ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പില്‍ ആര്‍.ജെ.ഡിയും പ്രതിപക്ഷത്ത്? ലാലുവിനെ ആശുപത്രിയില്‍ പോയിക്കണ്ട് സഖ്യമുണ്ടാക്കി ഹേമന്ത് സോറന്‍
Jharkhand election
ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പില്‍ ആര്‍.ജെ.ഡിയും പ്രതിപക്ഷത്ത്? ലാലുവിനെ ആശുപത്രിയില്‍ പോയിക്കണ്ട് സഖ്യമുണ്ടാക്കി ഹേമന്ത് സോറന്‍
ന്യൂസ് ഡെസ്‌ക്
Saturday, 9th November 2019, 11:59 pm

റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ആര്‍.ജെ.ഡിയുമായി സമവായത്തിലെത്താനുള്ള പ്രതിപക്ഷശ്രമം വിജയിച്ചതായി സൂചന. ആര്‍.ജെ.ഡി പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ബഹിഷ്‌കരിച്ചതിനു പിന്നാലെ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെ.എം.എം) നേതാവ് ഹേമന്ത് സോറന്‍ തടവില്‍ക്കഴിയുന്ന ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിനെ കണ്ടതിനു ശേഷമാണ് ഇക്കാര്യത്തില്‍ ഏറെക്കുറേ വ്യക്തത വന്നത്.

ജയിലില്‍ക്കഴിഞ്ഞിരുന്ന ലാലു ഇപ്പോള്‍ റാഞ്ചിയില്‍ ആശുപത്രിയിലാണ്. ഇവിടെയെത്തിയാണ് കോണ്‍ഗ്രസ്-ജെ.എം.എം സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി കൂടിയായ സോറന്‍ അദ്ദേഹത്തെ കണ്ടത്.

ലാലു തന്നോടു ചില ചോദ്യങ്ങളുന്നയിച്ചെന്നും അധികം വൈകാതെ അതിന്റെ ഉത്തരങ്ങളുമായി തങ്ങള്‍ ചെല്ലുമെന്നും സോറന്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ആര്‍.ജെ.ഡി പ്രതിപക്ഷ സഖ്യത്തിനൊപ്പമാണെന്നും അദ്ദേഹം കൂടിക്കാഴ്ചയ്ക്കു ശേഷം പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അഞ്ചു ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയെങ്കിലും ആര്‍.ജെ.ഡിയെക്കൂടി സഖ്യത്തില്‍ ഉള്‍പ്പെടുത്താനാകാത്തതില്‍ പ്രതിപക്ഷം ആശങ്കയിലായിരുന്നു. അതിനാണ് ലാലുവിനെ കണ്ടതോടുകൂടി ഏറെക്കുറേ പരിഹാരമായത്.

81 അംഗ നിയമസഭയില്‍ ജെ.എം.എമ്മിന് 43 സീറ്റുകളും കോണ്‍ഗ്രസിന് 31 സീറ്റുകളുമാണുള്ളത്. ബാക്കി ഏഴ് സീറ്റുകളാണ് ആര്‍.ജെ.ഡിക്കായി മാറ്റിവെച്ചിട്ടുള്ളത്.

റാഞ്ചിയില്‍ പ്രതിപക്ഷ കക്ഷികള്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഒരു ആര്‍.ജെ.ഡി നേതാവും പങ്കെടുക്കാത്തതു വിവാദമായിരുന്നു. എന്നാല്‍ ലാലുവിനെ കാണാനായി ആര്‍.ജെ.ഡി നേതാവും മകനുമായ തേജസ്വി യാദവ് ആശുപത്രിയിലേക്കു പോന്നതിനാലാണ് വാര്‍ത്താസമ്മേളനത്തില്‍ എത്താതിരുന്നതെന്നായിരുന്നു വിശദീകരണം.

സോറന്‍ ആര്‍.ജെ.ഡിയുടെ ബ്ലാക്ക്‌മെയിലില്‍ വീണുപോയെന്നായിരുന്നു ലാലുവുമായുള്ള കൂടിക്കാഴ്ചയെ ബി.ജെ.പി വിശേഷിപ്പിച്ചത്. സോറന്‍ ജാര്‍ഖണ്ഡിലെ ജനങ്ങളുടെ അഭിമാനത്തിനു ക്ഷതമേല്‍പ്പിച്ചെന്നും ബി.ജെ.പി സംസ്ഥാന വക്താവ് പ്രതുല്‍ ഷാഹ്‌ദോ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മുഖ്യമന്ത്രിസ്ഥാനത്തിനു വേണ്ടിയാണ് സോറന്‍ ഇങ്ങനെയൊക്കെ ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു. നവംബര്‍ 30-നു തുടങ്ങുന്ന വോട്ടെടുപ്പില്‍ ഡിസംബര്‍ 23-നാണു വോട്ടെണ്ണല്‍.