ഷക്കീലയുടെ പേരുപയോഗിച്ച് ഹേറ്റ് ക്യാമ്പെയിനാരംഭിച്ച ഒമര്‍ ലുലു തന്റെ സിനിമയുടെ പ്രൊമോഷന്‍ ഈസിയായി നടത്തി
DISCOURSE
ഷക്കീലയുടെ പേരുപയോഗിച്ച് ഹേറ്റ് ക്യാമ്പെയിനാരംഭിച്ച ഒമര്‍ ലുലു തന്റെ സിനിമയുടെ പ്രൊമോഷന്‍ ഈസിയായി നടത്തി
ജോമോള്‍ ജോസഫ്
Sunday, 20th November 2022, 6:48 pm

ഷക്കീലയെ അപമാനിച്ചു പോലും ആര്? ഇന്നലെ മുതല്‍ ചാനലുകളിലും സോഷ്യല്‍ മീഡിയ പ്രൊഫൈലുകളിലും യൂട്യൂബ് ചാനലുകളിലുമൊക്കെ കത്തിപടര്‍ന്ന വാര്‍ത്തയാണ്, ഒരു സിനിമയുടെ പ്രൊമോഷന് വേണ്ടി കോഴിക്കോട് ഹൈലൈറ്റ് മാളില്‍ വരാനിരുന്ന ഷക്കീലയെ ഹൈലൈറ്റ് മാള്‍ അധികൃതര്‍ പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്നും തടഞ്ഞു എന്ന വാര്‍ത്ത..

വാര്‍ത്ത കേട്ടതും അതിന്റെ ശരിതെറ്റുകള്‍ പോലും അന്വേഷിക്കാതെ ഹൈലൈറ്റ് മാളിനെതിരെ വലിയ അട്ടഹാസവും, ഷക്കീലക്ക് ഒപ്പം എന്ന പോസ്റ്റുകളും വാര്‍ത്തകളും ഒക്കെയായി ആകെമൊത്തം ജഗപൊക.

(A പടത്തില്‍ അഭിനയിച്ച സിനിമകള്‍ക്ക് വിലക്കില്ല, നായികക്ക് വിലക്ക്
സണ്ണി ലിയോണിന് ഇല്ലാത്ത എന്താണ് ഷക്കീലക്ക് കുറവായി ഉള്ളത്
മലയാളികള്‍ ആകെമൊത്തം പൊട്ടിത്തെറിച്ചു.. )

ഹൈലൈറ്റ് മാളില്‍ പ്രൊമോഷന്‍ നിശ്ചയിച്ചിരുന്ന ആ സിനിമയുടെ സംവിധായകന്‍ ഒമര്‍ ലുലു ആണെന്ന് കേട്ടപ്പോള്‍, ഈ വാര്‍ത്താ കോലാഹലം കണ്ടപ്പോള്‍ (ഈ എനിക്ക്) വലിയ അത്ഭുതമൊന്നും തോന്നിയില്ല. കാരണം വിശദീകരിക്കാം, അതിനു മുന്നേ ഒമര്‍ ലുലുവിനോട് ചില ചോദ്യങ്ങള്‍..

1. ഹൈലൈറ്റ് മാളില്‍ സിനിമ പ്രൊമോഷന്‍ പ്ലാന്‍ ചെയ്തപ്പോള്‍, ഷക്കീലയാണ് ചീഫ് ഗസ്റ്റായി വരുന്നത് എന്ന് ഒമര്‍ ലുലുവോ അയാളുമായി ബന്ധപ്പെട്ട ആരെങ്കിലുമൊ മാള്‍ അധികൃതകരെ അറിയിച്ചിരുന്നോ?

2. കുറച്ചാഴ്ചകള്‍ക്ക് മുന്നേ ഇതേ മാളില്‍ വെച്ച് നടന്ന മറ്റൊരു സിനിമയുടെ പ്രൊമോഷന്‍ന്റെ ഭാഗമായി തടിച്ചുകൂടിയ ആളുകള്‍ക്കിടയില്‍ യുവ നടികള്‍ക്ക് സുരക്ഷ ഒരുക്കാന്‍ കഴിയാതെ വരികയും നടികള്‍ക്ക് നേരെ ശാരീരകമായ കയ്യേറ്റം വരെ ഉണ്ടാകുകയും ചെയ്തത് ഒമര്‍ ലുലു അറിയാത്തതാണോ, അറിയാത്ത ഭാവം നടിക്കുകയാണോ?

3. അന്നത്തെ സംഭവത്തിന് ശേഷം സെലിബ്രിറ്റീസ് പങ്കെടുക്കുന്ന ചടങ്ങില്‍ ആവശ്യമായ സുരക്ഷാ സംവിധാനം ഉറപ്പുവരുത്തണം എന്ന് പൊലീസ് അധികാരികള്‍ ശക്തമായ നിര്‍ദ്ദേശം മാള്‍ അധികൃതര്‍ക്ക് നല്‍കിയിട്ടുണ്ട് എന്നതും സോഷ്യല്‍ മീഡിയയില്‍ ഉണ്ടുറങ്ങുന്ന ഒമര്‍ ലുലു അറിയാതെ പോയതാണോ?

4. ഒമര്‍ ലുലു സംഘടിപ്പിക്കുന്ന സിനിമയുടെ പ്രൊമോഷനില്‍ ഷക്കീലയാണ് പങ്കെടുക്കുന്നത് എന്ന വിവരം മാള്‍ അധികൃതരെ ഒമര്‍ ലുലു അറിയിച്ചതാണോ അതോ പുറമേ നിന്നും വിവരം അരിഞ്ഞ മാള്‍ അധികൃതര്‍ ഒമര്‍ ലുലുവിനോട് ചോദിച്ച് ഉറപ്പു വരുത്തിയതാണോ? ഷക്കീല പങ്കെടുക്കുന്നു അല്ലേല്‍ സെലിബ്രിറ്റികള്‍ ആരൊക്കെ പങ്കെടുക്കുന്നു എന്ന് മാള്‍ അധികൃതരെ ഒമര്‍ ലുലു അറിയിച്ചിരുന്നോ?

ഒരു സെലിബ്രിറ്റി പോലും പങ്കെടുക്കുന്നില്ല എന്നാണ് സ്ഥലം ബുക്ക് ചെയ്തപ്പോള്‍ മുതല്‍ അവസാന നിമിഷംവരെ ഒമര്‍ ലുലു മാള്‍ അധികൃതരോട് പറഞ്ഞിരുന്നത്. ഒമര്‍ ലുലുവോ അയാളുമായി ബന്ധപ്പെട്ടവരോ എന്തിനാണ് ഇങ്ങനെയൊരു കളവ് മാള്‍ അധികൃതരോട് പറഞ്ഞത്?

5. ഷക്കീലയെ പോലെ ലക്ഷക്കണക്കിന് ആരാധകരുള്ള നടി ഒമര്‍ ലുലു സംഘടിപ്പിക്കുന്ന സിനിമ പ്രൊമോഷനില്‍ പങ്കെടുക്കുമ്പോള്‍, അവര്‍ക്കാവശ്യമായ എന്ത് സുരക്ഷാ സംവിധാനമാണ് പരിപാടിയുടെ സംഘാടകനായ ഒമര്‍ ലുലു അവിടെ ഒരുക്കിയിരുന്നത്?

6. ഏത് സ്വകാര്യ സുരക്ഷാ ഏജന്‍സിക്ക് ആയിരുന്നു ആ പരിപാടിയില്‍ പങ്കെടുക്കുന്ന ഷക്കീലയുടെ സുരക്ഷാ ചുമതല?

7. കോഴിക്കോട് നഗരത്തിലെ പൊലീസ് സംവിധാനത്തെ ഈ പരിപാടിയുടെ ഡീറ്റെയില്‍സ് അറിയിക്കുകയോ, ആവശ്യമായ സുരക്ഷ പൊലീസില്‍ നിന്നും ആവശ്യപ്പെടുകയോ ഒമര്‍ ലുലു ചെയ്തിരുന്നോ?

എന്റെ അറിവില്‍ അവസാന നിമിഷം മാത്രമാണ് ഒമര്‍ ലുലു നടത്തുന്ന സിനിമ പ്രൊമോഷനില്‍ ഷക്കീല പങ്കെടുക്കുന്നു എന്ന വിവരം മാള്‍ അധികൃതര്‍ പോലും അറിഞ്ഞതും(ഷക്കീല സിനിമ പ്രൊമോഷന് വേണ്ടി ഹൈലൈറ്റ് മാളില്‍ വരുന്നു എന്ന അവരുടെ വീഡിയോ ഇന്‍സ്റ്റയില്‍ ആരോ ഷെയര്‍ ചെയ്തത് മാള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെട്ടപ്പോള്‍ മാത്രം) ഒമര്‍ ലുലുവിനോട് അതിനെ കുറിച്ച് മാള്‍ അധികൃതര്‍ ചോദിച്ചതും ഒമര്‍ ലുലു അത് അംഗീകരിക്കുന്നതും..

എന്നിട്ടും അവസാന നിമിഷം പോലും മാള്‍ അധികൃതര്‍ പൊലീസിനെ ബന്ധപ്പെടുകയും, വേണ്ടത്ര സുരക്ഷ ഒരുക്കാനുള്ള സമയം ഇല്ല എന്ന് പൊലീസ് പോലും അറിയിക്കുകയും ചെയ്തശേഷമാണ് ഷക്കീലയെ പങ്കെടുപ്പിച്ചാല്‍ ഷക്കീലക്ക് വേണ്ടത്ര സുരക്ഷ ഒരുക്കാന്‍ ബുദ്ധിമുട്ടാണ് എന്നും, ഷക്കീലയെ പങ്കെടുപ്പിക്കുന്നു എങ്കില്‍ അവര്‍ക്കായി പ്രൈവറ്റ് ഏജന്‍സിയുടെ സുരക്ഷ മാള്‍ ഒരുക്കും എന്നും അതിന്റെ ചെലവ് ഒമര്‍ ലുലു വഹിക്കണം എന്നുമുള്ള വിവരം ഒമര്‍ ലുലുവിനെ മാള്‍ അധികൃതര്‍ അറിയിക്കുന്നത്.. അപ്പോള്‍ ചെലവ് വഹിക്കാന്‍ കഴിയില്ല എന്ന് പറഞ്ഞു പരിപാടി ഡ്രോപ്പ് ചെയ്തത് നിങ്ങള്‍ തന്നെയല്ലേ ഒമര്‍ ലുലു അണ്ണാ?

ഇനി ഒമര്‍ ലുലുവിന്റെ കൂടെ കൂടി, ഷക്കീലക്ക് വേണ്ടി നിലകൊണ്ട നിങ്ങള്‍ പറയൂ; ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ യാതൊന്നും ഒരുക്കാതെ, പൊലീസില്‍ പോലും ഇന്‍ഫോം ചെയ്യാതെ ഷക്കീലയെ പോലൊരു നടിയെ ആരാധകര്‍ക്ക് നടുവിലേക്ക് ഇട്ടുകൊടുത്ത് അവരുടെ ജീവന് പോലും ഭീഷണി വന്നേക്കാവുന്ന സാഹചര്യത്തില്‍ ഒരു സിനിമയുടെ പ്രൊമോഷന്‍ പ്ലാന്‍ ചെയ്തത് ഭൂലോക ഫ്രോഡ് ആയ ഒമര്‍ ലുലു അല്ലേ?

എന്നിട്ട് ഹൈ ലൈറ്റ് മാളിനെതിരെ ഷക്കീലയുടെ പേരുപയോഗിച്ച് ഹേറ്റ് ക്യാമ്പയിന്‍ ആരംഭിക്കുകയും അതിനിടയിലൂടെ തന്റെ സിനിമയുടെ പ്രൊമോഷന്‍ ഈസിയായി നടത്തിയെടുക്കുകയും, ഈ നാട്ടിലെ സകല ന്യൂസ് ചാനലുകളിലും വാര്‍ത്ത ആക്കുകയും ചെയ്ത ഒമര്‍ ലുലു തന്നെയല്ലേ ഷക്കീലയെ അപമാനിച്ചത്?
അല്ലെടെ ഒമര്‍ ലുലു, നീ ആ പാവം ഷക്കീലക്ക് വല്ല കാശും കൊടുത്തോ അതോ പരിപാടി ക്യാന്‍സല്‍ ആയല്ലോ എന്നും പറഞ്ഞു അവരെ വെറും കയ്യോടെ പറഞ്ഞയച്ചൊ? അതോ ഒരു കേക്ക് കട്ടിങ്ങില്‍ തീര്‍ത്തോ ആ പാവത്തിനുള്ള പ്രതിഫലം?

എന്തിനെടെ ഒമര്‍ ലുലൂ ഇമ്മാതിരി ഫ്രോഡ് പണികള് ചെയ്‌തോണ്ട് ഈ നാടിന്റെ പേര് കളയാനായി കോഴിക്കോട്ടേക്ക് വെച്ച് പിടിച്ചത്? എന്തിനാടെ ഒമര്‍ ലുലൂ ആ പാവം ഷക്കീലയെ വെടക്കാക്കി തനിക്കാക്കുന്നത്?

നിന്റെ സിനിമക്ക് A സര്‍ട്ടിഫിക്കറ്റ് കിട്ടി എന്നതിന് പഴയ A പടങ്ങളിലെ നായിക (എന്റെ ഇഷ്ട നടികളില്‍ ഒരാള്‍ കൂടി ആയ) എന്ത് പിഴച്ചടോ ഉവ്വേ? ഫ്രോഡ് പണികള് നിര്‍ത്തി ഡീസെന്റ് ആകെടെ..

അതെങ്ങനെ, കൂടെയുള്ളതും, കൂടെ കൂടിയതും ഫ്രോഡ്കളാകുമ്പോ ‘എങ്ങനെടെ ലുലൂ അനക്ക് ഡീസെന്റ് ആകാന്‍ കഴിയുന്നെ അല്ലേ’. ഇനിയെങ്കിലും ആ പാവം ഷക്കീലയെ വിറ്റു ജീവിക്കാതെ, സ്വന്തം കായ്മുടക്കി സിനിമയുടെ പ്രൊമോഷന്‍ ചെയ്യടെ പയലേ..

ഓഫ് ടോപ്പിക്ക്

പാക്കിസ്ഥാന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് മാച്ചില്‍ ഇംഗ്ലണ്ട് ജയിക്കും എന്ന് 5 ലക്ഷം രൂപക്ക് ബെറ്റ് വെച്ച് നിന്നെ തോല്‍പിച്ച കോഴിക്കോട് ബേപ്പൂരേ ആ പാവം പയ്യനെ വെച്ചും നീ ഗംഭീര പ്രൊമോഷന്‍ നടത്തിയത് കണ്ടാരുന്നു. ആ പയ്യന് അഞ്ച് ലക്ഷം പോയിട്ട് അഞ്ച് രൂപ നീ കൊടുത്താരുന്നോടെ?
ഇല്ലെന്നാണ് എന്റെ അറിവ്..

അപ്പോള്‍ കോഴിക്കോട്ടുകാരെ മുഴുവനും നീയ് മണ്ടന്മാരായാണോ കണ്ടേ? അതും പോരാഞ്ഞു നീയ് ഷക്കീലേനേം പറ്റിച്ചു, ആ പേരില്‍ കോഴിക്കോട്ടെ ഷക്കീല ചേച്ചി ഫാന്‍സിനെ മുഴുവനും നീയ് വിളിച്ചു വരുത്തി അപമാനിച്ചു, അവരുടെ പേരും പറഞ്ഞു മലയാളികളെ മുഴുവനും പറ്റിക്കുവാണോടെ?
ഓരോരോ പയല്കള്.. ഉള്ളുപ്പില്ലെല്‍ പിന്നെ എന്നാ പറയാനാ.. അവന്റെയൊക്കെ ഒരു അളിഞ്ഞ സിനിമാ പ്രൊമോഷന്‍..

CONTENT HIGHLIGHT:  Jomol Joseph’s write about omar lulu’s film premonition HiLITE Mall