എന്‍ജോയ് എന്‍ജാമിയുടെ കാലത്ത് ദളിതര്‍ ചെയ്യേണ്ടത്‌
Discourse
എന്‍ജോയ് എന്‍ജാമിയുടെ കാലത്ത് ദളിതര്‍ ചെയ്യേണ്ടത്‌
ജോണി എം.എല്‍.
Tuesday, 11th May 2021, 8:37 pm
സമകാലീന ദളിത് സാമൂഹികാവസ്ഥ, രാഷ്ട്രീയം, കല, വൈജ്ഞാനികത, സാഹിത്യം എന്നീ വ്യവഹാരങ്ങളുമായി ബന്ധപ്പെട്ട് ജോണി എം.എല്‍ എഴുതുന്ന ലേഖന പരമ്പരയുടെ ആറാ ഭാഗം. ഇതോടെ പരമ്പര അവസാനിക്കുന്നു.

ഭാഷ പ്രത്യയശാസ്ത്രം കൂടിയാണ്. പ്രത്യയശാസ്ത്രത്തിനു പുറത്തു പ്രവര്‍ത്തിയ്ക്കുന്ന ഒരു ഭാഷയെ അതീവ മാനക ഭാഷ എന്നോ (excessive linguistic parameter) എന്നോ സാങ്കേതികഭാഷ (language of technology) എന്നോ പറയാം. എന്നാല്‍ അവ മിക്കവാറും പരിമിതമായ അവസ്ഥകളില്‍ മാത്രം ഉപയോഗിക്കപ്പെടുന്നവയായിരിക്കും. സാങ്കേതിക ഭാഷയില്‍ത്തന്നെ സാങ്കേതികതയെ പരാമര്‍ശിക്കാന്‍ ഉപയോഗിക്കുന്ന ഒരു ആന്തരിക ഭാഷയും സാങ്കേതികത സാധ്യമാക്കിയ സാമൂഹിക-സാംസ്‌കാരിക-സാമ്പത്തിക പരിതോവസ്ഥകളില്‍ വിനിമയ സാധുത നേടുന്ന ഭാഷയും ഉണ്ട്.

അതിനാല്‍ ദളിത് എന്ത് ചെയ്യണം എന്ന ചോദ്യം തന്നെ ഭാഷയുടെ പ്രത്യയശാസ്ത്ര പരിധിയില്‍ കുടുങ്ങി തെറ്റിദ്ധരിക്കാന്‍ ഇടയുള്ള ചോദ്യമായാണ് പ്രത്യക്ഷപ്പെടുന്നത്. എന്ത് ചെയ്യണം എന്ന ചോദ്യം എന്ത് ചെയ്യരുത് എന്നൊരു നിയന്ത്രണത്തെയും എന്താണ് ചെയ്യേണ്ടത് എന്ന നിര്‍ദ്ദേശകസ്ഥാനത്തേയും മുന്‍കൂട്ടി ഉള്‍ക്കൊള്ളുന്നുണ്ട്. എന്ത് ചെയ്യണം എന്നതില്‍ എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ചുള്ള ചോയ്‌സും ഏജന്‍സിയും എടുത്തു മാറ്റപ്പെടുന്നത് പോലെ തോന്നാനുള്ള സാദ്ധ്യതകള്‍ കൂടുതലാണ്.

അതിനാല്‍ ദളിത് എന്ത് ചെയ്യണം എന്നത് പുറത്തു നിന്ന് വരുന്ന ചില നിര്‍ദ്ദേശങ്ങളോ ആജ്ഞകളോ ആയി കാണുന്നതിന് പകരം ദളിത് വിജയത്തിനായി എന്താണ് ദളിത് ഏജന്‍സികള്‍ ഏറ്റെടുക്കേണ്ടത് എന്നതിനെക്കുറിച്ചുള്ള ചില സൈദ്ധാന്തികവും പ്രായോഗികവുമായ പ്രൊജക്ഷനുകള്‍ മാത്രമാണ് ഈ ലേഖനത്തിലൂടെ പറയാന്‍ ഉദ്ദേശിക്കുന്നത്. ഞാന്‍ മുന്‍പും പറഞ്ഞത് പോലെ, ദൂതനെ വെടിവെച്ചിടുന്നതിനു പകരം ദൗത്യത്തിന്റെ വിശകലനവും മുന്നോട്ടോ വശങ്ങളിലേയ്‌ക്കോ ഒക്കെയുള്ള ചര്‍ച്ചകളും ആയിരിക്കും അഭികാമ്യം എന്നൊരു അഭിപ്രായവും കൂടി പറഞ്ഞു കൊള്ളട്ടെ.

ഡിജിറ്റല്‍ ഇക്കണോമിയില്‍ ദളിത് സമുദായങ്ങള്‍ക്കും ദളിത് പ്രസ്ഥാനങ്ങള്‍ക്കും ദളിത് വ്യക്തികള്‍ക്കും എന്താകും ചെയ്യാന്‍ കഴിയുക എന്നൊരു ചിന്തയില്‍ നിന്നാണ് ഈ ലേഖന പരമ്പര ഉണ്ടാകുന്നത്. കൃത്യമായി പറഞ്ഞാല്‍ രണ്ടു പോയിന്റുകളില്‍ നിന്നാണ് ഈ ലേഖന പരമ്പര ഉരുത്തിരിഞ്ഞത്. ഒന്നാമതായി, കഴിഞ്ഞ ഓണക്കാലത്ത് തിരുവനന്തപുരത്തെ പി.എസ്.സി ഓഫീസിനു മുന്നില്‍ മലയാള ഭാഷയെ പരീക്ഷ ഭാഷയാക്കുക എന്ന ആവശ്യവുമായി നടന്ന മലയാള അഭിമാന സമരം എന്നില്‍ ഉണ്ടാക്കിയ ചില പ്രതികരണങ്ങള്‍.

ആ സമരത്തെ അനുകൂലിക്കാതിരുന്ന ‘ബുദ്ധിജീവികളില്‍’ ഒരാളായിരുന്നു ഞാന്‍. അതേക്കുറിച്ചു കൂടുതല്‍ പിന്നാലെ വിശദീകരിക്കാം. രണ്ടാമതായി, ഈ അടുത്തിടെ അറിവും ധീയും ചേര്‍ന്ന് പാടി സന്തോഷ് നാരായണന്‍ നിര്‍മ്മിച്ച ‘എന്‌ജോയ് എന്‍ജാമി’ എന്ന വളരെ പ്രശസ്തമായ ഒരു ഗാനം. ആ ഗാനം ഇറങ്ങിയ ആദ്യത്തെ ദിവസം തന്നെ, വൈ ദിസ് കൊലവെറി ഡി, യോ യോ ഹണി സിംഗ് തുടങ്ങിയ പ്രതിഭാസങ്ങളെ സാംസ്‌കാരികമായി പഠിക്കുകയും വൈറലായ ലേഖനങ്ങള്‍ എഴുതുകയും ചെയ്ത ഒരു വ്യക്തി എന്ന നിലയില്‍ എനിയ്ക്ക് അത് അടുത്ത ദക്ഷിണേന്ത്യന്‍ പ്രതിഭാസം ആയിരിക്കും എന്ന് തോന്നി.

ഈ രണ്ടു സംഗതികളെയും കൂട്ടി വായിച്ചപ്പോള്‍ എന്നില്‍ ഉണ്ടായത് ഡിജിറ്റല്‍ ഇക്കോണോമിയില്‍ ദളിത് സമൂഹങ്ങള്‍ക്ക് വലിയൊരു സാധ്യതയാണ് ഉള്ളതെന്ന തോന്നലാണ്. അതേക്കുറിച്ചു നേരിട്ടെഴുതണം എന്ന് കരുതിയാണ് തുടങ്ങിയതെങ്കിലും ദളിത് വിഷയങ്ങളുടെ രാഷ്ടീയ-സാമൂഹിക-സാംസ്‌കാരിക പശ്ചാത്തലങ്ങളെ അല്പമെങ്കിലും സ്പര്‍ശിക്കാതെ ഡിജിറ്റല്‍ ഇക്കോണോമിയിലേയ്ക്ക് കടക്കുക അസാധ്യമാണെന്ന് മനസ്സിലായി.

ദളിത് പ്രശ്‌നം ഇന്ന് എന്ന പരമ്പര അങ്ങനെ ആരംഭിച്ചു. ഈ ലേഖനം എന്നത് കഴിഞ്ഞ അഞ്ചു ലക്കങ്ങളിലായി പറഞ്ഞ കാര്യങ്ങളുടെ വെളിച്ചത്തില്‍ ഒരു നിര്‍ധാരണ ശ്രമമാണ്. വികസനത്തെക്കുറിച്ചു പറയുമ്പോള്‍ ആരുടെ വികസനം എന്ന ചോദ്യവും, ദളിതര്‍ക്ക് വേണ്ടി സെക്രട്ടേറിയറ്റില്‍ ഇരിക്കുന്ന ചില ‘നല്ലവര്‍’ വികസന പരിപാടികള്‍ നിര്‍ണ്ണയിക്കുന്നു എന്നുമുള്ള വിമര്‍ശനങ്ങള്‍ പ്രൊഫെസ്സര്‍ കുഞ്ഞാമനെപ്പോലുള്ളവര്‍ ഉയര്‍ത്തിയിട്ടുണ്ട്. അത് വളരെ പ്രധാനമായ വിമര്‍ശനവുമാണ്.

അതെ സമയം വികസനം എന്നത് ഭൂരിപക്ഷ യാഥാര്‍ഥ്യമായിരിക്കെ, എത്രയൊക്കെ തന്നെ എതിര്‍പ്പുണ്ടെങ്കിലും ആ യാഥാര്‍ഥ്യത്തിന്റെ ഭാഗമായി അതിജീവനം ചെയ്യേണ്ടുന്ന ഒരു ക്രിട്ടിക്കാലിറ്റി ദളിത് ബഹുജനങ്ങള്‍ നേരിടുന്നുണ്ട്. ബ്രിട്ടീഷ് സൈദ്ധാന്തികയായ ഐറീറ്റ് റോജോഫ് ക്രിട്ടിക്കാലിറ്റി എന്ന സംവര്‍ഗ്ഗത്തെ വിവരിക്കുന്നത് ക്രിട്ടിസിസത്തിനും (criticism) ക്രിട്ടിക്കിനും (critique) ഇടയില്‍ നില്‍ക്കുന്ന ഇന്‍സ്‌കേപ്പബിള്‍ റിയാലിറ്റി എന്നാണ്. അതായത് വിമര്‍ശനത്തിനും വിമര്‍ശന സാഫല്യത്തിനും ഇടയിലെ അനിവാര്യമായ വിമര്‍ശിതാവസ്ഥ.

കുറേക്കൂടി ലളിതമായി പറഞ്ഞാല്‍, കൊക്കോകോള കമ്പനിക്കെതിരെ ഉള്ള ഒരു സെമിനാറില്‍ പ്രഭാഷകരുടെ മേശപ്പുറത്ത് ശുദ്ധജലം എന്ന നിലയില്‍ ഇരിക്കുന്ന കൊക്കോകോള കമ്പനി തന്നെ ഉത്പാദിപ്പിച്ച മിനറല്‍ വാട്ടര്‍. ദാഹിക്കുന്ന പ്രഭാഷകര്‍ക്ക് അത് കുടിക്കാതിരിക്കാന്‍ നിവൃത്തിയില്ല. ദളിത് അവസ്ഥയ്ക്ക് ഇത്തരത്തില്‍ അനിവാര്യമായ ഒരു ക്രിറ്റിക്കാലിറ്റിയിലൂടെ കടന്നു പോകേണ്ടി വരുന്നുണ്ട്. ഈ വികസനം നമ്മുടേതല്ല എന്ന് പറയുമ്പോഴും ഈ വികസനം എന്ന യാഥാര്‍ഥ്യത്തിനുള്ളില്‍ത്തന്നെ അതിന്റെ എല്ലാ സൗകര്യങ്ങളിലൂടെയും പ്രതിസന്ധികളിലൂടെയും കടന്നു പോവുക എന്ന അവസ്ഥ.

കേരളത്തിലെ മലയാളഭാഷാ ഫണ്ടമെന്റലിസത്തെ ഞാന്‍ എതിര്‍ത്തത് (എതിര്‍ത്തത് എന്ന് പറയുമ്പോള്‍ പത്രപ്രസ്താവനയിലൂടെയോ ലേഖനത്തിലൂടെയോ അല്ല. സമരത്തെ അനുകൂലിക്കണം എന്ന് പറഞ്ഞു വന്ന സുഹൃത്തുക്കളോട് എന്റെ നിലപാട് വ്യക്തമാക്കുന്നതിലൂടെയും ഫേസ്ബുക്കില്‍ വളരെ ചെറിയ ചില കുറിപ്പുകള്‍ എഴുതുന്നതിലൂടെയും ആയിരുന്നു. തികച്ചും വ്യക്തിപരമായ ഒരു നിലപാട് മാത്രമായിരുന്നു അത്) ഈ അനിവാര്യമായ വിമര്‍ശിതാവസ്ഥയെ മുന്നില്‍ നിര്‍ത്തിയായിരുന്നു.

മാതൃഭാഷാ സമരത്തില്‍ നിന്നുള്ള ഒരു ദൃശ്യം

മലയാള ഭാഷാവാദം ഉന്നയിക്കുന്നവരില്‍ ദളിത് സമൂഹങ്ങളും പൊതു സവര്‍ണ്ണ സമുദായങ്ങളും ഒരുപോലെ പങ്കെടുത്തു. തൊഴില്‍ ലഭിക്കുക എന്നൊരു പൊതു ആവശ്യം ആണ് അവരെ ഒന്നിപ്പിച്ചത്. ഇതിനു പിന്തുണ നല്‍കാന്‍ കവികളും സാഹിത്യകാരന്മാരും പത്രക്കാരും അധ്യാപകരും ഒന്നിച്ചു. കാരണം അവര്‍ക്കെല്ലാം ഒരു പൊതു ആവശ്യം മലയാള ഭാഷയെക്കൊണ്ട് ഉണ്ട്. അത് മലയാളഭാഷാ അഭിമാനം അല്ല മറിച്ച് തൊഴില്‍ നിലനിര്‍ത്തുക എന്ന മിനിമം ആവശ്യം മാത്രമാണ്. ഈ ആവശ്യം ദളിതരുടെ വര്‍ത്തമാനത്തെയും ഭാവിയെയും ഒരുപോലെ ബാധിക്കുന്നതാണെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു. കാരണം ദളിതര്‍ക്ക് മലയാള ഭാഷ അഭിമാനത്തിലൂടെ സംവരണ ജോലി സാദ്ധ്യതകള്‍ മാത്രം ഉണ്ടായിരിക്കെ സവര്‍ണ്ണര്‍ക്ക് അത് വലിയ തോതില്‍ ലഭിക്കും എന്ന് മാത്രമല്ല ഇംഗ്ലീഷ് അടിസ്ഥാന വിദ്യാഭ്യാസത്തിലൂടെ അവര്‍ക്കുണ്ടായിരിക്കുന്ന നേട്ടം ദളിതര്‍ക്ക് ലഭിക്കുകയുമില്ല.

അടിസ്ഥാന വിദ്യാഭ്യാസത്തിലും ഉന്നത വിദ്യാഭ്യാസത്തിലും പ്രാദേശിക ഭാഷ ഉപയോഗിക്കുന്നതില്‍ എനിയ്ക്ക് സവിശേഷമായ എതിര്‍പ്പൊന്നും ഇല്ലെങ്കിലും ദളിത് സമുദായങ്ങളെ ടെറിട്ടോറിയല്‍ മനുഷ്യര്‍ ആകുന്നതിന് ഭാഷാ തനിമ വാദം കാരണമാകും. ഒരു പൊതുഭാഷ സംസാരിക്കുന്ന പ്രദേശത്തിനുള്ളില്‍ അധികാരത്തിന്റെയും ഇക്കണോമിയുടെയും ഭാഷകൂടി സംസാരിച്ചില്ലെങ്കില്‍ അത് വമ്പിച്ച ചേരിവല്‍ക്കരണത്തിനു കാരണമാകും. ഇതിനകം ചേരിവല്‍ക്കരിക്കപ്പെട്ടിരിക്കുന്ന ദളിത് സമൂഹങ്ങള്‍ക്ക് ഭാഷയിലൂടെ ഉണ്ടാകുന്ന രണ്ടാമത്തെ ഘെറ്റോയ്‌സേഷന്‍ ആണ് മലയാളഭാഷാവാദം ആത്യന്തികമായി സാധ്യമാക്കുന്നതെന്ന് ഞാന്‍ തിരിച്ചറിഞ്ഞു.

വികസനത്തെ വിമര്‍ശിക്കുമ്പോഴും വികസനത്തില്‍ പങ്കാളികളാകാതെ മാറി നില്‍ക്കുക എന്നത് ചേരിവല്‍ക്കരണവും ആദിവാസി വല്‍ക്കരണവുമാണ്. ആര്യസമുദായങ്ങളുമായി സഹകരിക്കാന്‍ തയ്യാറാകാതിരുന്ന മനുഷ്യരാണ് ഒടുവില്‍ ആദിവാസികളായും പട്ടിക വര്‍ഗ്ഗങ്ങളായും തസ്‌കര ഗോത്രങ്ങളായും ഒക്കെ തരംതാഴ്ത്തപ്പെട്ടത് എന്ന് ചരിത്രാനുഭവത്തില്‍ നിന്ന് നമുക്ക് മനസ്സിലാക്കാം. ഇടുക്കി-മൂന്നാര്‍- വയനാട് ഭാഗങ്ങളില്‍ ഉണ്ടായ റിസോര്‍ട്ടുകളിലെല്ലാം ഹൌസ് കീപ്പിങ് ജോലി, പാചകം, തോട്ടം സംരക്ഷണം തുടങ്ങിയവ ഒക്കെയും ചെയ്യുന്നത് ആദിവാസികളും പട്ടിക ജാതിക്കാരുമാണ്. എന്തുകൊണ്ട് ഇതര പോസ്റ്റുകളിലേയ്ക്ക് അവര്‍ വരുന്നില്ല എന്ന ചോദ്യത്തിനെയാണ് അഭിമുഖീകരിക്കുന്നത്. മലയാളവാദം കൊണ്ട് നടന്നാല്‍ ദളിതര്‍ ഈ പോസ്റ്റുകള്‍ക്ക് അപ്പുറം പോകാന്‍ സാധ്യതയില്ല.

ദളിത് ശാക്തീകരണത്തിന് വിഘാതമായി നില്‍ക്കുന്ന രണ്ടു കാര്യങ്ങളെ ഡോക്ടര്‍ എ.കെ. വാസു തന്റെ പുസ്തകത്തില്‍ (കറുപ്പിന് ഏഴ് അഴകെന്നു ആര് പറഞ്ഞു) വിശദീകരിക്കുന്നുണ്ട്. ഒന്നാമതായി, ഞാനും എന്റെ അടുപ്പും എന്റെ മക്കളും എന്ന ഗോത്ര സ്വഭാവം. അതായത് വിളിപ്പുറത്ത് മക്കള്‍ വേണം എന്നുള്ള ദളിതരുടെ ആഗ്രഹം അവരെ ടെറിറ്ററികളില്‍ തളയ്ക്കപ്പെട്ടവരാക്കി. ടെറിറ്റോറിയല്‍ ആവുക എന്നതിനര്‍ത്ഥം അപരാഭവനകളെയും അപരഭാഷയെയും ആവശ്യമില്ലാതെ വരിക എന്നും ജീവിതം ഒരു സ്തംഭിത താളത്തില്‍ നീങ്ങുക എന്നുമാണ്. സ്ഥലത്തിലും കാലത്തിലും സ്തംഭിച്ചു നില്‍ക്കുന്ന ഒരു അവസ്ഥായാണത്.

രണ്ടാമത്തേത്, ദളിതര്‍ക്ക് യാത്രയോടുള്ള വിമുഖതയാണ്. ടെറിറ്റോറിയല്‍ ആകുന്നതിന്റെ ഒരു ഉപോത്പന്നം എന്ന നിലയിലാണ് യാത്രയോടുള്ള വിമുഖത ഉണ്ടാകുന്നത്. എന്നാല്‍ ഇതിന്റെ മറുവശം എന്നത്, മലയാളി തൊഴില്‍ അന്വേഷിച്ചു പോയ ഇടങ്ങളിലെല്ലാം അവന്‍ തന്റെ ജാതിയെക്കൂടി നന്നായി പായ്ക്ക് ചെയ്തു കൊണ്ട് പോയിട്ടുണ്ട് എന്നുള്ളതാണ്. അതിനാല്‍ ദളിത് സമുദായങ്ങളില്‍പെട്ട ഒരാള്‍ ജോലി തേടി മലയാളികള്‍ കൂടുതലുള്ള ഒരു സ്ഥാപനത്തിലോ സ്ഥലത്തോ ചെന്നാല്‍ അയാള്‍ക്ക് അവിടെ അതിജീവിക്കുക എന്നത് പ്രയാസമായിരിക്കും. അതിജീവിക്കാന്‍ സമ്മതിക്കില്ല. ഗള്‍ഫ് രാജ്യങ്ങളിലേക്ക് ദളിതര്‍ പോകുന്നതിന്റെ എണ്ണം കുറയുന്നത് ഇതുകൊണ്ടാണ്.

ഡോ. എ.കെ. വാസു

ദലിതര്‍ക്കിടയിലെ ഇംഗ്ലീഷ് ഭാഷയെ ഇന്ന് സ്റ്റീരിയോടൈപ് ആക്കിയിരിക്കുന്നത് ജനപ്രിയ മാധ്യമങ്ങളാണ്. പിഡ്ജിന്‍ ഇംഗ്ലീഷ് സംസാരിക്കുന്ന, ബോബ് മാര്‍ലിയുടെ പാട്ട് കേള്‍ക്കുന്ന, കഞ്ചാവ് വലിക്കുന്ന ഫ്രീക്കന്മാര്‍ ആണ് ദലിതര്‍ക്കിടയിലെ ഇംഗ്ലീഷിന്റെ പ്രതിനിധാനമായി എടുത്തുകാട്ടുന്നത്. മട്ടാഞ്ചേരിയിലെ ഫ്രീക്കന്മാര്‍ എന്നതിന് കൃത്യമായ ദളിത് അണ്ടര്‍ടോണുകളും ഓവര്‍ടോണുകളും ഉണ്ട്. എന്നാല്‍ ദലിതര്‍ക്കിടയില്‍ മലയാളവും ഇംഗ്ലീഷും സ്വാഭാവികമായി സംസാരിക്കുന്ന എത്രയോ പേര് ഉണ്ട്. അവരാരും തന്നെ ഇംഗ്ലീഷ് സംസാരിക്കുന്ന ദളിതരുടെ പ്രതിനിധാനങ്ങള്‍ ആകുന്നില്ല.

എന്തുകൊണ്ടാണ് പിഡ്ജിന്‍ ഇംഗ്ലീഷ് എന്ന ചോദ്യം ഉണ്ട്. വ്യാകരണപരമായി ശുദ്ധതയില്ലാത്ത, അക്കാദമികമായ ഉപയോഗമില്ലാത്ത, ബിസിനസ് ആവശ്യങ്ങള്‍ക്ക് പര്യാപ്തമല്ലാത്ത, കേവലം തെരുവില്‍ അതിജീവിക്കാന്‍ വേണ്ടി മാത്രമുള്ള ഇംഗ്ലീഷ് ആണത്. മുഖ്യധാരാ സിനിമകളിലെ ദളിത് പ്രതിനിധാനങ്ങളെല്ലാം എന്തെങ്കിലും തരത്തില്‍ വൈകല്യമുള്ളവനായിരിക്കെ (നരസിംഹത്തില്‍ പൊട്ടനായ നമ്പൂതിരിയെ അവതരിപ്പിക്കാന്‍ കേരളത്തില്‍ നിന്ന് അവര്‍ക്ക് കലാഭവന്‍ മണിയെ മാത്രമേ കിട്ടിയുള്ളൂ) ദളിതന്റെ ഇംഗ്ലീഷും വികലമായിരുന്നാല്‍ മതിയെന്ന പൊതുബോധം അതിന്റെ അബോധത്തില്‍ നിന്ന് പ്രോത്സാഹിപ്പിക്കുന്നതാണ് മലയാളഭാഷാ വാദം.

ദളിതര്‍ യാത്ര ചെയ്യണം എന്നതിന് ഡോക്ടര്‍ അംബേദ്കര്‍ നല്‍കിയ അടിസ്ഥാനഭാഷ്യം എന്നത് നഗരങ്ങളിലേക്ക് ചേക്കേറുക എന്നതാണ്. യാത്ര എന്നത് പല ദളിത് സാംസ്‌കാരിക പ്രവര്‍ത്തകരും തെറ്റിദ്ധരിച്ചിരിക്കുന്നത് സ്ഥലം കാണാന്‍ പോവുക എന്നതാണ്. എന്നാല്‍ അംബേദ്കര്‍ പറയുന്ന യാത്രയ്ക്ക് രണ്ടു മാനങ്ങളുണ്ട്; ഒന്ന് നിങ്ങളെ അത് ഗാന്ധിയുടെ സമ്പൂര്‍ണ്ണ സംതൃപ്ത ആദര്‍ശ ഗ്രാമങ്ങളിലെ ജാതി ക്രൂരതകളില്‍ നിന്ന് വിമോചിപ്പിക്കുന്നു. രണ്ടാമത്തേതായി, നിങ്ങള്‍ നഗരങ്ങളില്‍ ജാതിപരമായ അദൃശ്യരും തൊഴില്‍ പരമായി ദൃശ്യരും ആകുന്നു.

ബി.ആര്‍. അംബേദ്കര്‍

തൊഴില്‍പരമായ ദൃശ്യത എന്നതിനര്‍ത്ഥം നിങ്ങള്‍ എക്കൊണോമിയില്‍ പങ്കെടുക്കുന്നു എന്നതാണ്. നിങ്ങളുടെ അസാന്നിധ്യം ഒരു ഫാക്ടറിയിലെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തും വിധം നിങ്ങളുടെ അധ്വാനം പ്രസക്തമാകും. അത് നിങ്ങളെ ശാക്തീകരിക്കും. അംബേദ്കര്‍, മാര്‍ക്‌സിയന്‍ അന്യവല്‍ക്കരണത്തിലേക്കല്ല ഊന്നിയത് പകരം അദ്ദേഹം നഗരങ്ങളെ ജാതിയുടെ വിപരീതമായി സ്ഥാപിച്ചു (അദ്ദേഹം ഇന്ന് ജീവിച്ചിരുന്നെങ്കില്‍ മുംബൈയിലെ ജൈന ഫ്‌ലാറ്റുകളും മാര്‍വാഡി ഫ്‌ലാറ്റുകളും ഹിന്ദു ഒണ്‍ലി ഫ്‌ലാറ്റുകളും ഒക്കെ കണ്ടു കരഞ്ഞേനെ).

നഗരങ്ങള്‍ നല്‍കുന്ന അദൃശ്യത രാഷ്ട്രീയപരമായ ദൃശ്യതയാണ്. അപ്പോള്‍ ദളിതന് നഗരങ്ങള്‍ക്ക് വേണ്ടിയുള്ള എക്കൊണോമിയുടെ ഭാഷ പഠിക്കേണ്ടി വരുന്നു. കേരളത്തിലെ സവര്‍ണ്ണ സമൂഹങ്ങള്‍ക്ക് എപ്പോള്‍ എവിടെ വേണമെങ്കിലും തൊഴില്‍ അന്വേഷിച്ചു പോകാം എന്നിരിക്കെ, മലയാളവാദത്തിനു അടിമയായിപ്പോകുന്ന ദളിതര്‍ കേരളത്തില്‍ തളഞ്ഞു കിടക്കാനും എവിടെയാണോ അവിടെ ജീവിക്കാനും പ്രേരിപ്പിക്കപ്പെടുന്നു. ഈ അപകടത്തെയാണ് മലയാളവാദത്തെ എതിര്‍ക്കുന്നതിലൂടെ ഞാന്‍ ചൂണ്ടിക്കാട്ടിയത്.

എന്‌ജോയ് എന്‍ജാമിയുടെ പാട്ടുകാരനായ അറിവ് ആദ്യമായല്ല പാടുന്നത്. രണ്ടായിരത്തി പതിനേഴിലാണ് കാസ്റ്റ്‌ലെസ്സ് കളക്ടീവ് സ്ഥാപിതമാകുന്നത്. അതിനും മുന്‍പേ അറിവ് പാടുന്നുണ്ടായിരുന്നു. അറിവിനും മുന്‍പേ അനേകം ഗാന -സാവ് -തെമ്മാന്‍ഗ് -ഡപ്പാംകൂത്ത് -പറ പാട്ടുകാരൊക്കെ തമിഴ്‌നാട്ടിലെ ജാതി വ്യവഹാരവുമായി ബന്ധപ്പെട്ട് സജീവമായിരുന്നു. എന്നാല്‍ അവര്‍ക്കാര്‍ക്കും ലഭിക്കാത്ത ദൃശ്യത അറിവിന് ലഭിച്ചതിനു കാരണം കാസ്റ്റ്‌ലെസ്സ് കളക്റ്ററ്റീവോ പാ രഞ്ജിത്തിന്റെ രക്ഷാകര്‍ത്തൃത്വമോ മാത്രമല്ല.

അറിവ്‌

അറിവിന് താന്‍ ഉദ്ദേശിക്കുന്നത് പറയാന്‍ ഒരു ഭാഷ ഉണ്ടായിരുന്നു- ഇംഗ്ലീഷ്. അറിവിന്റെ റാപ് തമിഴില്‍ ആണെങ്കിലും അറിവിന് ഇംഗ്ലീഷില്‍ സംവേദനം ചെയ്യാന്‍ അറിയാം. കാസ്റ്റ്‌ലെസ്സ് കലക്റ്റിവ് മൊത്തത്തില്‍ ഒരു ഇംഗ്ലീഷ് ബേസ്ഡ് ബാന്‍ഡ് ആണ്. ഒന്നാലോചിച്ചു നോക്കൂ അവിയല്‍, തൈക്കുടം തുടങ്ങിയ ബാന്റുകള്‍ക്ക് ‘നാടന്‍’ ആകാന്‍ കൈലി ഉടുക്കേണ്ടി വന്നു. എന്നാല്‍ കാസ്റ്റ്‌ലെസ്സ് കളക്റ്റീവിന് ത്രീ പീസ് സൂട്ട് ധരിക്കേണ്ടിയും. അതാണ് അംബേദ്കര്‍ പറഞ്ഞ പൊളിറ്റിക്‌സ്. ഇംഗ്ലീഷ് ആകേണ്ടത് അതാണ്. ഗുരു പറഞ്ഞതും അത് തന്നെയാണ്.

പാമയേക്കാള്‍ ലോകപ്രശസ്തി നേടാന്‍ പിന്നീട് വന്ന മീനാ കന്ദസാമിയ്ക്കും സുജാത ഗിഡിലയ്ക്കും യാഷിക ദത്തിനും ഹാന്‍സ്ദ സോവേന്ദ്ര ശേഖറിനും ഒക്കെ കഴിഞ്ഞത് ഇംഗ്ലീഷിലൂടെ ആയിരുന്നു. ദളിത് വിമോചനം ഇംഗ്ലീഷ് ഭാഷയിലൂടെക്കൂടി ഭാവന ചെയ്യാന്‍ നമ്മള്‍പഠിക്കണം. തമിഴ്‌നാട്ടിലെ ഇളയ ദളപതി, ഒരു സന്ദര്‍ഭത്തില്‍ തമിഴില്‍ സംസാരിച്ചശേഷം ഇനി ഞാന്‍ ദേശീയഭാഷയില്‍ സംസാരിക്കാം എന്ന് പറഞ്ഞു ഇംഗ്ലീഷ് സംസാരിക്കുന്നത് ഈ യാഥാര്‍ഥ്യത്തെയാണ് പ്രതിഫലിപ്പിക്കുന്നത്.

2105 -ല്‍ പൂനെയില്‍ മിലിന്ദ് കാംബ്ലെ എന്ന എന്‍ജിനീയറുടെ നേതൃത്വത്തില്‍ സ്ഥാപിതമായ ദളിത് ചേംബര്‍ ഓഫ് കോമ്മേഴ്‌സ് ഇന്ത്യയിലെ ദളിതുകള്‍ക്ക് മറ്റുള്ളവരുടെ കൂലിക്കാരായി ജീവിക്കാന്‍ മാത്രമല്ല സ്വന്തമായി ബിസിനസ് സംരംഭങ്ങള്‍ തുടങ്ങാനും വിജയിപ്പിക്കാനും കഴിയുമെന്ന് തെളിയിച്ചു. ദളിത് സമൂഹങ്ങളില്‍ നിന്ന് ഉള്ള മിടുക്കരായ സംരംഭകര്‍ക്ക് വേണ്ട ധനസഹായവും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കുന്ന ഈ പ്രസ്ഥാനം ഇന്ത്യയില്‍ ഇതുവരെ വലിയ ബ്ലൂ ചിപ്പ് കമ്പനികളൊന്നും സ്ഥാപിച്ചിട്ടില്ല എങ്കിലും ഡിജിറ്റല്‍ എക്കൊണോമിയില്‍ വലിയൊരു കുതിപ്പ് ദളിത് സംരംഭകര്‍ക്ക് നല്‍കാന്‍ ശേഷിയുള്ളതാണ്.

മിലിന്ദ് കാംബ്ലെ

മഹാരാഷ്ട്രയില്‍ ദളിത് നേതാക്കള്‍ രാഷ്ട്രീയപരമായ സ്വാധീനം ഉണ്ടാക്കിയെങ്കിലും പതിവ് രാഷ്ട്രീയ അഴിമതികളിലേയ്ക്കും മറ്റും അവര്‍ വഴുതിവീഴുകയാണ് ചെയ്തത്. എന്നാല്‍ അവിടെ വലിയ ഒരു സ്വാധീനശക്തിയായി വികസിച്ചത് നാഗരാജ് മഞ്ജുള എന്ന യുവസംവിധായകനാണ്. ഫാന്‍ഡ്രെ, സായിറാത്ത് തുടങ്ങിയ സിനിമകളിലൂടെ മഹാരാഷ്ട്രയിലെ ദളിത് അവസ്ഥയെ തുറന്നുകാട്ടിക്കൊണ്ട് നാഗരാജ് മഞ്ജുളെ പുതിയൊരു സിനിമ സങ്കല്പത്തിന് തുടക്കം കുറിച്ചു.

പ രഞ്ജിത്താണ് തുടര്‍ന്ന് ഇന്ത്യയില്‍ ഒരു നിലപാട് ഉണ്ടാക്കിയ ദളിത് സംവിധായകന്‍. പറഞ്ഞു വന്നത് ഡിജിറ്റല്‍ ഇക്കോണോമിയില്‍ ജാതിയല്ല പ്രവര്‍ത്തിക്കുന്നത് എന്നാണ്. അവിടെ ഉത്പന്നത്തിനാണ് പ്രാധാന്യം. ഉത്പാദകന്‍ എത്രത്തോളം പുതുമയും ശക്തിയും ആഘാതശേഷിയും ഉള്ള ഉത്പന്നമാണോ നല്‍കുന്നത് അത്രയും സാമ്പത്തികശക്തി ആര്‍ജ്ജിക്കാന്‍ അയാള്‍ക്ക് കഴിയും. ഇതുവരെ കേരളത്തില്‍ പാട്ടുകള്‍ പാടണമെങ്കില്‍ സവര്‍ണ്ണ പിന്‍ബലം വേണമെന്നുണ്ടായിരുന്നെങ്കില്‍ ഇന്ന് വേടന്‍ എന്ന ഗായകന് ഇവരെയൊക്കെ മറികടന്നു പോകാന്‍ ഡിജിറ്റല്‍ മാധ്യമത്തില്‍ അയാള്‍ ഉണ്ടാകുന്ന ഉത്പന്നവും അതിന്റെ ആഘാതശേഷിയും മാത്രം മതി.

നാഗരാജ് മഞ്ജുളെ

ജാതിയെ മറികടക്കാനുള്ള ഇടങ്ങളായി അംബേദ്കര്‍ കണ്ടത് നഗരങ്ങളിലേക്കുള്ള ചേക്കേറലിനെ ആയിരുന്നെങ്കില്‍ ഇന്ന് ദളിത് ചേംബര്‍ ഓഫ് കൊമേഴ്‌സ് അനന്തര സാഹചര്യത്തില്‍ ഡിജിറ്റല്‍ ഇക്കോണോമിയാണ് അത്. അപ്രതിരോധ്യമായ ദൃശ്യതയും അപാരമായ സാമ്പത്തിക മൂല്യവും ദളിത് സര്‍ഗ്ഗാത്മകതയ്ക്ക് നല്‍കാന്‍ ഡിജിറ്റല്‍ ഇക്കോണോമിയ്ക്ക് കഴിയും. അത് എങ്ങനെ മുന്നോട്ട് കൊണ്ട് പോകണം എന്നതാണ് ദളിത് കലാകാരന്മാരും സംരംഭകരും ഒക്കെ അന്വേഷിക്കേണ്ടത്.

ഇന്ന് ഒരു ചിത്രം നിര്‍മ്മിച്ച് റിലീസ് ചെയ്തു വിജയിപ്പിക്കാന്‍ മമ്മൂട്ടിയോ മോഹന്‍ലാലോ ആന്റണി പെരുമ്പാവൂരോ വേണം എന്നില്‍ എന്ന് മാത്രമല്ല, ഈ ഒരു വലിയ വിഭാഗം സിനിമാക്കാര്‍ (രഞ്ജിത്ത്, രഞ്ജി പണിക്കര്‍, ഷാജി കൈലാസ്, ബി ഉണ്ണികൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍) സിനിമ എന്ന മാധ്യമത്തിന്റെ പുതിയ അവതാരത്തില്‍ തികച്ചും അപ്രസക്തരും ആയിക്കോണ്ടിരിക്കുകയാണ്. വികേന്ദ്രീകൃതമായ ഒരു നിര്‍മ്മാണരീതിയാണ് പാന്‍ഡെമിക് സാധ്യമാക്കിയത്. അതിനാല്‍ ലൊക്കേഷന്‍ ഓഫ് വാല്യൂ ക്രിയേഷന്‍ അഥവാ മൂല്യ നിര്‍മ്മിതിയുടെ ഇടം എന്നത് തികച്ചും അവഗണിക്കാവുന്ന ഒന്നായിരിക്കുന്നു. ആപ്പിള്‍ കമ്പ്യൂട്ടര്‍ ആദ്യമായി നിര്‍മ്മിച്ചത് ഒരു കാര്‍ ഗാരേജില്‍ ആയിരുന്നു എന്നത് ഇന്നൊരു കൗതുക കഥ മാത്രമാണ്. അതിനു ആപ്പിളിന്റെ മൂല്യത്തില്‍ കാര്യമായ പ്രസക്തി ഇല്ല.

പുന്നല ശ്രീകുമാര്‍, സി.എസ്. മുരളി, ഗീതാനന്ദന്‍, അജിത്, സി.കെ. ജാനു (അവരുടെ ഇപ്പോഴത്തെ രാഷ്ട്രീയ നിലപാടിനെ ഉദ്ദേശിച്ചല്ല), ഗോമതി തുടങ്ങി അനേകം പേര്‍ വിവിധ തലങ്ങളില്‍ വിഭവാധികാരത്തിനു വേണ്ടിയുള്ള സമരങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഈ സമരങ്ങള്‍ അടിസ്ഥാന യാഥാര്‍ഥ്യമാണ്. അങ്ങനെ വരുമ്പോള്‍ ഡിജിറ്റല്‍ എക്കൊണോമിയും ഭാഷയും ഈ സമരങ്ങളെ എങ്ങനെ സഹായിക്കും എന്നൊരു ചോദ്യം ഉയരുന്നുണ്ട്. സമരങ്ങളെ ഫണ്ട് ചെയ്യുക എന്നതല്ല ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു വിഭാഗം പേര്‍ ഇത്തരം സമരങ്ങളെ അന്താരാഷ്ട്ര ശ്രദ്ധയിലേക്ക് ഇംഗ്ലീഷിലൂടെ എത്തിക്കേണ്ടത് അത്യാവശ്യമാണ്. ഒപ്പം തന്നെ വിഭവാധികാര സമരങ്ങളുടെ സാമൂഹിക സാംഗത്യം തികച്ചും വര്‍ത്തമാനകാല ജീവിത യാഥാര്‍ഥ്യങ്ങളുടെ പരിപ്രേക്ഷ്യത്തില്‍ വലിയൊരു സമൂഹത്തിന്റെ മുന്‍പാകെ പാട്ടിലൂടെയും സിനിമയുടെയും ബ്ലോഗിലൂടെയും വ്‌ളോഗിലൂടെയും ഒക്കെ പടര്‍ത്തിക്കൊണ്ടു ഈ സമരങ്ങള്‍ക്ക് മുന്പില്ലാത്ത ജനകീയത വരുത്തുവാന്‍ കഴിയും.

പുന്നല ശ്രീകുമാര്‍

അടിത്തട്ടും മേല്‍ത്തട്ടും ഒരുമിച്ചു പ്രവര്‍ത്തിക്കേണ്ട ആവശ്യകതായാണ് ഇപ്പോള്‍ ഉള്ളത്. ഒന്നും മറക്കേണ്ട കാര്യമില്ലെന്നാണ് സണ്ണി കപിക്കാട് ദളിത് ചരിത്രത്തെ മുന്‍ നിറുത്തി പറയുന്നത്. അതെ സമയം ഭൂതകാല ദുരിതങ്ങളില്‍ മാത്രം അഭിരമിക്കുന്നത് കലാരൂപങ്ങളെ പിന്നോട്ടടിക്കും. ആദിവാസികളും ദളിതുകളും മത്സ്യത്തൊഴിലാളികളും അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ വ്യത്യസ്തമാകയാല്‍ രാഷ്ട്രീയ പരിപാടികളില്‍ വ്യത്യാസമുണ്ടാകും എന്ന് കുഞ്ഞാമന്‍ പറയുന്നു. എന്നാല്‍ ഈ വ്യത്യസ്ത പരിപാടികളെയെല്ലാം ഒരു സാമൂഹിക ഭാവനയായി ഒരുമിപ്പിക്കേണ്ട ബാധ്യത വളരെയധികം ദളിത് പ്രസ്ഥാനങ്ങള്‍ക്കുണ്ട്. ഏതൊരു കാര്യത്തിലാണെങ്കിലും അഭിപ്രായവ്യത്യാസം ഉണ്ടാകാം എങ്കിലും ആശയരൂപീകരണം എന്നൊരു പ്ലാങ്കില്‍ മാത്രമേ രാഷ്ട്രീയസമരങ്ങള്‍ വിജയിക്കാന്‍ സാധ്യതയുള്ളൂ.

ഒരു കാര്യം കൂടി സൂചിപ്പിച്ചു കൊണ്ട് ഈ ലേഖനം അവസാനിപ്പിക്കാം. ദളിത് ഇന്റഗ്രെഷന്‍ എങ്ങനെ സാധ്യമാകും എന്നതാണ് ആ കാര്യം. എക്കാലവും വിഘടിതമായ ഒരു രീതിയില്‍ സ്വന്തം അസ്ത്വിത്വം നിര്‍വചിക്കുന്നത് ശരിയാണോ എന്നൊരു ചോദ്യം ഇവിടെ അവശേഷിക്കുന്നുണ്ട്. ദളിത് സമുദായങ്ങള്‍ ഏതെല്ലാം രീതിയില്‍ ഇതര അവര്‍ണ്ണ -സവര്‍ണ്ണ സമൂഹങ്ങളുമായും കേരളത്തിലെ പൊതു സമൂഹവുമായും കണ്ണിചേര്‍ക്കപ്പെടും എന്നതാണ് അകത്തും പുറത്തും ഉള്ളവര്‍ അഭിസംബോധന ചെയ്യേണ്ട ഒരു പ്രശ്‌നം.

കേരളത്തിലെ മുപ്പത്തിയഞ്ചു ലക്ഷത്തോളം ദളിതര്‍ മുഖ്യധാരയില്‍ നിന്ന് വിഘടിച്ചു നില്‍ക്കുന്നത് എന്ത് കൊണ്ട്? തീര്‍ച്ചയായും സവര്‍ണ്ണരുടെ ഭാഗത്തു നിന്നുള്ള വിവേചനം ഉണ്ട്. എന്നാല്‍ അതിനെ എങ്ങനെയാണ് ഇല്ലാതാക്കുന്നത്? ഇത് വലിയൊരു പ്രശ്‌നമാണ്. ദളിതരുടെ കാര്യം ദളിതര്‍ നോക്കിക്കൊള്ളാം എന്നതാണ് രീതിയെങ്കില്‍ സവര്‍ണ്ണരുടെ കാര്യം സവര്‍ണ്ണര്‍ നോക്കിക്കൊള്ളാം എന്ന ഉത്തരം കിട്ടും. അത് ഒരു കാര്യങ്ങളെ നിന്നിടത്ത് തന്നെ നിര്‍ത്തും. രണ്ടു വശത്തു നിന്നുമുള്ള സോഷ്യല്‍ റീ വര്‍ക്കിംഗ് ആണ് ഇവിടെ വേണ്ടത്.

നവോത്ഥാനം, പരിഷ്‌കരണം എന്നിങ്ങനെയുള്ള പഴഞ്ചന്‍ കഥകള്‍ ഉപേക്ഷിച്ചു സാമൂഹികമായ പുതുക്കിപ്പണിയല്‍ എങ്ങനെ സാധ്യമാക്കാം എന്നുള്ളതിനെക്കുറിച്ചു ചിന്തിക്കണം. ഇംഗ്ലീഷ് ഭാഷയും ഡിജിറ്റല്‍ എക്കൊണോമിയിലുള്ള ഫോക്കസിംഗിലൂടെയും ദളിത് സമൂഹത്തിനു വമ്പിച്ച മുന്നേറ്റം കേരളത്തില്‍ ഉണ്ടാക്കിയെടുക്കാന്‍ സാധിക്കും. സഹകരണ സംഘങ്ങളിലൂടെ, ഡിജിറ്റല്‍ കൂട്ടായ്മകളിലൂടെ, വിദ്യാഭ്യാസ സാമ്പത്തിക പ്രസ്ഥാനങ്ങളിലൂടെ, കലാരൂപങ്ങളിലൂടെ, വ്യവസായങ്ങളിലൂടെ അതികഠിനമായ പ്രയത്‌നം ചെയ്തു ദളിത് സമൂഹം മുന്നേറേണ്ടതുണ്ട്.

സംവരണം എന്നത് ഒരു ഭരണഘടനാ പ്രൊവിഷന്‍ ആണെങ്കില്‍ പോലും നമുക്ക് സംവരണം വേണ്ട (നിന്റെ സംവരണം ഇന്നാ) എന്ന് പറയാന്‍ പോരുന്ന ഒരു ദളിത് സമൂഹം ഇവിടെ ഉണ്ടായി വരുന്ന ഭാവിയിലേക്കാണ് പ്രവര്‍ത്തിക്കേണ്ടത്. അതിനുള്ള ശേഷി ദളിത് സമൂഹത്തിനുണ്ട് എന്ന് തന്നെയാണ് എന്റെ വിശാസം. ദളിത് സാമ്പത്തിക ശക്തി വര്‍ധിപ്പിക്കുന്നതിനൊപ്പം വിഭവാധികാരവും, വിഭവാധികാരത്തിനൊപ്പം സാമ്പത്തികശേഷിയും ഉണ്ടാകുന്ന അവസ്ഥ സംജാതമാക്കണം. ഒന്ന് വന്നിട്ടേ മറ്റൊന്നില്‍ തൊടൂ എന്നുള്ള നിലപാട് മാറ്റി പുതിയ ലോകത്തിനായി ദളിത് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയും.

(ലേഖനങ്ങളുടെ ഉള്ളടക്കം ഡൂള്‍ന്യൂസിന്റെ എഡിറ്റോറിയില്‍ നിലപാടുകളോട് ചേര്‍ന്നതാവണമെന്നില്ല)

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight:  Johny ML Writes on dalit Empowerment