എഡിറ്റര്‍
എഡിറ്റര്‍
ജോലി ലഭിച്ചില്ല: സര്‍ട്ടിഫിക്കറ്റ് കത്തിച്ച് സൗദിയിലെ ദന്തഡോക്ടറുടെ പ്രതിഷേധം
എഡിറ്റര്‍
Tuesday 17th May 2016 3:11pm

joblessജിദ്ദ: കഴിഞ്ഞ രണ്ട് വര്‍ഷക്കാലത്തോളം ജോലി അന്വേഷിച്ചിട്ടും ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് സൗദിയില്‍ ദന്തഡോക്ടര്‍ തന്റെ യൂണിവേഴ്‌സിറ്റി ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കത്തിച്ചു.

സൗദിയിലെ ദന്തഡോക്ടറായ ഹാഫര്‍ അല്‍ ബാറ്റിനാണ് തന്റെ സര്‍ട്ടിഫിക്കറ്റ് പ്രതിഷേധസൂചകമായി കത്തിച്ചത്. ഡിഗ്രി ലഭിച്ച് രണ്ട് വര്‍ഷം പിന്നിടുമ്പോഴും സൗദിയിലെ ഒരു ആശുപത്രിയിലും തനിക്ക് ജോലി ലഭിച്ചില്ലെന്നാണ് ഇദ്ദേഹം പറയുന്നത്.

സര്‍ട്ടിഫിക്കറ്റ് കത്തിക്കുന്നതിന്റെ വീഡിയോയും ഇദ്ദേഹം പോസറ്റ് ചെയ്തിട്ടുണ്ട്. രണ്ട് വര്‍ഷം മുന്‍പ് ജോര്‍ദാന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍രസ് ആന്‍ഡ് ടെക്‌നോളജിയില്‍ നിന്നാണ് ഇദ്ദേഹം ബിരുദം നേടിയത്. സിവില്‍ സര്‍വീസ് മന്ത്രാലയം വഴി കഴിഞ്ഞ രണ്ട് വര്‍ഷമായി ജോലി അന്വേഷിക്കുകയാണെന്നും എന്നാല്‍ ഇന്നേ വരെ തനിക്ക് ഒരിടത്തും ജോലി ലഭിച്ചില്ലെന്നും ഇദ്ദേഹം പറയുന്നു.

ട്രെയിനിങ് ഉള്‍പ്പെടെയുള്ളവ പൂര്‍ത്തിയാക്കിയിട്ടും തനിക്കും തന്നെപ്പോലുള്ള 600 ല്‍പരം ദന്തഡോക്ടര്‍മാര്‍ക്കും ജോലി ലഭ്യമാകുന്നില്ലെന്നാണ് ഇദ്ദേഹം പറയുന്നത്. 310 അപേക്ഷകരില്‍ നിന്നും ആകെ 24 വനിതകള്‍ക്ക് മാത്രമാണ് ഇതുവരെ ജോലി ലഭിച്ചത്. ലെയ്‌സണ്‍ ഓഫീസറായെങ്കിലും ജോലി ലഭിക്കാനായി മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ അപേക്ഷിച്ചിരുന്നെങ്കിലും അമിത അയോഗ്യത കല്‍പ്പിച്ച് തന്നെ ഒഴിവാക്കുകയായിരുന്നെന്നും ഇദ്ദേഹം പറയുന്നു.

പഠനത്തിനും തൊഴിലിനുമായി ഏഴ് വര്‍ഷക്കാലമാണ് ചിലവായത്. ഇതില്‍ മനംനൊന്താണ് സര്‍ട്ടിഫിക്കറ്റ് കത്തിച്ചുകളയാന്‍ താന്‍ തീരുമാനിച്ചത്. ആരോഗ്യമന്ത്രാലയത്തിലെ ആശുപത്രിയില്‍ അസിസ്റ്റന്റ് ഡോക്ടറായി ഒരു ജോലി ശരിയായിരുന്നെങ്കിലും മാസം 4000 സൗദി റിയാലാണ് ശമ്പളമായി പറഞ്ഞിരുന്നത്.

ഒരു സെക്യൂരിറ്റി സ്റ്റാഫിന് പോലും 5000 സൗദി റിയാലിന് പുറമെ ശമ്പളം കിട്ടുന്ന സാഹചര്യത്തിലാണ് ഇത്രയും കുറച്ച് ശമ്പളം പറഞ്ഞതെന്നും കുടുംബനാഥനായ താന്‍ എങ്ങനെ കുട്ടികളേയും കുടുംബത്തേയും നോക്കുമെന്നും ഇദ്ദേഹം ചോദിക്കുന്നു.

ആരോഗ്യമേഖലയില്‍ പ്രവാസികളെയാണ് കൂടുതലായി പരിഗണിക്കുന്നതെന്നും ആരോഗ്യമേഖലയില്‍ സ്വദേശിവത്ക്കരണം നടപ്പിലാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു.

Advertisement