പൊതുപ്രവര്‍ത്തക ജബീന ഇര്‍ഷാദിനെതിരെ സംഘപരിവാറിന്റെ ബലാത്സംഗ ഭീഷണി; നടപടി ആവശ്യപ്പെട്ട് സാംസ്‌കാരിക പ്രവര്‍ത്തകര്‍
Kerala News
പൊതുപ്രവര്‍ത്തക ജബീന ഇര്‍ഷാദിനെതിരെ സംഘപരിവാറിന്റെ ബലാത്സംഗ ഭീഷണി; നടപടി ആവശ്യപ്പെട്ട് സാംസ്‌കാരിക പ്രവര്‍ത്തകര്‍
ന്യൂസ് ഡെസ്‌ക്
Saturday, 17th October 2020, 4:57 pm

കോഴിക്കോട്: പൊതുപ്രവര്‍ത്തകയും വിമന്‍ ജസ്റ്റിസ് സംസ്ഥാന അധ്യക്ഷയുമായ ജബീന ഇര്‍ഷാദിനെതിരെ സംഘപരിവാര്‍ ബലാത്സംഗ ഭീഷണി മുഴക്കി കത്തയച്ച സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തികരുടെ സംയുക്ത പ്രസ്താവന. ബലാത്സംഗ ഭീഷണി നടത്തിയ കുറ്റവാളികളെ ഉടന്‍ കണ്ടെത്തണമെന്നും പഴുതടച്ച അന്വേഷണത്തിലൂടെ മാതൃകാപരമായ കര്‍ശന ശിക്ഷ ഉറപ്പ് വരുത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

ജബീന ഇര്‍ഷാദിനെ പൊതുനിരത്തില്‍ ബലാത്സംഗം ചെയ്യുമെന്ന ഭീഷണി മുഴക്കിയും അസഭ്യം ചൊരിഞ്ഞും സ്ത്രീത്വത്തെ അവഹേളിച്ചും സംഘപരിവാര്‍ കത്ത് അയച്ചിരുന്നു. സ്ത്രീ അതിക്രമങ്ങള്‍ക്കെതിരെ ജനാധിപത്യപരമായി പ്രതിഷേധിക്കുന്നവരെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കുക എന്നതാണ് ഇത്തരം നീക്കങ്ങളുടെ പിന്നിലെന്നും സാംസ്‌കാരിക പ്രവര്‍ത്തകരുടെ സംയുക്ത പ്രസ്താവനയില്‍ പറയുന്നു.

പാലത്തായി, വാളയാര്‍,ഹാത്രാസ് വിഷയങ്ങളില്‍ ഇരകളുടെ നീതിക്കായി ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ത്തിയതാണ് ജബീന ഇര്‍ഷാദിനെപ്പോലുള്ള പെണ്‍ സാന്നിധ്യങ്ങളെ അവഹേളിക്കുവാനുള്ള സംഘപരിവാര്‍ ശ്രമത്തിനു പ്രേരകമെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു.

സംഘപരിവാര്‍ ക്രിമിനലുകള്‍ക്കൊപ്പം നില്‍ക്കാത്ത സ്ത്രീകളെയെല്ലാം ബലാത്സംഗ ഭീഷണികൊണ്ട് കീഴ്‌പെടുത്തിക്കളയാം എന്ന അവരുടെ വ്യാമോഹത്തിനും ആത്മവിശ്വാസത്തിനും കാരണം, പ്രതികളെ കയറൂരി വിടുന്ന സര്‍ക്കാര്‍ നയമാണ്. സ്ത്രീകള്‍ക്കുനേരെ അറപ്പുളവാക്കുന്ന ഭാഷ പ്രയോഗിക്കുകയും ഭീഷണിക്കത്തയക്കുകയും ചെയ്യുക എന്നത് സംഘപരിവാര്‍ വേട്ടക്കാരുടെ സ്ഥിരം നയമാണ്. കുറ്റവാളിയെ കണ്ടെത്തി അറസ്റ്റുചെയ്യുകയും കര്‍ശന നടപടി എടുക്കുകയും ചെയ്യുക എന്നത് സുരക്ഷിത കേരളം എന്ന് മേനി നടിക്കുന്ന സര്‍ക്കാരിന്റെ ബാധ്യതയാണ്. പൊതു ഇടങ്ങളില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു.

സംയുക്ത പ്രസ്താവനയില്‍ കെ. അജിത, കെ. അംബുജാക്ഷന്‍, സണ്ണി എം. കപിക്കാട്, കെ.കെ രമ, ഹമീദ് വാണിയമ്പലം, ഇ.സി ആയിഷ, ദീപ നിഷാന്ത്, പി. സുരേന്ദ്രന്‍, ലതികാ സുഭാഷ്, ഹമീദ് വാണിയമ്പലം, മൃദുലാ ദേവി, റഷീദ് മക്കട, ഡോ.ജെ ദേവിക തുടങ്ങി നിരവധി പേര്‍ ഒപ്പുവെച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Joint statemnet by social and cultural workers asks arrest of culprits who sent rape threat against  Jabeena Irshad