Administrator
Administrator
വിഷാദ മധുരഗാനം…
Administrator
Friday 19th August 2011 4:24pm


പിന്‍ഗാമികള്‍ സൃഷ്ടിക്കപ്പെടുന്നത് മുമ്പേ ഗമിച്ചവരുടെ പാത പിന്തുടര്‍ന്നിട്ടാണ്. തങ്ങള്‍ക്കു മുന്നേ പോയവര്‍ എന്തു ചെയ്തുവോ അതുതന്നെ അനുകരിക്കുകയാണ് ഇവരുടെ പതിവ്. എന്നാല്‍ സംഗീതലോകത്ത് അനുകരണത്തെ എതിര്‍ക്കുകയും തന്റേതായ പാത സൃഷ്ടിക്കുകയും ചെയ്ത സംഗീതസംവിധായകനായിരുന്നു ജോണ്‍സണ്‍.

സംഗീതലോകത്ത് നിലവിലിരുന്ന വ്യവസ്ഥകളെ മാറ്റിമറിക്കുന്നതായിരുന്നു ജോണ്‍സന്റെ സംഗീതം. ഈരടികളുടെ കാവ്യഗുണം നഷ്ടപ്പെടുത്താതെ നിരവധി മനോഹരഗാനങ്ങള്‍ അദ്ദേഹം മലയാളികള്‍ക്കു മുന്നില്‍ അവതരിപ്പിച്ചു. ദേവരാജന്‍ മാഷിന്റെ കൈ പിടിച്ച് ദേവരാഗങ്ങളുമായി സംഗീതലോകത്തിന്റെ പടവുകള്‍ കയറിയ അദ്ദേഹത്തിന് പ്രശസ്തിയുടെ നെറുകയിലെത്താന്‍ അധികം കാത്തിരിക്കേണ്ടി വന്നില്ല. സംഗീതലോകം പ്രതിസന്ധിയിലായപ്പോഴും അദ്ദേഹം യാതൊരു വിട്ടുവീഴ്ചയ്ക്കും വഴങ്ങിയിരുന്നില്ല.

ഇക്കാരണങ്ങള്‍ കൊണ്ടൊക്കെയായിരിക്കാം അദ്ദേഹത്തെ മലയാള സിനിമ പൂര്‍ണ്ണമായും തഴഞ്ഞത്. നാലു വര്‍ഷം മുമ്പ് ‘കണ്ണന്റെ കറുപ്പുനിറവു’മായി അദ്ദേഹം വീണ്ടും മലയാളികള്‍ക്കു മുന്നിലെത്തി. മലയാള സംഗീതത്തെ രാജ്യാന്തരതലത്തില്‍ ശ്രദ്ധേയമാക്കിയതില്‍ ജോണ്‍സണ്‍ സുപ്രധാന പങ്കുവഹിച്ചു. പൊന്തന്‍ മാട, സുകൃതം എന്നീ ചിത്രങ്ങളിലെ പശ്ചാത്തലസംഗീതത്തിലൂടെ സംഗീതസംവിധാനത്തിന് ആദ്യമായി ദേശീയ അവാര്‍ഡ് എന്ന ബഹുമതി അദ്ദേഹം കേരളത്തിന് നേടിത്തന്നു.

ഹൃയത്തെ തൊടുന്ന ഈണങ്ങള്‍ നിര്‍മ്മിച്ച ശേഷം മലയാളത്തില്‍ നിന്ന് പോയ്മറഞ്ഞ ജോണ്‍സണ്‍ മാഷ് തിരിച്ചുവരികയാണ്…അന്ത്യവിശ്രമത്തിനായി… ജോണ്‍സണ് ഡൂള്‍ന്യൂസിന്റെ ആദരാഞ്ജലികള്‍….

സിബി മലയില്‍, സിനിമാ സംവിധായകന്‍

ഞാനും ജോണ്‍സണും ആദ്യമായി ഒരുമിച്ച് ജോലി ചെയ്തത് തനിയാവര്‍ത്തനത്തിന് വേണ്ടിയാണ്. തനിയാവര്‍ത്തനത്തിന്റെ പശ്ചാത്തല സംഗീതം ജോണ്‍സണായിരുന്നു. പശ്ചാത്തല സംഗീതം ഒരുക്കുന്നതില്‍ അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ടായിരുന്നു.

ദേവരാജന്‍ മാഷിന്റെ ശിഷ്യത്വം അദ്ദേഹത്തില്‍ വളരെയധികം ഗുണം ചെയ്തിരുന്നു. എന്റെ ചിത്രങ്ങളായ കിരീടം, ചെങ്കോല്‍, ദശരഥം എന്നിവയില്‍ അദ്ദേഹമായിരുന്നു സംഗീതം നിര്‍വഹിച്ചത്‌. കിരീടത്തിലെ കണ്ണീര്‍ പൂവിന്റെയും ചെങ്കോലിലെ മധുരം ജീവാമൃത ബിന്ദുവും ദശരഥത്തിലെ മന്താരചെപ്പുണ്ടോ എന്ന ഗാനവും ഇന്നും മലയാളികള്‍ ഓര്‍ത്തിരിക്കുന്നവയാണ്.
കേരളീയമായ, ശുദ്ധമായ സംഗീതത്തിന്റെ ഭാഗത്ത് നിന്നയാളായിരുന്നു ജോണ്‍സണ്‍. ആധുനിക രീതിയിലുള്ള സംഗീത സംവിധാനത്തോട് അദ്ദേഹത്തിന് താത്പര്യമുണ്ടായിരുന്നില്ല.  അതുകൊണ്ടു തന്നെയാണ് അദ്ദേഹത്തിന്റെ ഗാനങ്ങള്‍ ഇന്നും ആളുകള്‍ ഓര്‍ത്തിരിക്കുന്നത്.

അദ്ദേഹവുമായി  വ്യക്തിപരമായി വളരെ അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു. വളരെ പെട്ടന്ന് പരിഭവിക്കുകയും പിണങ്ങുകയും ചെയ്യുന്ന പ്രകൃതമായിരുന്നു അദ്ദേഹത്തിന്. തൊഴില്‍പരമായി വളരെയധികം ആത്മാര്‍ത്ഥതയുള്ള ജോണ്‍സണ്‍ ഈ കാരണത്താല്‍ പലരുമായി പിണങ്ങുമായിരുന്നു.

ഔസേപ്പച്ചന്‍, സംഗീത സംവിധായകന്‍

സംഗീതലോകത്തില്‍ ജോണ്‍സൊണൊപ്പം ഏതാണ്ടൊരുമിച്ചാണ് ഞാനും കടന്നുവന്നത്. തൃശ്ശൂരിലെ പ്രമുഖ സംഗീതകൂട്ടായ്മയായ വോയ്‌സ് ഓഫ്   ട്രിച്ചൂരില്‍ മ്യൂസിക് കണ്ടക്ടറുടെ റോളായിരുന്നു ജോണ്‍സണ്. അവിടെ വയലിനിസ്റ്റായിരുന്നു ഞാന്‍.

പിന്നീട് ചലച്ചിത്ര സംവിധായകനായി ജോണ്‍സണ്‍ മദ്രാസിലേക്ക് വന്നപ്പോഴും ആ ആത്മബന്ധം തുടര്‍ന്നു. അദ്ദേഹത്തിന്റെ ആദ്യകാല വര്‍ക്കുകളില്‍ വയലിന്‍ വായിക്കാനുള്ള അവസരം എനിക്ക് ലഭിച്ചിട്ടുണ്ട്. പീന്നീട് ഞാന്‍ സംഗീതസംവിധാന മേഖലയില്‍ ചുവടുറപ്പിച്ചപ്പോള്‍ പ്രോത്സാഹനവും അഭിനന്ദനവുമേകാന്‍ ജോണ്‍സണ്‍ എന്നും മുന്‍പന്തിയിലുണ്ടായിരുന്നു.

ജന്മസിദ്ധമായ പ്രതിഭാസമ്പന്നത കൊണ്ട് വേറിട്ടുനിന്ന ജോണ്‍സണ്‍, സംഗീതം നല്‍കിയ ഗാനങ്ങളെല്ലാം ക്ലാസിക്കല്‍ നിലവാരം പുലര്‍ത്തുന്നവയായിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറവും അവ പകര്‍ന്നു തരുന്ന സുഖം അതുല്യവും അമൂല്യവുമാണ്. ഞാനുള്‍പ്പെടെയുള്ള സംഗീതസംവിധായകര്‍ക്ക് ജോണ്‍സന്റെ രചനകള്‍ പാഠപുസ്തകങ്ങളാണ്.

അടുത്തിടെ ഒരു ടി.വി. ചാനലിലെ സംഗീത പരിപാടിയുടെ വേദിയിലാണ് അദ്ദേഹത്തെ അവസാനമായി കണ്ടുപിരിഞ്ഞത്. ഇതുവരെ സംഗീതസംവിധാനം നിര്‍വഹിച്ച രചനകളുടെ മികവില്‍ മാത്രം മലയാള ചലച്ചിത്രലോകത്ത് ജോണ്‍സന്റെ നാമം ചിരപ്രതിഷ്ഠ നേടുമായിരുന്നു.

ജോണ്‍സന്റെ അകാലവിയോഗം മലയാള ചലച്ചിത്രലോകത്തെ സംബന്ധിച്ചിടത്തോളം നികത്താനാകാത്ത നഷ്ടമാണ്. എനിക്ക് കൈമോശം വന്നതാകട്ടെ, സദാപ്രസന്നതയോടെ സൗഹൃദം പുലര്‍ത്തിയിരുന്ന ഉറ്റചങ്ങാതിയെയും.

രവി മേനോന്‍, മാതൃഭൂമി എഫ്.എം റേഡിയോ റിസര്‍ച്ച് ഹെഡ്

മലയാള സംഗീതലോകത്തിന് ഒട്ടേറെ കാവ്യഗുണങ്ങളുള്ള പാട്ടുകള്‍ നല്‍കിയ സംഗീതസംവിധായകനായിരുന്നു ജോണ്‍സണ്‍ മാഷ്. മലയാള ഗാനശാഖയ്ക്ക് നഷ്ടമായിരുന്ന സാഹിത്യപ്രാധാന്യം തിരിച്ചുവരുന്നത് മാഷിന്റെ ഗാനങ്ങളിലൂടെയാണ്. അതുവരെ പ്രതിസന്ധിഘട്ടത്തിലായിരുന്നു മലയാള സിനിമാ സംഗീതം. മലയാളം വശമില്ലാത്ത സംഗീതസംവിധായകരായിരുന്നു ഉണ്ടായിരുന്നത്.

പാട്ടെഴുതി ഈണമിടുന്നതിനു പകരം ഈണത്തിനനുസരിച്ച് പാട്ടെഴുതുന്ന രീതിയായിരുന്നു നിലവിലുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ പാട്ടിന്റെ ഗുണനിലവാരം പലപ്പോഴും കുറവായിരുന്നു. സാഹിത്യത്തിന് പ്രാധാന്യം നല്‍കിയിരുന്നില്ലെന്നുമാത്രമല്ല, പാട്ടിനെക്കുറിച്ചും അതിന്റെ സാഹിത്യഭംഗിയെക്കുറിച്ചും ബോധമുള്ള സംവിധായകരും കുറവായിരുന്നു. ഇത്തരമൊരു പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ജോണ്‍സണ്‍ മാഷിന്റെ രംഗപ്രവേശം.

ആ കാലഘട്ടത്തില്‍ സംഗീതശാഖയ്ക്ക് ലഭിച്ച മുതല്‍ക്കൂട്ടായിരുന്നു ജോണ്‍സണും രവീന്ദ്രന്‍ മാഷും. 1980 കളില്‍ സംവിധാനരംഗത്ത് സജീവമായിരുന്ന പത്മരാജന്‍, ലോഹിതദാസ്, ഭരതന്‍, സത്യന്‍ അന്തിക്കാട് തുടങ്ങിയവരുടെ ചിത്രങ്ങളിലൂടെയാണ് ജോണ്‍സണ്‍ സിനിമയിലെ നിറസാന്നിധ്യമാകുന്നത്. 1978 ല്‍ ഭരതന്റെ ആരവം എന്ന ചിത്രത്തിന് പശ്ചാത്തല സംഗീതം നിര്‍വഹിച്ചുകൊണ്ടാണ് ജോണ്‍സണ്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് മലയാള സംഗീതലോകത്ത് ജോണ്‍സണ്‍ തരംഗമായിരുന്നു.

മൂന്നുപതിറ്റാണ്ടോളം മലയാളിക്ക് മറക്കാനാകാത്ത ഒരുപാട് ഗാനങ്ങള്‍ ഈണങ്ങള്‍ സമ്മാനിച്ച മാഷിനെ സിനിമാലോകം തഴയുന്ന കാഴ്ചയാണ് കുറച്ചുകാലങ്ങളായി നാം കണ്ടത്. സംഗീതലോകത്തെ കടുത്ത മത്സരവും ഒരു ഗ്രൂപ്പിലും ഉള്‍പ്പെടാതിരുന്നതുമാണ് ജോണ്‍സണ്‍ തഴയപ്പെടാന്‍ കാരണം. വ്യക്തിപരമായ കാരണങ്ങളും ഇല്ലാതില്ല. പക്ഷേ 2006 ല്‍ ഫോട്ടോഗ്രാഫര്‍ എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവാണ് അദ്ദേഹം നടത്തിയത്. തീര്‍ച്ചയായും മലയാളികള്‍ക്കും തെന്നിന്ത്യന്‍ സിനിമാസംഗീതത്തിനും തീരാനഷ്ടംതന്നെയാണ് ജോണ്‍സണിന്റെ വിയോഗം.

കൈതപ്രം ദാമോദരന്‍ നമ്പൂതിരി, ഗാനരചയിതാവ്

ജോണ്‍സണ്‍ കരുത്തനായ സംഗീതസംവിധായകനായിരുന്നു. അതേസമയം ലോലഹൃദയനുമായിരുന്നു. പുറമേ നിന്ന് നോക്കിയാല്‍ വളരെ പരുക്കനാണെന്ന് തോന്നും. സാഹിത്യവും സംഗീതവും തമ്മിലുള്ള ബന്ധമായിരുന്നു ഞാനും ജോണ്‍സണും തമ്മിലുണ്ടായിരുന്നത്. വളരെ ദൃഢമായ ബന്ധം ഞങ്ങള്‍ കാത്തുസൂക്ഷിച്ചിരുന്നു.

വരവേല്‍പ്പിലൂടെയാണ് ഞങ്ങള്‍ ആദ്യമായി ഒരുമിക്കുന്നത്. ഒരു വര്‍ഷം 29 ചിത്രങ്ങള്‍ ചെയ്ത് ഞങ്ങള്‍ റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. 15 ദിവസം മുന്‍പ് വരെ ഞങ്ങള്‍ തമ്മില്‍ കണ്ടിരുന്നു. നന്നായി പാടുമായിരുന്നു ജോണ്‍സണ്‍, മിക്കവാറും എല്ലാ ഉപകരണവും വായിക്കും.

മോഡേണ്‍ ഓര്‍ക്കസ്ട്രയില്‍ ജോണ്‍സണ് താത്പര്യമുണ്ടായിരുന്നില്ല. അദ്ദേഹത്തെ മലയാള സിനിമ മാറ്റി നിര്‍ത്താന്‍ അതും ഒരു കാരണമായിരുന്നിരിക്കാം. പക്ഷെ അതിനെക്കാള്‍ മികച്ച മെലഡീസ് അദ്ദേഹത്തിന്റെ കയ്യിലുണ്ടായിരുന്നു. ആധുനിക സാങ്കേതിക രീതി ഉപയോഗിച്ച് ആര്‍ക്കും ഓര്‍ക്കസ്ട്ര ചെയ്യാം എന്നാല്‍ യഥാര്‍ത്ഥ കംപോസിംഗ് എല്ലാവര്‍ക്കും പറ്റില്ല. അതാണ് ജോണ്‍സണെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്.

സുജാത, ഗായിക

കാപട്യമില്ലാത്ത മനസ്സായിരുന്നു ജോണ്‍സേട്ടന്റേത്. മനസ്സിലൊന്നുവച്ചിട്ട് മറ്റൊന്നു പറയുന്ന ശീലം ജോണ്‍സേട്ടനുണ്ടായിരുന്നില്ല. അത്രയും സുതാര്യമായ മനസ്സായിരുന്നു അദ്ദേഹത്തിന്റേത്.

ശ്വേതയുടെ വിവാഹം ക്ഷണിക്കാന്‍ അവള്‍ക്കൊപ്പം ജോണ്‍സേട്ടന്റെ വീട്ടില്‍ പോയിരുന്നു. കല്ല്യാണത്തിനൊന്നും പോവുന്ന ശീലം അദ്ദേഹത്തിനില്ലെന്ന് എനിക്കറിയാമായിരുന്നു. കല്ല്യാണത്തിന് വരലുണ്ടാവില്ലെന്ന് ജോണ്‍സേട്ടന്‍ എന്നോട് പറയുകയും ചെയ്തു.

പാടാനായി ജോണ്‍സേട്ടന്‍ വിളിച്ചാല്‍ സന്തോഷത്തോടെയാണ് ഞാന്‍ പോകാറുണ്ടായിരുന്നത്. സമ്പൂര്‍ണ്ണമായ പാട്ടായിരിക്കും അദ്ദേഹം ഒരുക്കിയിട്ടുണ്ടാവുക. അദ്ദേഹം പറഞ്ഞുതരുന്നതുപോലെയങ്ങ് പാടിയാല്‍ മതിയാവും. വിട്ടുവീഴ്ചകളില്ലാതിരുന്നതുകൊണ്ട് ജോണ്‍സേട്ടന് പല അവസരങ്ങളും നഷ്ടമായിട്ടുണ്ട്.

Advertisement