ജോസഫിന്റെയും നായാട്ടിന്റെയും തനിയാവര്‍ത്തനം; ജോജുവെന്ന പെര്‍ഫോമറുടെ ഇരട്ട
Film News
ജോസഫിന്റെയും നായാട്ടിന്റെയും തനിയാവര്‍ത്തനം; ജോജുവെന്ന പെര്‍ഫോമറുടെ ഇരട്ട
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 4th February 2023, 11:32 am

ജോജു ജോര്‍ജിനെ കേന്ദ്രകഥാപാത്രമാക്കി എം.ജി. കൃഷ്ണന്‍ സംവിധാനം ചെയ്ത ഇരട്ട തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ഇടുക്കിയിലെ ഒരു പൊലീസ് സ്റ്റേഷനില്‍ അപ്രതീക്ഷിതമായി സംഭവിക്കുന്ന മരണത്തെ കേന്ദ്രീകരിച്ചാണ് സിനിമ മുന്നോട്ട് സഞ്ചരിക്കുന്നത്.

വിനോദ്, പ്രമോദ് എന്നീ ഇരട്ടകളായ പൊലീസുകാരുടെ കഥയാണ് ഇരട്ട. ഒരു ദിവസത്തെ കഥയാണ് ചിത്രം പറയുന്നതെങ്കിലും ഫ്‌ളാഷ് ബാക്കിലൂടെ ഇരുവരുടെയും കുട്ടിക്കാലം മുതലുള്ള കഥ കാണിക്കുന്നുണ്ട്.

വിനോദ്, പ്രമോദ് എന്നീ ഇരട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചത് ജോജു ജോര്‍ജാണ്. രണ്ട് കഥാപാത്രങ്ങളായുള്ള ജോജുവിന്റെ പെര്‍ഫോമന്‍സ് തന്നെയാണ് ഇരട്ടയുടെ നെടുംതൂണ്‍. രണ്ട് വ്യത്യസ്ത ധ്രുവങ്ങളില്‍ നില്‍ക്കുന്ന കഥാപാത്രങ്ങളാണ് വിനോദും പ്രമോദും. അതും വളരെ കണ്‍വിന്‍സിങ്ങായി, രണ്ട് പേരുടെയും പെരുമാറ്റവും മാനറിസവുമെല്ലാം ഒരു ചിത്രത്തില്‍ ഒരാള്‍ തന്നെ അവതരിപ്പിക്കുക എന്ന് പറയുന്നത് ശ്രമകരമാണ്. എന്നാല്‍ അതിന്റെ ആയാസങ്ങളൊന്നുമില്ലാതെ രണ്ട് വ്യക്തിളാണ് വിനോദും പ്രമോദും എന്ന തോന്നല്‍ പ്രേക്ഷകരില്‍ ജനിപ്പിക്കാന്‍ ജോജുവിന് കഴിഞ്ഞു.

പ്രമോദ് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഉന്നതസ്ഥാനത്തിരിക്കുമ്പോള്‍ വിനോദ് അദ്ദേഹത്തിന്റെ കീഴുദ്യോഗസ്ഥനാണ്. പ്രൊമോദ് ഉദ്യാഗത്തിലും സഹപ്രവര്‍ത്തകരോടുമുള്ള പെരുമാറ്റത്തില്‍ മാതൃകയാവുമ്പോള്‍ വിനോദ് നേരെ തിരിച്ചാണ്. ഭാര്യയെ ഉപദ്രവിച്ചിരുന്ന ഭൂതകാലമാണ് അദ്ദേഹത്തിന്റെ ഒരു ഡീമെറിറ്റായി പറയാന്‍ സാധിക്കുന്നത്. വിനോദിലേക്ക് വന്നാല്‍ ചെറിയ മക്കളെ പോലും അദ്ദേഹത്തെ ഏല്‍പ്പിച്ച് പോകാന്‍ സഹപ്രവര്‍ത്തകര്‍ക്ക് ഭയമാണ്.

അതേസമയം തന്നെ രണ്ട് എക്‌സ്ട്രീം ലെവലിലുള്ള കഥാപാത്രങ്ങളെ വെറുതെ അവതരിപ്പിക്കുന്നതിന് പുറമേ ഇരുവര്‍ക്കും ബാക്‌സ്റ്റോറീസ് കൊടുത്തിട്ടുമുണ്ട് ചിത്രം. ഒരു വ്യക്തിയേയും അയാളുടെ സ്വഭാവത്തേയും പെരുമാറ്റത്തേയും രൂപപ്പെടുത്തുന്നതില്‍ ബാല്യകാലത്തെ അനുഭവങ്ങള്‍ എങ്ങനെ സ്വാധീനിക്കുന്നു എന്ന് ചിത്രം പറഞ്ഞുതരുന്നുണ്ട്.

വിനോദും പ്രമോദും ജോജുവിന്റെ കയ്യില്‍ ഭദ്രമായിരുന്നു. ചില രംഗങ്ങളില്‍ ഡയലോഗിന്റെ സഹായമില്ലാതെ ചെറിയ നോട്ടത്തിലൂടെ പോലും തീവ്രമായ വികാര ഭാവങ്ങള്‍ പ്രതിഫലിപ്പിക്കാന്‍ ജോജുവിന് കഴിയുന്നുണ്ട്. ജോസഫിലും നായാട്ടിലും പുറത്തെടുത്ത അഭിനയ പ്രതിഭ ഇരട്ടയിലും ആവര്‍ത്തിക്കുന്നതില്‍ ജോജു വിജയിച്ചിട്ടുണ്ട്.

Content Highlight: joju george perfomance in iratta