2026 ലേക്ക് വേണ്ടി ബി.ജെ.പി നിര്‍മിച്ചെടുക്കുന്ന ഹിന്ദുവിന്റെ തരം
Discourse
2026 ലേക്ക് വേണ്ടി ബി.ജെ.പി നിര്‍മിച്ചെടുക്കുന്ന ഹിന്ദുവിന്റെ തരം
ജോണി എം.എല്‍.
Tuesday, 4th May 2021, 8:39 pm

രാജ്യത്ത് വ്യാപകമായ തോതില്‍ കഴിഞ്ഞ ഏഴു വര്‍ഷങ്ങള്‍ക്കിടയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഹിന്ദുത്വ തീവ്രവാദത്തെ ചെറുക്കുവാന്‍ കഴിയുമെന്ന പ്രതീക്ഷ നല്‍കിയ ഒരു തെരെഞ്ഞെടുപ്പ് ഫലമാണ് 2021 -ല്‍ കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ ഉണ്ടായിരിക്കുന്നത്. കേരളത്തില്‍ ഇത് ചരിത്രസംഭവമാണ്. ആദ്യമായി ഒരു രാഷ്ട്രീയമുന്നണി തുടര്‍ഭരണം നേടുകയാണ്. അത് സി.പി.ഐ.എം നയിക്കുന്ന ഇടതുപക്ഷ മുന്നണിയാണ് എന്ന കാര്യം ആ ചരിത്രത്തിനു പ്രസക്തി വര്‍ദ്ധിപ്പിക്കുന്നുണ്ട്.

അതിനു കാരണം പ്രധാനമായും ഇടതുപക്ഷത്തിന് പൊതുവെ ഉണ്ടെന്നു പറയപ്പെടുന്ന സെക്കുലര്‍ പ്രതിച്ഛായയും മതങ്ങളോട് അത് എടുക്കുന്നു എന്ന് പറയുന്ന നിര്‍മ്മമമായ സമീപനവുമാണ്. ഇതൊക്കെ ആദര്‍ശാത്മകമായ പറച്ചിലുകളാണ് എന്ന് നമുക്കറിയാമെങ്കിലും ഹിന്ദുത്വയുടെ വളര്‍ച്ചയെ പിടിച്ചു നിര്‍ത്താന്‍ ഇടതുപക്ഷം കൂടി ഉള്‍പ്പെടുന്ന ഒരു പുതിയ രാഷ്ട്രീയ കൂട്ടായ്മയ്ക്ക് അഖിലേന്ത്യാടിസ്ഥാനത്തില്‍ കഴിയും എന്നത് ഈ വിജയത്തെ കൂടുതല്‍ ചരിത്രപ്രസക്തമാക്കുന്നു.

2022 -ല്‍ ഉത്തര്‍പ്രദേശില്‍ നടക്കുന്ന നിയമസഭാ തെരെഞ്ഞെടുപ്പില്‍ ഈ ഒരു രാഷ്ട്രീയ പരീക്ഷണത്തിനുള്ള സാദ്ധ്യതകള്‍ തെളിയുന്നുണ്ട്. ഉത്തര്‍പ്രദേശില്‍ ഇടതുപക്ഷത്തിന് സാന്നിധ്യം ഇല്ലെങ്കില്‍പ്പോലും ഈ ഒരു വിജയം ഇടതുചിന്തകളുടെ സ്വാധീനം ഇതര രാഷ്ട്രീയപ്പാര്‍ട്ടികളുടെ സമീപനങ്ങളിലേയ്ക്ക് ഇറങ്ങിച്ചെല്ലാന്‍ സഹായകമായേക്കും. പ്രത്യേകിച്ച് ഗുജറാത്തിന് ശേഷം ഉത്തര്‍പ്രദേശ് ആണ് ഇന്ത്യയില്‍ ഹിന്ദുത്വ തീവ്രവാദത്തിന്റെ പരീക്ഷണശാല ആയിരിക്കുന്നത് എന്ന് മനസ്സിലാക്കുമ്പോള്‍. ഈ ഒരു രാഷ്ട്രീയ പശ്ചാത്തലത്തെ മനസ്സില്‍ നിര്‍ത്തിക്കൊണ്ട് കേരളത്തില്‍ ഹിന്ദു ആര്, ഹിന്ദുവിനെ എങ്ങനെ മനസ്സിലാക്കാം എന്നുള്ള ഒരു വിചാരമാണ് ഈ ലേഖനത്തില്‍ നടത്തുന്നത്.

കേരളം ജാതിപരമായും സമുദായപരമായും മതപരമായും ഭൂമിശാസ്ത്രപരമായും ഒക്കെ പലതായി കിടക്കുന്ന ഒരു സംസ്ഥാനമാണ്. ഇന്ത്യ എന്ന രാജ്യസങ്കല്പം പോലെ തന്നെ പ്രശ്‌നഭരിതമാണ് കേരളം എന്ന സംസ്ഥാനസങ്കല്പവും. ഭാഷാടിസ്ഥാനത്തില്‍ രൂപീകരിക്കപ്പെടുകയും അതിനാല്‍ത്തന്നെ വിചിത്രമായ രീതിയില്‍ ചില ഭാഷാസമൂഹങ്ങള്‍ സംസ്ഥാനത്തിന്റെ അതിരുകളില്‍ കുടുങ്ങിപ്പോവുകയും അതുവഴി അവര്‍ ഭൂരഹിതരും രാഷ്ട്രീയപ്രാതിനിധ്യം ഇല്ലാത്തവരും ഒക്കെ ആയി കഴിയുന്ന ഒരു ഇടം കൂടിയാണ് കേരളം.

ഭൂപരിഷ്‌കരണവും ഭൂവിതരണവും നടത്താനുള്ള ശ്രമങ്ങള്‍ രണ്ടോ മൂന്നോ ഘട്ടങ്ങളിലായി നടന്നിട്ടുണ്ടെങ്കിലും അത് ഭൂമി അര്‍ഹിക്കുന്ന മനുഷ്യരെ അവരുടെ നിത്യവൃത്തിയ്ക്കുള്ള ഇടങ്ങളില്‍ നിന്ന് ചിതറിച്ചു കളയാം എന്നല്ലാതെ പുരോഗമനാത്മകമായ മാറ്റങ്ങള്‍ അവരുടെ ജീവിതത്തില്‍ ഇനിയും ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. അതെ സമയം ഭൂമിയ്ക്ക് മേല്‍ അധികാരം വേണം എന്നും അവരുടെ ജീവസന്ധാരണത്തിന്റെയും ജീവിത പരിചയത്തിന്റെയും ഇടങ്ങളില്‍ത്തന്നെ അത് വേണമെന്നും ആവശ്യപ്പെടുന്നവരോട് തികഞ്ഞ വിമുഖതയാണ് സര്‍ക്കാരുകള്‍ കാട്ടിയിട്ടുള്ളത്.

അതിനാല്‍ ടൂറിസ്റ്റ് കലണ്ടറുകളില്‍ കാണപ്പെടുന്ന ഒരു ഏകോപിതമായ ഒരു കേരളം അല്ല സത്യത്തില്‍ ഉള്ളത്. കാസര്‍ഗോഡുള്ള ഒരുപെണ്‍കുട്ടി അവള്‍ കണ്ട സിനിമയേക്കുറിച്ച് അവളുടെ ഭാഷയില്‍ ഒരു അഭിപ്രായം പറയുന്നത് വലിയൊരു തമാശയായി കേരളം ആസ്വദിക്കുന്നത് തന്നെ ഭൂമിശാസ്ത്രപരമായിക്കൂടി എങ്ങനെ അത് ഒരുമിക്കപ്പെടുന്നില്ല എന്നുള്ളതിന്റെ സൂചനയാണ്. അത് ഭാഷയുടെ താളമോ സംഗീതമോ അല്ല മുന്നോട്ട് വെയ്ക്കുന്നത് (പുറമേയ്ക്ക് അങ്ങനെ തോന്നുമെങ്കിലും) മറിച്ച് അത് പ്രദേശങ്ങളും അവിടെയുള്ള സമുദായസ്വത്വങ്ങളും മറ്റിടങ്ങളും തമ്മിലുള്ള വൈരുദ്ധ്യങ്ങളെ തന്നെയാണ് എടുത്തു കാട്ടുന്നത്. ഇപ്പോള്‍ ഇറങ്ങുന്ന ന്യൂ ജെന്‍ എന്നറിയപ്പെടുന്ന സിനിമകളിലും മുഖ്യധാരാ സിനിമകളിലും ഒക്കെ ഭാഷയിലൂടെ വെളിപ്പെടുന്ന ഈ പ്രദേശങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ അടിയൊഴുക്കായി കാണപ്പെടുന്നുണ്ട്.

ഇത്തരം ഭൗതികയാഥാര്‍ഥ്യങ്ങള്‍ക്കുള്ളിലാണ് മലയാളിയുടെ ഹിന്ദു സ്വത്വം രൂപീകൃതമായിരിക്കുന്നത്. അടിസ്ഥാനപരമായി സ്വന്തം പുരയിടത്തിന്റെ പേരിലേയ്ക്കും അച്ഛന്റെ പേരിലേയ്ക്കും ചുരുങ്ങിപ്പോകുന്ന സ്വത്വത്തിന്റെ സൂക്ഷ്മഭാവത്തില്‍ നിന്നാണ് അതിനെ പ്രദേശഭാവനയിലേയ്ക്കും ദേശഭാവനയിലേയ്ക്കും മതഭാവനയിലേയ്ക്കും ഒക്കെ വിപുലപ്പെടുത്തുന്നത്. കേരളത്തില്‍ ഒരേ തരത്തിലുള്ള ഹിന്ദുക്കളെയോ മുസ്ലീങ്ങളെയോ ക്രിസ്ത്യാനികളെയോ ഒന്നും കാണാന്‍ കഴിയുകയില്ല. അത് ഒരു പ്രദേശത്തിന്റെ സ്വഭാവവുമായി ചേര്‍ന്ന് രൂപപ്പെടുകയും നിര്‍ണ്ണയിക്കപ്പെടുകയും ചെയ്തിരിക്കുന്നു.

മുസ്ലിം സ്വാധീനമുള്ള പ്രദേശങ്ങളിലെ ഹിന്ദു കുടുംബങ്ങളുടെ മതത്തോടുള്ള സമീപനവും ഹിന്ദു എന്ന നിലയില്‍ അവരുടെ സ്വത്വനിര്‍മ്മിതിയും ഹിന്ദു ഭൂരിപക്ഷമുള്ള ഒരിടത്തെ സമീപനത്തില്‍ നിന്ന് വ്യത്യസ്തമായിരിക്കും. തിരിച്ചും ഇത് തന്നെയാണ് സംഭവിക്കുന്നത്. കേരളം ഒരു പരിധിവരെ ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് സംക്രമിക്കുന്ന ഒരു ഇടമായാണ് ഭൂമിശാസ്ത്രപരമായ പ്രത്യേകതകൊണ്ട് കാണപ്പെടുന്നത്. ദൂരം വര്‍ധിക്കുന്നതിനനുസരിച്ചു മാത്രമാണ് പൊതു സ്വത്വങ്ങളിലേയ്ക്ക് മാറാനുള്ള ത്വര ഉണ്ടാകുന്നത്. അടുത്തടുത്തുള്ള ഇടങ്ങളില്‍ അത്തരം വിഭജനങ്ങള്‍ക്കുള്ള സാധ്യത കുറവാണ്. പക്ഷെ ദൂരത്തേയും ഭൂമിശാസ്ത്രത്തെയും ഭാഷയെയും ഒക്കെ നിര്‍വീര്യമാക്കിക്കൊണ്ടാണ് ഹിന്ദു എന്ന സാംസ്‌കാരിക-രാഷ്ട്രീയസ്വത്വം രൂപപ്പെടുകയും വളരുകയും ചെയ്യുന്നത്. അത് വളരെ ഭീഷണമായ രീതിയില്‍ കേരളത്തില്‍ വളര്‍ന്നു കൊണ്ടിരിക്കുന്നു.

ഇന്ത്യയില്‍ നിന്നുള്ള മനുഷ്യര്‍ തെക്കനേഷ്യന്‍ രാജ്യങ്ങളിലെമ്പാടും സഞ്ചരിച്ചതിന്റെ ഭാഗമായി ഇന്ത്യന്‍ പുരാവൃത്തങ്ങളും കഥകളും ഒക്കെ അവിടങ്ങളില്‍ വേര് പിടിച്ചിട്ടുണ്ട്. വടക്ക് നേപ്പാള്‍ അറിയപ്പെടുന്നത് തന്നെ ഒരു ഹിന്ദു രാഷ്ട്രം എന്ന നിലയിലാണ്. എന്നാല്‍ ഈ ഇടങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു ഹിന്ദുവാണ് ഇന്ത്യയില്‍ ഉള്ളത്. അത് ഹിന്ദുമതം ഇന്ത്യയില്‍ ഉണ്ടായത് കൊണ്ടല്ല; ഹിന്ദു മതത്തെ ഒരു സ്വത്വബോധമായി വളര്‍ത്തിയെടുത്ത ഒരു രാഷ്ട്രീയപ്രക്രിയ ഇവിടെ ഉണ്ടായത് കൊണ്ടാണ്. ബ്രിട്ടീഷ് കൊളോണിയല്‍ ഭാവനയില്‍ ഉണ്ടായ ഇന്ത്യ എന്ന രാജ്യം, അതെ ഭാവനയില്‍ത്തന്നെ ഹിന്ദു എന്ന പൗരനെയും സൃഷ്ടിക്കാന്‍ കാരണമായി. തുടര്‍ന്ന് അത് ബ്രിട്ടീഷ് ഭാവനയെ ഒക്കെ അതിശയിപ്പിച്ചു കൊണ്ട് ഏകശിലാത്മകമായ ഒരു സാംസ്‌കാരിക-രാഷ്ട്രീയ രൂപമായി വളര്‍ന്നു.

ദേശരാഷ്ട്രം എന്നത് ഒരേ ഭാവന പങ്കിടുന്ന സമൂഹങ്ങളുടെ കൂട്ടമാണെന്ന് ആന്‍ഡേഴ്‌സണ്‍ നിര്‍വചിക്കുന്നത് ഇന്ത്യയുടെ കാര്യത്തില്‍ ഒരുപരിധി വരെ ശരിയാണെങ്കിലും പ്രദേശവ്യത്യാസം അനുസരിച്ച് ആ ഭാവനയ്ക്ക് വലിയ വ്യത്യാസങ്ങള്‍ വരുന്നുണ്ട്. ദേശത്തെക്കുറിച്ചുള്ള സാംസ്‌കാരികഭാവനകളാണ് അടിസ്ഥാനമെങ്കിലും ഈ സാംസ്‌കാരികഭാവനകള്‍ ഒന്നും തന്നെ ഒരേ തരത്തിലോ അളവിലോ അല്ല പ്രദേശങ്ങളിലേക്ക് വ്യാപിച്ചിരിക്കുന്നത്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ അത്തരമൊരു ഭാവനയ്ക്ക് ഒരു കേന്ദ്രമോ അതിനെ പിടിച്ചു നിര്‍ത്താന്‍ ഉതകുന്ന സാമ്പത്തിക-സൈനിക-അധികാര ശക്തികളോ ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ ഹിന്ദു മതം എന്നത് ഒരു പൊതുഭാവനയാണെന്ന വാദം കൃത്രിമവും കൃത്യമായ രാഷ്ട്രീയലക്ഷ്യത്തോടെ ഉണ്ടാക്കിയതാണെന്നും മനസ്സിലാക്കാം.

കേരളത്തിലെ വലതുപക്ഷ ഹിന്ദു രാഷ്ട്രീയ വളര്‍ച്ച വളരെ വേഗത്തിലാണെന്ന് ഈ തെരെഞ്ഞെടുപ്പ് ഫലം വെളിപ്പെടുത്തുന്നു. അതായത് കൃത്രിമമായി സൃഷ്ടിക്കപ്പെട്ട ഒരു ഹിന്ദു ബോധം കേരളത്തിലെ അഭ്യസ്തവിദ്യരായ ജനങ്ങള്‍ക്കിടയില്‍ പടര്‍ന്നു പിടിച്ചിരിക്കുന്നു എന്നര്‍ത്ഥം. കേരളത്തില്‍ ഹിന്ദുക്കള്‍ ഉണ്ടെന്ന് സാംസ്‌കാരികമായ പൊതുഭാവനയ്ക്കുള്ളില്‍ നിന്ന് പറയാമെങ്കിലും ഇവിടെ ജാതികളും സമുദായങ്ങളും മാത്രമേ ഉള്ളൂ എന്ന് തെരെഞ്ഞെടുപ്പ് വിശകലനങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്. കേരളത്തില്‍ ഈഴവരാണ് ജനസംഖ്യയില്‍ കൂടുതലെങ്കിലും നായര്‍ സമുദായത്തിലെ ആളുകളാണ് ജനപ്രതിനിധികളായി വരുന്നത് എന്ന് കാണുമ്പോള്‍ മനസ്സിലാകുന്നത് സമുദായങ്ങളുടെ ശക്തിയാണ് ഓരോ മണ്ഡലത്തിലും ജനപ്രതിനിധികളെ നിശ്ചയിക്കുന്നത് എന്നാണ്.

മുസ്ലിം മേഖലയില്‍ മുസ്ലിങ്ങളും കിസ്ത്യന്‍ മേഖലയില്‍ ക്രിസ്ത്യാനികളും നാടാര്‍ മേഖലയില്‍ നാടാന്മാരും ഈഴവ മേഖലയില്‍ ഈഴവരും ഒക്കെ പ്രതിനിധികളാകുന്നു. ഒരുപക്ഷെ അത് അങ്ങനെ തന്നെ ആയിരിക്കുകയും വേണം. പക്ഷെ ദളിത്-ആദിവാസി-സ്ത്രീ സമൂഹങ്ങള്‍ക്ക് സംവരണത്തിലൂടെയല്ലാതെ പ്രതിനിധാനം ലഭിക്കുന്നില്ല (ചില അപവാദങ്ങള്‍ ഒഴിച്ചാല്‍) എന്നതാണ് സത്യം. ഇടതുപക്ഷം വര്‍ഗ്ഗങ്ങളെക്കുറിച്ചാണ് പറയുന്നതെങ്കിലും സമുദായരാഷ്ട്രീയത്തെ കടന്നു മുന്നോട്ട് പോകാന്‍ അതിനു കഴിഞ്ഞിട്ടില്ല. എന്നാല്‍ ബി.ജെ.പി കേരളത്തില്‍ ചെയ്യാന്‍ ശ്രമിക്കുന്നത് സമുദായ രാഷ്ട്രീയമല്ല, ഹിന്ദു രാഷ്ട്രീയമാണ്. സമുദായ രാഷ്ട്രീയത്തെക്കാള്‍ അപകടം പിടിച്ച ഒന്നാണ് അത്.

കേരളത്തില്‍ ബി.ജെ.പി ഉണ്ടാക്കിയെടുക്കുന്ന ഹിന്ദു എവിടെ നിന്ന് വരുന്നു എന്നുള്ളതാണ് പ്രധാനപ്പെട്ട ചോദ്യം. അത് കേരളത്തിലെ സമുദായങ്ങളില്‍ നിന്ന് വരുന്നു എന്നാണ് ഉത്തരം. എന്നാല്‍ എങ്ങനെയാണ് സമുദായ സ്വത്വം ഹിന്ദു സ്വത്വമായി പരിണമിക്കുന്നത്? അതാണ് ബി.ജെ.പി നടത്തുന്ന സാമൂഹിക-സാംസ്‌കാരിക എന്‍ജിനീയറിങ്. സമുദായങ്ങള്‍ ആയി തിരിഞ്ഞു നില്‍ക്കുന്ന ഒരു സംസ്ഥാനത്ത് ഹിന്ദുത്വ രാഷ്ട്രീയം വിലപ്പോവില്ല എന്ന് മനസ്സിലാക്കിയ ബി.ജെ.പിയ്ക്ക് മനസ്സിലായത് അതിന്റെ അടവുകള്‍ അല്പം ഒന്ന് മാറ്റിപ്പിടിക്കുകയെ വേണ്ടിയിരുന്നുള്ളൂ. കാരണം കേരളത്തില്‍ സവര്‍ണ്ണ-അവര്‍ണ്ണ വേര്‍തിരിവുകള്‍ വ്യക്തമായ രീതിയില്‍ സമൂഹം സാംസ്‌കാരികമായിത്തന്നെ വിഘടിച്ചിരിക്കുന്നത് അത് കണ്ടു. ക്ഷേത്രദര്‍ശനം നടത്തുന്ന മലയാളിയെ സംബന്ധിച്ചിടത്തോളം അത് തികച്ചും വ്യക്തിപരവും സാമൂഹികവുമായ ഒരു അനുഭവം മാത്രമായിരുന്നു. അതിനെ സാംസ്‌കാരികമായ ഒരു അനുഭവമാക്കി പരിവര്‍ത്തിപ്പിക്കുന്നതിനു വേണ്ട അവസരം കേരളത്തില്‍ ക്രമേണ ഉണ്ടായി. അതിനെ രാഷ്ട്രീയമാക്കി മാറ്റാന്‍ കഴിയും എന്ന തിരിച്ചറിവാണ് ബി.ജെ.പി നേടിയെടുത്തത്. ഇതല്പം വിശദീകരിക്കാം.

കേരളത്തിന്റെ ദേശമനസ്സും ശരീരവും ഹിന്ദു- അഹിന്ദു എന്ന ദ്വന്ദത്തില്‍ സൃഷ്ടിക്കപ്പെട്ടതായിരുന്നു. ഹിന്ദു എന്നാല്‍ സവര്‍ണ്ണന്‍ എന്നായിരുന്നു അര്‍ഥം. അതിലേയ്ക്ക് ചില കൂട്ടിച്ചേര്‍ക്കലുകള്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഒടുവിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി ഉണ്ടായതോടെ കേരളത്തില്‍ പ്രബലമായ ഒരു സവര്‍ണ്ണപരിസരം ഉണ്ടായി. ഇതിനെ ഫ്യൂഡല്‍ സാമൂഹിക അവസ്ഥയും വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥയും ശ്രേണീകൃതമായ ജാതി അവസ്ഥയും എല്ലാം കൂടിച്ചേര്‍ന്നു പരിപോഷിപ്പിച്ചു. ഇതിനെതിരെ ആയിരുന്നു കേരളത്തില്‍ ആദ്യമായി സാമുദായിക വിപ്ലവം ഉണ്ടായത്- അതായത് വിദ്യാഭ്യാസത്തിനും വഴിനടക്കാനും വേണ്ടിയുള്ള വിപ്ലവം.

അത് പുലയര്‍ ഉള്‍പ്പെടെയുള്ള വിവിധ സമുദായങ്ങളാണ് മുന്നോട്ട് നയിച്ചത്. ഹിന്ദു എന്നാല്‍ സവര്‍ണ്ണത എന്ന് തന്നെയാണ് കേരളം മനസ്സിലാക്കിയിട്ടുള്ളത്. നല്ല ഹിന്ദു എന്നോ മോശം ഹിന്ദു എന്നോ അല്ല കേരളം അതിന്റെ രാഷ്ട്രീയ ബോധത്തില്‍ ഉള്‍ക്കൊണ്ടത്. സവര്‍ണ്ണതയെ ചെറുക്കണമായിരുന്നു; അതായിരുന്നു ലക്ഷ്യം. 1930 കളിലും കേരളത്തില്‍ നടക്കുന്ന പ്രധാനപ്പെട്ട ചര്‍ച്ചകളില്‍ ഒന്ന് ഈഴവസമുദായം ഹിന്ദു മതത്തില്‍ ചേരണോ വേണ്ടയോ എന്നതായിരുന്നു. ജനസംഖ്യാപരമായി മുന്നോക്കം നില്‍ക്കുന്ന ഈഴവര്‍ ഹിന്ദു മതം സ്വീകരിച്ചത് സവര്‍ണ്ണതയെ അതിന്റെ ഉള്ളില്‍ നിന്ന് ചെറുത്ത് തോല്‍പ്പിക്കാനായിരുന്നു. എന്നാല്‍ സംഭവിച്ചത് മറിച്ചായിരുന്നു. അവര്‍ സ്വയം സവര്‍ണ്ണത സ്വീകരിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. നമുക്ക് ജാതിയും മതവും ഇല്ലെന്ന് സമുദായാചാര്യനും കൂടിയായിരുന്ന ശ്രീനാരായണ ഗുരുവിന് പറയേണ്ടി വന്നത് ആ സാഹചര്യത്തിലാണ്.

സാംസ്‌കാരികമായി സവര്‍ണ്ണത ഊട്ടി ഉറപ്പിക്കപ്പെടാനേ ഈഴവര്‍ ഹിന്ദു ആകുന്നത് വഴി സാധിച്ചുള്ളൂ. അങ്ങനെ കേരളം ഹിന്ദു=സവര്‍ണ്ണം ആവുകയായിരുന്നു. ഇതിനിടെ ക്രിസ്ത്യാനികളും മുസ്ലീങ്ങളും അവരുടെ സ്വത്വവാദത്തിന്റെ വേരുകള്‍ മതങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട് തന്നെ തെരെഞ്ഞെത്തിയത് മതം മാറിയ നമ്പൂതിരിമാരിലൊക്കെ ആയിരുന്നു. ഈ ഒരു രസതന്ത്രത്തില്‍ നിന്ന് തികച്ചും റാഡിക്കലായി മാറി നിന്നത് ദളിത്-ആദിവാസി തുടങ്ങിയ പിന്നോക്ക സമുദായങ്ങള്‍ തന്നെ ആയിരുന്നു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് തൊഴിലാളി വര്‍ഗ പാര്‍ട്ടി എന്ന നിലയില്‍ അവരെ വളരെ വേഗത്തില്‍ ഉള്‍ക്കൊള്ളുവാന്‍ ആയി. വളരെ കാലങ്ങളോളം ആ സമുദായങ്ങള്‍ക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രക്ഷാകര്‍തൃത്വത്തില്‍ നിന്ന് കുതറി മാറാന്‍ കഴിഞ്ഞില്ല.

ജാതിപ്പേര് മാറ്റിയത് കൊണ്ട് മാത്രം സാമൂഹിക വിപ്ലവം വരും എന്ന യാന്ത്രിക സമീപനം ക്രമേണ പൊളിയുകയും ജാതി എന്നത് സാമൂഹിക-രാഷ്ട്രീയ അബോധമായി നില്‍ക്കുന്നു എന്ന് തിരിച്ചറിയുകയും ചെയ്യുന്നതോടെയാണ് ദളിത് സമുദായങ്ങള്‍ ക്രമേണ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് അകലുന്നതും സ്വത്വവാദപരമായ സാമൂഹിക-സാംസ്‌കാരിക സംഘടനകള്‍ക്ക് രൂപം നല്‍കുന്നതും. ഇവയ്‌ക്കൊക്കെ രാഷ്ട്രീയ രൂപം കൈവരാന്‍ അംബേദ്കറുടെ തത്വചിന്തകള്‍ക്ക് ഒരു രണ്ടാം ജന്മം കിട്ടും വരെ കാത്തിരിക്കേണ്ടി വന്നു. അപ്പോഴേയ്ക്കും കേരളം എന്നത് സാംസ്‌കാരിക-സാമൂഹിക രംഗങ്ങളില്‍ സവര്‍ണ്ണം ആക്കപ്പെടുകയും അത് ഒരു ഡോമിനന്റ് ഹിന്ദു ഐഡന്റിറ്റി കരസ്ഥമാക്കുകയും ചെയ്തു കഴിഞ്ഞിരുന്നു. നമ്മുടെ സിനിമകളും സിനിമാപ്പാട്ടുകളും എടുത്താല്‍ മതി ഇത് മനസ്സിലാക്കാന്‍.

ഈ ഒരു പരിസരത്തിലാണ് ഒരു പൗരനെ സമുദായത്തില്‍ നിന്നും പ്രദേശത്തു നിന്നും അടര്‍ത്തിയെടുത്ത് തികഞ്ഞ ഒരു ഹിന്ദു ആക്കാന്‍ ബി.ജെ. പിയ്ക്ക് എളുപ്പം കഴിയുന്നത്. ഹിന്ദു എന്നത് അഭിലഷണീയമായ, അനുകരണീയമായ ഒരു ഐഡന്റിറ്റി ആണെന്ന് വരുത്തിത്തീര്‍ക്കുക എന്നതാണ് ബി.ജെ.പിയ്ക്ക് വേണ്ടിയിരുന്നത്. അത് കേരളത്തില്‍ ഒരു രാഷ്ട്രീയ പ്രവര്‍ത്തനവും ചെയ്യാതെ തന്നെ ബി.ജെ.പിയ്ക്ക് സാധിച്ചു എന്നതാണ് സത്യം.

അവര്‍ക്ക് ചെയ്യേണ്ടിയിരുന്നത്, ഓരോ ഗ്രാമത്തിലും കടന്നു ചെന്ന് അവിടെ പൊളിഞ്ഞു കിടക്കുന്ന ക്ഷേത്രങ്ങളെ പുനരുദ്ധരിക്കുകയും, ഉള്ള ക്ഷേത്രങ്ങളിലേയ്ക്ക് പുതിയ ആചാരങ്ങളെ കൊണ്ട് വരികയും, ദളിത് കോളനികളില്‍പ്പോലും കടന്നു ചെന്ന് ക്ഷേത്രങ്ങളിലേയ്ക്ക് യുവാക്കളെയും യുവതികളെയും ആകര്‍ഷിക്കുകയും ഒക്കെ ആയിരുന്നു. ക്ഷേത്രത്തില്‍ പോവുക എന്നതിനെ ഒരു അഭിലഷണീയമായ പ്രവൃത്തിയായി മാറ്റുക എന്നത് മാത്രമല്ല, അത് വൈയക്തികമായ ഒരു സാന്ത്വനത്തിനപ്പുറം സാമൂഹികവും സാംസ്‌കാരികവുമായ ഒരു കടമ നിറവേറ്റലായി പ്രദര്‍ശിപ്പിക്കാന്‍ കഴിയുകയും ചെയ്തതാണ് ബി.ജെ.പിയുടെ വിജയം.

ഇതിനിടെ കേരളത്തിലെ ഇടതുപക്ഷവും കോണ്‍ഗ്രസും എല്ലാം ഈ ഒരു പരിവര്‍ത്തനത്തെ ഒരു സമൂഹത്തിന്റെ സാംസ്‌കാരിക ഉത്തേജനത്തിന്റെ ഭാഗമായി കണ്ടു. സര്‍ക്കാര്‍ ഇറക്കുന്ന എല്ലാ ദൃശ്യാ ശ്രവ്യ പരസ്യങ്ങളിലും കേരളത്തിന്റെ പൊതുപശ്ചാത്തലം സവര്‍ണ്ണ/ഹിന്ദു സ്വഭാവമുള്ളതായി മാറി -പദ്മനാഭസ്വാമി ക്ഷേത്രം, കഥകളി, വള്ളംകളി, തിരുവാതിരക്കളി, പൂരം, പുലികളി, അത്തച്ചമയം, മഹാബലി എന്നിങ്ങനെ മാറി (മഹാബലിയുടെ രാഷ്ട്രീയം പിന്നീട് പുറത്താകുന്നത് ബി.ജെ.പി കേരളത്തില്‍ വാമനജയന്തി അവതരിപ്പിക്കുമ്പോഴാണ്. അതിനെ ചെറുക്കുന്നത് ദളിത് സാംസ്‌കാരിക വ്യവഹാരങ്ങള്‍ മാത്രമാണെന്നതാണ് വസ്തുത)- സിനിമയിലെ നായകര്‍ക്കൊക്കെ സവര്‍ണ്ണപുരുഷന്റെ രൂപവും ഭാവവും വന്നു, നായികമാരെല്ലാം വള്ളുവനാടന്‍ സംസ്‌കൃതിയും ഭാഷയും സ്വീകരിച്ചു. അങ്ങനെ, ഷോലെ എന്ന സിനിമയില്‍ പറയുന്നത് പോലെ, ലോഹം ചൂടായി ഇനി അടിച്ചാല്‍ മതി എന്ന അവസ്ഥയിലാണ് ബി.ജെ.പിയുടെ കൈയില്‍ ഇപ്പോള്‍ കേരളത്തെ കിട്ടിയിരിക്കുന്നത്.

വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍ പുരുഷലക്ഷണത്തെക്കുറിച്ച് എഴുതിയിട്ടുണ്ട്; കുമ്പ, കഷണ്ടി, പുറത്തു രോമം, നെഞ്ചത്ത് വെടിക്കല, അരയില്‍ പിശ്ശാങ്കത്തി. ഒരു നായര്‍ മാടമ്പിയുടെ ലക്ഷണങ്ങളാണ് ഇവയെന്ന് നമുക്ക് ഇപ്പോള്‍ അറിയാം. ഇതൊക്കെ തികഞ്ഞ ഒരു നടനെയാണ് ഇന്ന് കേരളം ഏറ്റവും അധികം ആഘോഷിക്കുന്നത്. അദ്ദേഹം തികഞ്ഞ ഒരു ഹിന്ദുവാദിയായതില്‍ അതിശയിക്കാനില്ല. പക്ഷെ ഒരു സമകാലിക ഹിന്ദുവിനെ നമുക്ക് എങ്ങനെ തിരിച്ചറിയാന്‍ കഴിയും? ഒരു സമകാലിക ഹിന്ദു എന്നത് കൈയില്‍ ചരടോ, കാവി മുണ്ടോ, നെറ്റിയില്‍ കുറിയോ അണിഞ്ഞു ക്ഷേത്ര പരിസരങ്ങളിലും ഓട്ടോ സ്റ്റാണ്ടുകളിലും മാത്രം കാണുന്നവന്‍ അല്ല.

ഇപ്പോഴത്തെ ഹിന്ദു ഈ ഒരു പ്രതീകങ്ങളും ഇല്ലെങ്കിലും ഉള്ളില്‍ ഇതൊക്കെയും പേറുന്നവര്‍ ആണ്. പുതിയ കാര്‍ വാങ്ങുമ്പോള്‍ ക്ഷേത്രത്തില്‍ കൊണ്ടുപോയി പൂജിക്കുന്നത് മുതല്‍, ക്ഷേത്രദര്ശനത്തിനായി ആഴ്ചയിലൊരിക്കല്‍ കസവു മുണ്ടും നേരിയതും ധരിക്കുന്നത് മുതല്‍ പ്രണയിക്കാന്‍ പോലും ആദ്യം ജാതി അന്വേഷിക്കുന്നത് മുതല്‍ എല്ലാക്കാര്യത്തിലും ജ്യോതിഷിയെ കാണുന്നത് മുതല്‍ അങ്ങനെ നീളുകയാണ്. ഇതൊക്കെ സോഷ്യലി ഡിസയറബിള്‍ ആണ് എന്നതാണ് അതിനേക്കാള്‍ രസകരം. അതായത് അവിവാഹിതനല്ലെങ്കില്‍ നിങ്ങള്‍ക്ക് ഈ ഗുണങ്ങള്‍ എല്ലാം ഉണ്ടെങ്കില്‍ ഇണയെ കിട്ടുവാന്‍ എളുപ്പമാണ്. പെണ്‍കുട്ടികളെ സംബന്ധിച്ചിടത്തോളവും ഇത് തന്നെയാണ് അവസ്ഥ.

ഒരു പരീക്ഷണം എന്ന നിലയില്‍ കേരളത്തിലെ ഏതൊരു ചെറുപ്പക്കാരനോടോ ചെറുപ്പക്കാരിയോടോ ചോദിക്കുക, നിങ്ങള്‍ എങ്ങനെയാണ് ഹിന്ദു ആയിരിക്കുന്നത് എന്ന്. കിട്ടുന്ന ഉത്തരം ഒട്ടുമേ കൃത്യത ഉള്ളത് ആയിരിക്കില്ല. അത് പാരമ്പര്യമാണെന്നും, ക്ഷേത്രാരാധനയില്‍ വിശ്വസിക്കുന്നത് കൊണ്ടാണെന്നും, വിശ്വാസി ആയതു കൊണ്ടാണെന്നും, രാമായണവും മഹാഭാരതവും വായിക്കുന്നത് കൊണ്ടാണെന്നും ഒക്കെ അനവധിയായ ഉത്തരങ്ങളാകും ലഭിക്കുക.

തന്റെ ‘റിഡില്‍സ് ഓഫ് ഹിന്ദുയിസം’ എന്ന പുസ്തകത്തില്‍ ഡോക്ടര്‍ അംബേദ്കര്‍ ഇത് വളരെ വ്യക്തമായി പറയുന്നുണ്ട്. ഒരു മുസ്ലീമിനോടോ ക്രിസ്ത്യാനിയോടോ ചോദിച്ചാല്‍ അവര്‍ അതാത് മതങ്ങളില്‍ വിശ്വസിക്കുന്നതിനുള്ള കാരണം ഉടനടി വരും- അവര്‍ ഏകദൈവത്തിലും ഏകപുസ്തകത്തിലും വിശ്വസിക്കുന്നു. ഒരു ഹിന്ദുവിന് അത് കഴിയുന്നില്ല എന്ന് മാത്രമല്ല, ഓരോ ഹിന്ദുവിനും ഓരോ കാരണങ്ങള്‍ ആകും നിരത്താന്‍ ഉണ്ടാവുക. എന്നാല്‍ ഒരു ഹിന്ദുവിനോട് അവന്റെ ജാതി എന്തെന്ന് ചോദിച്ചാല്‍ അവനു പറയാന്‍ കഴിയും. അവന്‍ ആ ജാതി പിന്തുടരുന്നവനല്ലെങ്കിലും ആ ജാതിയില്‍ ജന്മം കൊണ്ട് വന്നതാകയാല്‍ ആ ജാതിയെ പേറേണ്ട ചുമതല അവനുണ്ടെന്ന് മനസ്സിലാകും.

എന്നാല്‍ ഹിന്ദു എന്താണെന്ന് അവനറിയില്ല. അവനു വേദമോ, സനാതനഹിന്ദുവെന്നാല്‍ എന്തെന്നോ അറിയില്ല. അവനു അറിയാവുന്നത് അവന്റെ ജാതി മാത്രമാണ്. എങ്കിലും അവന്‍ ഹിന്ദു എന്ന മിഥ്യയിലേയ്ക്ക് സ്വയം പറിച്ചു നടുകയും അതിന്റെ സവര്‍ണ്ണബോധത്തിലേയ്ക്ക് സ്വയം വളര്‍ത്താന്‍ ശ്രമിക്കുകയുമാണ് ചെയുന്നത്. അങ്ങനെയൊരു വ്യക്തിയെ ഹിന്ദുത്വ രാഷ്ട്രീയത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ബി.ജെ.പിയ്ക്ക് ഒരു നിമിഷം മതി.

നിങ്ങള്‍ ഹിന്ദുവാണ് എന്നൊരൊറ്റ കാരണം പറഞ്ഞു കൊണ്ട് ഒരു കമ്മ്യൂണിസ്റ്റിനെയോ ഒരു ദലിതനെയോ മുസ്ലീമിനേയോ തോല്‍പ്പിക്കാന്‍ കേരളത്തിലെ പൗരന്മാരോട് ബി.ജെ.പിയ്ക്ക് ആവശ്യപ്പെടാന്‍ വരുന്ന നാളുകളില്‍ ചിലപ്പോള്‍ എളുപ്പം കഴിഞ്ഞേക്കും. അങ്ങനെയൊരു സാധ്യത ബി.ജെ.പി കാണുന്നത് കൊണ്ടാണ് രണ്ടായിരത്തി ഇരുപത്തി ആറിലെ തെരെഞ്ഞെടുപ്പില്‍ ബി.ജെ.പി ഭരണപക്ഷമോ പ്രതിപക്ഷമോ ആകുമെന്ന് അതിലെ കേരള നേതാക്കള്‍ അവകാശപ്പെടുന്നത്. അതായത് ഇടതുപക്ഷത്തെ കേഡര്‍മാരെ ഉള്‍പ്പെടെ ഹിന്ദു വാദത്തിലേയ്ക്ക് തിരിക്കാന്‍ അവര്‍ക്ക് അഞ്ചു വര്ഷം തന്നെ അധികമാണെന്നര്‍ത്ഥം.

ഇതിന് ആക്കം കൂട്ടാന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് മടങ്ങുന്ന മലയാളികളില്‍ വലിയൊരു വിഭാഗം ഉണ്ട്. തികഞ്ഞ മുസ്ലിം വിരുദ്ധരായിട്ടാണ് അവര്‍ മടങ്ങി വരുന്നത്. ഒരു അറബിയുടെ പെരുമാറ്റം ആകും അവനെ മുസ്ലിം വിരോധിയാക്കുന്നത്. അതിനു ചരിത്രപരമോ സാമൂഹികമോ ആയ ഒരു പശ്ചാത്തലവുമില്ല. ഇത്തരം ആളുകളെ മുന്നില്‍ നിര്‍ത്തിയാകും ബി.ജെ.പി അടുത്ത നീക്കം നടത്തുന്നത്. ഹിന്ദുവില്‍ നിന്ന് ഹിന്ദുത്വയെ വേര്‍തിരിച്ചെടുക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ എല്ലാം വ്യര്‍ത്ഥമാണ്.

ശശി തരൂര്‍ ഞാന്‍ എന്തുകൊണ്ട് ഹിന്ദു ആയിരിക്കുന്നു എന്നൊരു പുസ്തകം എഴുതി. താനൊരു നല്ല ഹിന്ദു ആണ് എന്നൊരു ബോധ്യത്തില്‍ നിന്നാണ് അദ്ദേഹം അത് ചെയ്തിരിക്കുന്നത്. എന്നാല്‍ ഫലത്തില്‍ അതൊക്കെ സഹായിക്കുന്നത് ഹിന്ദുത്വ എന്ന ആശയം ആയി മാറാന്‍ സാധ്യതയുള്ള ഹിന്ദു വാദത്തെ തന്നെയാണ്. കാഞ്ചാ ഇളയ്യ എന്തുകൊണ്ട് ഞാന്‍ ഹിന്ദുവല്ല എന്ന് പറയുന്നത് ഹിന്ദു മതം എന്നത് ശ്രേണീകൃതമായ ജാതിയല്ലാതെ മറ്റൊന്നുമല്ല എന്ന അംബേദ്കറുടെ തിരിച്ചറിവില്‍ നിന്ന് കൊണ്ടാണ്. അതിനെയൊക്കെ പരാജയപ്പെടുത്താനേ എങ്ങനെ ഞാനൊരു നല്ല ഹിന്ദു ആണെന്ന് പറയുന്നത് കൊണ്ട് കഴിയൂ.

ഇടതുപക്ഷത്തെ ഹിന്ദുക്കളെ ഹിന്ദുത്വ വാദികളാക്കാന്‍ ഒരു അഞ്ചുവര്‍ഷം മതിയെന്നുള്ള പരോക്ഷമായ സൂചനകളെ തള്ളിക്കളയാന്‍ പാടില്ല. എന്നാല്‍ എങ്ങനെയാണ് ബി.ജെ.പിയുടെ കേരളത്തിന്റെ ഹൈന്ദവവല്‍ക്കരണത്തെ പ്രതിരോധിക്കാന്‍ കഴിയുക? ശബരിമല നമ്മുടേതാണെന്നും, ഉറിയടി നമ്മുടേതാണെന്നും പൊങ്കാല ചെഗുവരേയും ഫിദല്‍ കാസ്‌ട്രോയും നടത്തുന്നതാണെന്നും ഒക്കെ തോന്നിപ്പിക്കുന്ന പ്രസ്താവനകള്‍ കൊണ്ട്, നമ്മള്‍ നിങ്ങളെക്കാള്‍ വലിയ ഹിന്ദുക്കളാണെന്ന് പറയുന്നത് കൊണ്ട് ഇത് സാധ്യമാണോ?

എന്നാല്‍ അതെ സമയം വിഭാഗീയമായ സമുദായ വോട്ടു ബാങ്ക് രാഷ്ട്രീയത്തിനെ ആധാരമാക്കി മുന്നോട്ട് പോകുന്നത് ശരിയാണോ? എവിടെയാണ് പകരം സംവിധാനങ്ങള്‍ക്ക് വേണ്ടിയുള്ള രാഷ്ട്രീയ സാംസ്‌കാരിക ആവശ്യങ്ങളെ ഇടതുപക്ഷം അക്കൊമൊഡേറ്റ് ചെയ്യുക? മോശം ഹിന്ദുവില്‍ നിന്ന് നല്ല ഹിന്ദുവിനെ വേര്‍തിരിച്ചെടുത്ത് സമത്വസുന്ദര കേരളം കെട്ടിപ്പടുക്കാമെന്നു വ്യാമോഹിക്കുന്ന തരത്തിലുള്ള സാഹിത്യകാരന്മാരെ ഇനിയും സാംസ്‌കാരിക കേരളത്തിന്റെ തലപ്പത്ത് പ്രതിഷ്ഠിച്ചു കൊണ്ട് അത് സാധ്യമാകുമോ?

(ലേഖനങ്ങളുടെ ഉള്ളടക്കം ഡൂള്‍ന്യൂസിന്റെ എഡിറ്റോറിയില്‍ നിലപാടുകളോട് ചേര്‍ന്നതാവണമെന്നില്ല)

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Johny ML writes about Hindu and Hindutva in Kerala