരുന്നു.
കേസിലെ നിര്‍ണായക തെളിവുകളായ ലാപ് ടോപും ക്യാമറയും ലഭിക്കേണ്ടത് അന്വേഷണത്തെ മുന്നോട്ടു നയിക്കാന്‍ അത്യന്താപേക്ഷിതമാണ്.

Advertisement