ഇംഗ്ലണ്ടിനെ ഉയരത്തിലെത്തിക്കാന്‍ സാധിക്കുന്ന ആളാണ് ഞാന്‍; ആഷസിലെ തോല്‍വിക്ക് ശേഷം ജോ റൂട്ട്
Sports News
ഇംഗ്ലണ്ടിനെ ഉയരത്തിലെത്തിക്കാന്‍ സാധിക്കുന്ന ആളാണ് ഞാന്‍; ആഷസിലെ തോല്‍വിക്ക് ശേഷം ജോ റൂട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 16th January 2022, 10:46 pm

ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മിലുള്ള ആഷസ് ടെസ്റ്റ് പരമ്പരയിലെ നാണം കെട്ട തോല്‍വിക്ക് ശേഷം പ്രതികരണവുമായി ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട്. നായകസ്ഥാനം രാജി വെക്കാന്‍ താന്‍ ഒരുക്കമല്ലെന്നും ഇംഗ്ലണ്ടിനെ ഉന്നതങ്ങളിലെത്തിക്കാന്‍ തനിക്കാകുമെന്നും റൂട്ട് പറഞ്ഞു.

ഒരു കളിപോലും ജയിക്കാതെയുള്ള ഇംഗ്ലണ്ടിന്റെ മടങ്ങി വരവ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിനെ ചിന്തിപ്പിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ക്കൂടിയാണ് റൂട്ടിന്റെ പ്രതികരണം. രാജി വെക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ തീരുമാനം ഇ.സി.ബിക്ക് വിടുന്നു എന്നുമായിരുന്നു റൂട്ട് പറഞ്ഞത്.

‘ഈ ടീമിനെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കാന്‍ സാധിക്കുന്ന ആളാണ് ഞാന്‍. എനിക്കെതിരായാണ് ബോര്‍ഡിന്റെ തീരുമാനമെങ്കില്‍ അങ്ങനെ തന്നെയായാകട്ടെ,’റൂട്ട് പറയുന്നു.

We need to learn fast' – Joe Root's rallying cry

ഇപ്പോഴുള്ള ടീമിന്റെ യാത്രയില്‍ തനിക്ക് ആത്മവിശ്വാസം കുറവാണെന്നും എന്നാല്‍ ഒരിക്കല്‍ക്കൂടി ടീമിനെ വിജയപാതയിലേക്കെത്തിക്കാന്‍ തനിക്ക് സാധിക്കുമെന്നും റൂട്ട് പറഞ്ഞു.

കഴിഞ്ഞ ആഷസ് പരമ്പയില്‍ ഒരു കളി പോലും ജയിക്കാനാവാതെയാണ് ഇംഗ്ലണ്ട് നാട്ടിലേക്ക് വണ്ടി കയറിയത്.

4-0നാണ് ഓസീസ് പരമ്പര തൂത്തു വാരിയത്. ഒരു മത്സരമെങ്കിലും സമനിലയില്‍ അവസാനിപ്പിച്ച് പരമ്പര വൈറ്റ്‌വാഷിന് വിട്ടുകൊടുത്തില്ല എന്നതാണ് ഇംഗ്ലണ്ടിന് പേരിനെങ്കിലും ആശ്വസിക്കാനുള്ളത്.

അയ്യയ്യേ ഇത് നാണക്കേട്; ആഷസില്‍ ചാരമായി ഇംഗ്ലണ്ട്

271 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് 124ന് പുറത്താകുകയായിരുന്നു. രണ്ടാം ഇന്നിംഗ്സില്‍ ഓസീസിന്റെ ബാറ്റിംഗ് തകര്‍ച്ച മുതലാക്കാന്‍ ഇംഗ്ലണ്ടിന് സാധിക്കാതെ വന്നതോടെ പരമ്പര കങ്കാരുക്കളുടെ കാല്‍ക്കീഴില്‍ അടിയറവ് വെക്കുകയായിരുന്നു. ഇതോടെ 146 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് ഓസീസ് നേടിയത്.

ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ ഒന്നാം ഇന്നിംഗ്‌സില്‍ ട്രാവിസ് ഹെഡിന്റെ സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ 303 റണ്‍സ് എടുത്തിരുന്നു. ഇംഗ്ലണ്ടിനെ ഒന്നാം ഇന്നിംഗ്‌സില്‍ 188 റണ്‍സിന് പുറത്താക്കുകയും ചെയ്തു. രണ്ടാം ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയയെ 155 ന് പുറത്താക്കാനായെങ്കിലും ഇംഗ്ലണ്ട് കുറഞ്ഞ സ്‌കോറിന് പുറത്താകുകയായിരുന്നു.

വിക്കറ്റ് നഷ്ടപ്പെടാതെ 68 റണ്‍സ് എന്ന സ്‌കോറില്‍ നിന്നാണ് ഇംഗ്ലണ്ടിന്റെ അമ്പരപ്പിക്കുന്ന തകര്‍ച്ച തുടങ്ങിയത്.

ഓപ്പണര്‍മാരായ റോറി ബേണ്‍സ് 26(46) സാക് ക്രൗളി 36(66) എന്നിവര്‍ മികച്ച തുടക്കം നല്‍കിയിട്ടും, ആ തുടക്കം മുതലാക്കാന്‍ പിന്നാലെ വന്ന ബാറ്റര്‍മാര്‍ക്കായിട്ടില്ല.

ബൗളര്‍മാരാണ് ഇംഗ്ലണ്ടിന്റെ തകര്‍ച്ച പൂര്‍ത്തിയാക്കിയത്. ഓസ്ട്രേലിയക്ക് വേണ്ടി തകര്‍പ്പന്‍ ബൗളിംഗ് പ്രകടനം കാഴ്ച്ചവെച്ച പാറ്റ് കമ്മിന്‍സ്, സ്‌കോട് ബൊളാന്‍ഡ്, കാമറൂണ്‍ ഗ്രീന്‍ എന്നിവരാണ് ഇംഗ്ലണ്ടിന് വേണ്ടി തിളങ്ങിയത്.

മൂവരും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ഒരു വിക്കറ്റ് നേടി കങ്കാരുക്കളുടെ വിജയം പൂര്‍ത്തിയാക്കി.

സ്‌കോര്‍: ഓസ്ട്രേലിയ 303, 155/ ഇംഗ്ലണ്ട് 188, 124

നായകനായുള്ള ആദ്യ പരമ്പരയില്‍ തന്നെ തകര്‍പ്പന്‍ പ്രകടനം നടത്താനിയാണ് കമ്മിന്‍സ് തന്റെ വരവറിയിച്ചിരിക്കുന്നത്. ഓസീസ് താരം ട്രാവിസ് ഹെഡ് ആണ് കളിയിലേയും പരമ്പരയിലേയും താരം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content highlight:  Joe Root refuses to quit, says he can still take England to greater heights in Test cricket