ബൈഡൻ അധികാരത്തിലേറിയാൽ ഉടൻ ഇന്ത്യക്കാരെ കാത്ത് ഒരു സന്തോഷ വാർത്തയുണ്ട്
World News
ബൈഡൻ അധികാരത്തിലേറിയാൽ ഉടൻ ഇന്ത്യക്കാരെ കാത്ത് ഒരു സന്തോഷ വാർത്തയുണ്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 20th January 2021, 6:23 pm

വാഷിം​ഗ്ടൺ: അമേരിക്കയുടെ 46ാമത് പ്രസിഡന്റായി ജോ ബൈഡൻ അധികാരത്തിലേറിയതിന് പിന്നാലെ ഇന്ത്യക്കാരുൾപ്പെടെയുള്ള കുടിയേറ്റതൊഴിലാളികളെ കാത്ത് ശുഭവാർത്തയെന്ന് റിപ്പോർട്ടുകൾ.

ജോ ബൈ‍ഡൻ കോൺ​ഗ്രസിലേക്ക് അയക്കുന്ന സമ​ഗ്രമായ ഇമ്മി​ഗ്രേഷൻ ബില്ലിൽ തൊഴിൽ അടിസ്ഥാനമാക്കിയുള്ള ​ഗ്രീൻ കാർഡുകൾക്ക് ഓരോ രാജ്യത്തിന്റെയും പരിധി ഒഴിവാക്കാൻ നിർദേശിക്കും എന്നാണ് റിപ്പോർട്ടുകൾ. ഇത് ആയിരക്കണക്കിന് ഇന്ത്യക്കാർക്കും ഐ.ടി പ്രൊഫണൽസിനും ​ഗുണകരമാകുന്ന ബൈഡന്റെ ആദ്യത്തെ തീരുമാനമായിരിക്കും.

യു.എസ്.സിറ്റിസൺഷിപ്പ് ആക്ട് 2021, അമേരിക്കയിലെ ഇമ്മി​ഗ്രേഷൻ സിസ്റ്റം ആധുനികവത്കരിക്കുന്നത് ലക്ഷ്യമിട്ടുള്ളതാണ്. വൈറ്റ് ഹൗസിലെ ബൈ‍ഡൻ ടീമിൽ ഉൾപ്പെടുന്ന ഒരു മുതിർന്ന ഉദ്യോ​ഗസ്ഥനാണ് ഇതുമായി ബന്ധപ്പെട്ട ആദ്യ സൂചനകൾ നൽകിയത്.

കുടുംബങ്ങളെ ഒന്നിച്ച് നിർത്തുന്നതിനും, രാജ്യത്തിന്റെ സാമ്പത്തിക വളർച്ച മെച്ചപ്പെടുത്തുന്നതിനും, കുടിയേറ്റക്കാരോടുള്ള സമീപനത്തോട് മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നതുമാണ് യുഎസ്.സിറ്റിസൺഷിപ്പ് ആക്ട് 2021. ഇമ്മി​ഗ്രോഷൻ വെല്ലുവിളികളെ നേരിടുന്നതിനുള്ള പരിഹാരമായാണ് ഈ ആക്ടിനെ വിശേഷിപ്പിക്കുന്നത്.

അമേരിക്കയിൽ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നവർക്ക് പൗരത്വം ഉറപ്പുനൽകുന്നതിലെ വെല്ലുവിളികൾ കുറയ്ക്കുന്നു എന്നതാണ് പ്രസ്തുത ആക്ട് മുന്നോട്ട് വെക്കുന്ന ​ഗുണം.

അമേരിക്കയുടെ പുതിയ പ്രസിഡന്റായി ഡെമോക്രാറ്റ് നേതാവ് ജോ ബൈഡന്‍ ഇന്ന് അധികാരമേല്‍ക്കും. ബൈഡന്‍ അധികാരമേല്‍ക്കുന്ന ദിവസം അക്രമസംഭവങ്ങള്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കനത്ത സുരക്ഷയിലായിരിക്കും അധികാരമേല്‍ക്കുന്ന ചടങ്ങുകള്‍ നടക്കുക.

വൈസ് പ്രസിഡന്റായി കമലാ ഹാരിസും ഇന്ന് അധികാരമേല്‍ക്കും. യു.എസ് സമയം ഉച്ചയ്ക്ക് 12 മണിക്കാണ് ചടങ്ങുകള്‍ നടക്കുക.

സുരക്ഷാ ഭീഷണിയുള്ളതിനാല്‍ 1000 പേര്‍ മാത്രമായിരിക്കും സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കുക. സ്ഥാനമൊഴിയുന്ന പ്രസിഡന്റും മുന്‍ പ്രസിഡന്റുമാരും സത്യപ്രതിജ്ഞയ്ക്ക് എത്തുന്ന പതിവ് ഇത്തവണയില്ല. ഡൊണാള്‍ഡ് ട്രംപ് ചടങ്ങുകള്‍ക്കെത്തില്ല.

അതേസമയം ബൈഡന്‍ അധികാരമേല്‍ക്കുന്നതിന് മുന്നോടിയായി ട്രംപ് വിടവാങ്ങല്‍ സന്ദേശം പുറത്ത് വിട്ടു. സര്‍ക്കാരിന്റെ വിജയത്തിനായി പ്രാര്‍ത്ഥിക്കുന്നുവെന്നും തന്റെ ഭരണത്തില്‍ ചെയ്യാവുന്നതിലേറെ ചെയ്തുവെന്നും ട്രംപ് പറഞ്ഞു. ട്രംപ് രാവിലെ വൈറ്റ് ഹൗസ് വിടുമെന്നാണ് സൂചന.

ബൈഡന്റെ പേര് പരാമര്‍ശിക്കാതെയായിരുന്നു ട്രംപിന്റെ സന്ദേശം. അതേസമയം ക്യാപിറ്റോള്‍ മന്ദിരത്തിന് നേരെ നടന്ന ആക്രമ പ്രവര്‍ത്തനങ്ങളെ ട്രംപ് എതിര്‍ക്കുകയും ചെയ്തു. രാഷ്ട്രീയ അക്രമങ്ങള്‍ രാജ്യത്തിന് ചേര്‍ന്നതല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സുരക്ഷ കണക്കിലെടുത്ത് രണ്ട് ദിവസത്തക്ക് ക്യാപിറ്റോള്‍ മന്ദിരം അടച്ചിട്ടിരിക്കുകയാണ്. 25000ത്തിലധികം ദേശീയ സുരക്ഷാ ഗാഡുകളെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.

എഫ്.ബി.ഐയുടെ സുരക്ഷാ മുന്നറിയിപ്പ് കണക്കിലെടുത്ത് നേരത്തെ തന്നെ വാഷിംഗ്ടണില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

ജനുവരി 24വരെയാണ് വാഷിംഗ്ടണില്‍ അടിയന്തരാവസ്ഥ നിലനില്‍ക്കുക. ആഭ്യന്തരവകുപ്പും, ഫെഡറല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സിയും ചേര്‍ന്ന് പ്രാദേശിക ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നില്ല എന്ന് ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight:Biden’s immigration bill proposes to eliminate per country cap, to benefit Indian IT professionals