എഡിറ്റര്‍
എഡിറ്റര്‍
ജെ.എന്‍.യു ചുവന്നുതന്നെ; ഉജ്ജ്വല വിജയവുമായി എസ്.എഫ്.ഐ. എ.ഐ.എസ്.എ-ഡി.എസ്.എഫ് സഖ്യം; ചിത്രത്തിലില്ലാതെ എ.ഐ.എസ്.എഫ്
എഡിറ്റര്‍
Sunday 10th September 2017 9:29am

ന്യൂദല്‍ഹി: ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വലവിജയവുമായി എസ്.എഫ്.ഐ. എ.ഐ.എസ്.എ-ഡി.എസ്.എഫ്-ഇടത് സഖ്യം.

സെന്‍ട്രല്‍ പാനലിലെ നാല് ജനറല്‍ സീറ്റുകളിലും ഇടത് വിദ്യാര്‍ഥി സഖ്യം വന്‍ വിജയം നേടി. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ജെ.എന്‍.യുവിലെ വോട്ടെണ്ണല്‍ അവസാനിച്ചത്.

പോള്‍ ചെയ്ത 4639 വോട്ടുകളില്‍ മുഴുവന്‍ വോട്ടുകളും എണ്ണിയപ്പോള്‍ ഇടത് സഖ്യത്തിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥി ഗീതാ കുമാരി (എ.ഐ.എസ്.എ) 1506 വോട്ടുകള്‍ നേടി വിജയിച്ചു. എ.ബി.വി.പി സ്ഥാനാര്‍ത്ഥിയെ നാന്നൂറ് വോട്ടിന് പരാജയപ്പെടുത്തിയായിരുന്നു ഇടത് സഖ്യത്തിന്റെ വിജയം.

1042 വോട്ടുകള്‍ മാത്രമാണ് എ.ബി.വി.പി സ്ഥാനാര്‍ഥി നിധി തൃപാദിക്ക് ലഭിച്ചത്. 935 വോട്ടുകള്‍ നേടി ഷബ്‌ന അലി(ബിഎപിഎസ്എ)യാണ് മൂന്നാമത്. എഐഎസ്എഫ് സ്ഥാനാര്‍ഥി അപരാജിതരാജ 416 വോട്ടുനേടി.

വിവിധ സ്‌കൂളുകളിലെ കൌണ്‍സിലര്‍ സീറ്റുകളില്‍ വന്‍ വിജയം നേടി പ്രധാന സ്‌കൂളുകളുടെ കണ്‍വീനര്‍ സ്ഥാനവും ഇടതു സഖ്യം സ്വന്തമാക്കി.

വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് 1876 വോട്ടുകള്‍ നേടി ഇടത് സഖ്യ സ്ഥാനാര്‍ഥി സിമന്‍ സോയ ഖാന്‍ (എ.ഐ.എസ്.എ) വിജയിച്ചു. 1028 വോട്ടുകള്‍ നേടി എ.ബി.വി.പി സ്ഥാനാര്‍ഥിയും 935 വോട്ടുകളുമായി പിന്നില്‍ ബി.എ.പി.എസ്.എ സ്ഥാനാര്‍ഥിയും എത്തി.

 


Dont Miss റോഹിംഗ്യകള്‍ക്കെതിരായ മ്യാന്‍മര്‍ സൈന്യത്തിന്റെ അതിക്രമത്തിനെതിരെ പ്രതികരിക്കുക: ഒപ്പുശേഖരണവുമായി ആംനസ്റ്റി ഇന്റര്‍നാഷണല്‍


ജനറല്‍ സെക്രട്ടറിയായി ഇടതു സ്ഥാനാര്‍ഥി ദുഗ്ഗിരാല ശ്രീകൃഷ്ണ(എസ്എഫ്‌ഐ) 2082 വോട്ടുകള്‍ നേടി വിജയിച്ചു. 975 വോട്ടുകള്‍ നേടി എ.ബി.വി.പി സ്ഥാനാര്‍ഥിയും 854 വോട്ടുകള്‍ നേടി ബിഎപിഎസ്എ സ്ഥാനാര്‍ഥിയുമാണ് പിന്നിലുള്ളത്.

ഇടതു സഖ്യത്തിന്റെ ജോയിന്റ് സെക്രട്ടറി സ്ഥാനാര്‍ഥി സുഭാന്‍ഷു സിങ്ങ്(ഡി.എസ്എഫ്) 1755 വോട്ടുകള്‍ നേടി വിജയം ഉറപ്പിച്ചു. 920 വോട്ടുകള്‍ നേടി എ.ബി.വി.പി സ്ഥാനാര്‍ഥിയും 860 വോട്ടുകള്‍ നേടി ബിഎപിഎസ്എ സ്ഥാനാര്‍ഥിയുമാണ് പിന്നിലുള്ളത്.

ജെ.എന്‍.യുവിലെ ഏറ്റവും പ്രധാനപ്പെട്ട സ്‌കൂളുകളായ സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ്, സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസ്, സ്‌കൂള്‍ ഓഫ് ലാംഗ്വേജസ് എന്നിവിടങ്ങളിലെ കണ്‍വീനര്‍ സ്ഥാനവും ഇടതു സഖ്യം നേടി. സ്‌കൂള്‍ ഓഫ് ലാംഗ്വേജസില്‍ അഞ്ച് കൗണ്‍സിലര്‍ സീറ്റുകളും ഇടതു സഖ്യം ജയിച്ചു.

സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസില്‍ അഞ്ചില്‍ നാല് കൌണ്‍സിലര്‍ സീറ്റുകളും ഇടത് സഖ്യം നേടി. ഒരു സീറ്റില്‍ സ്വതന്ത്രന്‍ ജയിച്ചു. ഇടതു സഖ്യ സ്ഥാനാര്‍ഥികളായ മാരി പെഗു(302 വോട്ട്), ഐഷ് ഘോഷ് (282), സര്‍തക് ഭാട്ടിയ (250), ശശികാന്ത് ത്രിപാതി (247) എന്നിവരും സ്വതന്ത്ര സ്ഥാനാര്‍ഥി പ്രഹ്‌ളാദ് കുമാര്‍ സിങ്ങും(239) വിജയിച്ചു. 806 വോട്ടുകളാണ് ഇവിടെ പോള്‍ ചെയ്തത്.

Advertisement