അച്ഛന്‍ ചെയ്തതില്‍ നിന്ന് ഞാന്‍ ചെയ്യാന്‍ ശ്രമിക്കുന്ന കാര്യം അതാണ്; ജിതിന്‍ പുത്തഞ്ചേരി പറയുന്നു
Entertainment news
അച്ഛന്‍ ചെയ്തതില്‍ നിന്ന് ഞാന്‍ ചെയ്യാന്‍ ശ്രമിക്കുന്ന കാര്യം അതാണ്; ജിതിന്‍ പുത്തഞ്ചേരി പറയുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 4th August 2021, 3:42 pm

ഡോണ്‍ പാലത്തറ സംവിധാനം ചെയ്ത സന്തോഷത്തിന്റെ ഒന്നാം രഹസ്യം എന്ന ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷക പ്രശംസ നേടിയ നടനാണ് ജിതിന്‍ പുത്തഞ്ചേരി. ചലച്ചിത്രഗാന രചയിതാവായ ഗിരീഷ് പുത്തഞ്ചേരിയുടെ മകന്‍ കൂടിയാണ് ജിതിന്‍.

അച്ഛനില്‍ നിന്ന് താന്‍ തന്റെ ജീവിതത്തിലേക്ക് സ്വീകരിച്ചിട്ടുള്ള കാര്യങ്ങളെക്കുറിച്ച് പറയുകയാണ് ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ജിതിന്‍ പുത്തഞ്ചേരി.

എന്താണോ ചെയ്യുന്നത് അതില്‍ പെര്‍ഫെക്ട് ആയിരിക്കുന്നയാളാണ് ഗിരീഷ് പുത്തഞ്ചേരിയെന്ന് ജിതിന്‍ പറയുന്നു. താനും ചെയ്യുന്ന കാര്യങ്ങള്‍ പെര്‍ഫെക്ട് ആക്കാനാണ് ശ്രമിക്കുന്നതെന്നും ജിതിന്‍ പറഞ്ഞു.

അച്ഛനെയും തന്നെയും താരതമ്യം ചെയ്യുന്നതില്‍ പ്രശ്‌നമൊന്നും തോന്നിയിട്ടില്ലെന്നും ചെയ്യുന്ന കാര്യങ്ങള്‍ നന്നായി ചെയ്യാന്‍ താന്‍ ശ്രമിച്ചാല്‍ മതിയല്ലോയെന്നും ജിതിന്‍ കൂട്ടിച്ചേര്‍ത്തു.

സന്തോഷത്തിന്റെ ഒന്നാം രഹസ്യത്തില്‍ റിമ കല്ലിങ്കലാണ് ജിതിന്റെ നായികയായി അഭിനയിച്ചത്. റിമ തന്റെ നായികയായി എത്തുമെന്ന് താന്‍ ഒരിക്കലും ചിന്തിച്ചിരുന്നില്ലെന്നും അഭിമുഖത്തില്‍ ജിതിന്‍ പറഞ്ഞു.

‘സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ ഞാന്‍ റെഡിയാണെന്ന് ഡോണിനോട് പറഞ്ഞു. നായികയായിട്ടില്ല, എന്തു ചെയ്യുമെന്നാണ് ഡോണ്‍ എന്നോട് പറഞ്ഞത്. അപ്പോഴും റിമ എന്റെ നായികയായി വരുമെന്ന് ഞാന്‍ ആലോചിച്ചിരുന്നില്ല. പുതിയ ആരെങ്കിലുമായിരിക്കുമെന്നാണ് കരുതിയത്, കാരണം ഞാനും പുതിയ ആളാണല്ലോ. തൊട്ടടുത്ത ദിവസം തന്നെ ഡോണ്‍ വിളിച്ചിട്ട് പറഞ്ഞു. റിമക്ക് സ്‌ക്രിപ്റ്റ് വായിച്ചിട്ട് ഇഷ്ടപ്പെട്ടുവെന്നും ചെയ്യാന്‍ തയ്യാറാണെന്നും. അപ്പോള്‍ ശരിക്കും ഞാന്‍ എക്സൈറ്റഡ് ആയി,’ ജിതിന്‍ പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Jithin Puthenchery says about his father