ഗവര്‍ണര്‍ നടപ്പാക്കുന്നത് സംഘപരിവാര്‍ അജണ്ട, എല്‍.ഡി.എഫ് പ്രക്ഷോഭം സംഘടിപ്പിക്കും; ഇടതുപാര്‍ട്ടികളുടെ സെക്രട്ടറിമാരുടെ സംയുക്ത വാര്‍ത്ത സമ്മേളനം
Kerala News
ഗവര്‍ണര്‍ നടപ്പാക്കുന്നത് സംഘപരിവാര്‍ അജണ്ട, എല്‍.ഡി.എഫ് പ്രക്ഷോഭം സംഘടിപ്പിക്കും; ഇടതുപാര്‍ട്ടികളുടെ സെക്രട്ടറിമാരുടെ സംയുക്ത വാര്‍ത്ത സമ്മേളനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 23rd October 2022, 2:16 pm

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ആഞ്ഞടിച്ച് സി.പി.ഐ.എം, സി.പി.ഐ സംസ്ഥാന സെക്രട്ടറിമാരുടെ സംയുക്ത വാര്‍ത്താസമ്മേളനം. ഗവര്‍ണര്‍ നടപ്പാക്കുന്നത് സംഘപരിവാര്‍ അജണ്ടയാണെന്നെന്ന് സി.പി.ഐ.ഐ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

ഗവര്‍ണര്‍ ഇല്ലാത്ത അധികാരമാണ് ഉപയോഗിക്കുന്നതെന്നും ഗവര്‍ണര്‍ കോടതി ആകേണ്ടെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ചാന്‍സലര്‍ പദവി ദുരുപയോഗം ചെയ്യുകയാണ്. ഗവര്‍ണറുടെ വഴിവിട്ട നീക്കങ്ങള്‍ക്കെതിരെ എല്‍.ഡി.എഫ് പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും നേതാക്കള്‍ അറിയിച്ചു.

നവംബര്‍ 15ന് രാജ്ഭവന്റെ മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കാനാണ് എല്‍.ഡി.എഫ് തീരുമാനം. മുഖ്യമന്ത്രിയടക്കമുള്ള മുതിര്‍ന്ന എല്‍.ഡി.എഫ് നേതാക്കള്‍ രാജ്ഭവന് മുന്നിലെ പ്രതിഷേധ ധര്‍ണയില്‍ പങ്കെടുക്കുമെന്ന് സി.പി.ഐ, സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഗവര്‍ണര്‍ സര്‍വകലാശാലകളുടെ സ്വയംഭരണം തകര്‍ക്കുകയാണ്. വി.സിമാരെ ഗവര്‍ണര്‍ നിരന്തരം ഭീഷണിപ്പെടുത്തുന്നു. സെനറ്റുകളില്‍ ആര്‍.എസ്.എസുകാരെ തിരുകിക്കയറ്റാന്‍ ശ്രമിക്കുകയാണ്. ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാനുള്ള ഇത്തരം നീക്കങ്ങളെ എല്‍.ഡി.എഫ് ചെറുക്കുമെന്നും നേതാക്കള്‍ അറിയിച്ചു.

ജനാധിപത്യ രീതിയിലൂടെ അധികാരത്തില്‍ വരാന്‍ കഴിയില്ല എന്ന് മനസിലാക്കിയ ശക്തികള്‍ ചാന്‍സലര്‍ പദവിയിലൂടെ വഴിവിട്ട നീക്കങ്ങള്‍ നടത്തുകയാണ്. ആര്‍.എസ്.എസ് അനുഭാവിയെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ഗവര്‍ണര്‍ മുന്നോട്ടുപോകുന്നതെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

സര്‍വകലാശാല വിഷയത്തില്‍ ഗവര്‍ണറുടേത് സ്വേച്ഛാധിപത്യ ഇടപെടലാണ്. സെനറ്റ് അംഗങ്ങളെ പിന്‍വലിച്ചത് ആര്‍.എസ്.എസുകാരെ തിരുകി കയറ്റാന്‍ വേണ്ടിയാണ്. ഉന്നത വിദ്യാഭ്യാസ മേഖലയെ കൈപ്പിടിയിലൊതുക്കാനാണ് ഗവര്‍ണറുടെ ശ്രമം. ഇതിനെതിരെ ജനകീയ പ്രതിരോധം തീര്‍ക്കുകയാണ് ലക്ഷ്യം. നവംബര്‍ 2 ന് ജനകീയ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുമെന്നും നേതാക്കള്‍ അറിയിച്ചു.

CONTENT HIGHLIGHT: Joint press conference of CPI(M) and CPI state secretaries attacking Governor Arif Mohammad Khan