എഡിറ്റര്‍
എഡിറ്റര്‍
ജിഷ്ണുവിന്റെ കുടുംബത്തിന്റെ മറപറ്റി എല്‍ഡിഎഫ് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗ്രാന്‍ഡ് മാസ്റ്റര്‍ ഡിസൈന്‍ തയ്യാറാകുന്നു; നദാപുരം നന്ദിഗ്രാമാകുന്നുവെന്നും പ്രചരണം; പിന്നില്‍ കോണ്‍ഗ്രസ്-ബി.ജെ.പി സഖ്യമെന്ന് കൊടിയേരി
എഡിറ്റര്‍
Friday 14th April 2017 9:24am

കോഴിക്കോട്: ജിഷ്ണു പ്രണോയിയുടെ കുടുംബത്തിന്റെ മറപറ്റി എല്‍ഡിഎഫ് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗ്രാന്‍ഡ് മാസ്റ്റര്‍ ഡിസൈനാണ് തയ്യാറാക്കിയിരിക്കുകയാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസും ബി.ജെ.പിയും ഇതിനായി ഒരുമിച്ച് പ്രവര്‍ത്തിക്കുകയാണെന്നും കൊടിയേരി ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.

ആര്‍.എസ്.എസും ബി.ജെ.പിയും മതനിരപേക്ഷ ഇന്ത്യയെ ഹിന്ദുവര്‍ഗീയരാഷ്ട്രമാക്കാനുള്ള കൊണ്ടുപിടിച്ച പരിശ്രമത്തിലാണെന്നും അദ്ദേഹം ആരോപിക്കുന്നു. അവര്‍ അതിനായി രാജ്യവ്യാപകമായി വര്‍ഗീയതയും ശിഥിലീകരണവും കെട്ടഴിച്ചുവിട്ടിരിക്കുകയാണ്. എന്നാല്‍ ഈ സാഹചര്യത്തിലും കേരളം പൊതുവില്‍ സാമുദായികസൌഹാര്‍ദം നിലനിര്‍ത്തുന്നുണ്ടെന്ന് അഭിപ്രായപ്പെടുന്ന കൊടിയേരി അതിന് കാരണം എല്‍.ഡി.എഫിന്റെ, വിശിഷ്യാ സി.പി.ഐ.എമ്മിന്റെ ശക്തിയാണെന്ന് അഭിപ്രായപ്പെടുന്നു.

സി.പി.ഐ.എമ്മിന്റെ ശക്തി ദുര്‍ബലപ്പെടുത്താന്‍ പലതരം അടവുകള്‍ പ്രയോഗിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ജിഷ്ണുവിന്റെ കുടുംബത്തിന്റെ മറപറ്റി എല്‍ഡിഎഫ് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗ്രാന്‍ഡ് മാസ്റ്റര്‍ ഡിസൈനാണ് തയ്യാറാക്കിയിരുന്നതെന്നും അദ്ദേഹം പറയുന്നു. ഇതിന് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്നണി കാവിസംഘവുമായി സഹകരിച്ചു. ബൂര്‍ഷ്വാമാധ്യമങ്ങളാകട്ടെ അസാധാരണമായ രീതിയില്‍ അതിനോട് ചായുകയും ചെയ്തു. പൊലീസിനെ പഴി പറഞ്ഞ് എല്‍ഡിഎഫ് സര്‍ക്കാരിനെ ന്യൂനപക്ഷവിരുദ്ധമെന്നും പൗരാവകാശങ്ങള്‍ ലംഘിക്കുന്ന സംവിധാനമാണെന്ന് വരുത്താനും ശ്രമിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ സര്‍ക്കാരിനെ താഴെയിറക്കാനായി കോര്‍പ്പറേറ്റ് മാധ്യമങ്ങളുടെ സഹായത്തോടെ പ്രതിപക്ഷം ശ്രമിക്കുന്നുവെന്നും അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ജിഷ്ണു പ്രണോയിയുടെ കേസെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് തന്റെ നിലപാട് വിശദീകരിച്ചു കൊണ്ടുള്ള ലേഖനം.

ജിഷ്ണുവിന്റെ കുടുംബം ഡി.ജി.പി ഓഫീസിനുമുന്നില്‍ നടത്തിയ സമരത്തെ തുടര്‍ന്ന് ആ കുടുംബം താമസിക്കുന്ന നാദാപുരത്തും വളയത്തും ഇടതുപക്ഷ തൊഴിലാളിപ്രസ്ഥാനത്തെ ദുര്‍ബലപ്പെടുത്താനുള്ള മുതലെടുപ്പ് രാഷ്ട്രീയവും അരങ്ങേറിയെന്നാണ് കൊടിയേരി ആരോപിക്കുന്നത്. മുസ്ലിം ലീഗിന്റെയും കോണ്‍ഗ്രസിന്റെയും നേതൃത്വത്തില്‍ സര്‍ക്കാര്‍വിരുദ്ധ പ്രകടനം ഇതിന്റെ ഭാഗമായി നടന്നുവെന്നും നാദാപുരം നന്ദിഗ്രാം ആയി എന്ന് വിളിച്ചുപറഞ്ഞുകൊണ്ടുള്ള ആഹ്ളാദപ്രകടനമായി അത് മാറിയെന്നും അദ്ദേഹം പറയുന്നു.

നന്ദിഗ്രാമിലെപോലെ സിപിഐഎമ്മിനെ ഒറ്റപ്പെടുത്തുക, എല്‍.ഡി.എഫ് സര്‍ക്കാരിനെ പുറത്താക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളായിരുന്നു ഉയര്‍ത്തിയത്. എന്നാല്‍, നെഹ്റു കോളേജിലെ വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേലിനെ പൊലീസ് അറസ്റ്റ് ചെയ്ത ദിവസം രാത്രി വളയത്ത് വന്‍ ജനാവലി അണിനിരന്ന് എല്‍.ഡി.എഫ് സര്‍ക്കാരിനുപിന്നില്‍ ഈ നാട്ടിലെ ജനങ്ങളുണ്ടെന്ന് പ്രഖ്യാപിച്ച് ശത്രുവര്‍ഗത്തിന് മറുപടി നല്‍കിയതെന്നും കൊടിയേരി അഭിപ്രായപ്പെടുന്നു.


Also Read: ‘ സ്വാതന്ത്ര്യം വേണ്ടവര്‍ രാജ്യം വിട്ടു പോവുക’; ജവാന്മാരെ മര്‍ദിക്കുന്ന യുവാക്കള്‍ക്കെതിരെ ആഞ്ഞടിച്ച് ഗൗതം ഗംഭീറും വിരേന്ദര്‍ സെവാഗും


എന്നാല്‍ ഈ ജനവികാരം ബൂര്‍ഷ്വാമാധ്യമങ്ങളില്‍ പ്രതിഫലിക്കില്ല. എല്‍ഡിഎഫ് സര്‍ക്കാരിനെ പച്ചക്കള്ളങ്ങളും അര്‍ധസത്യങ്ങളും വളച്ചൊടിക്കലുകളുംകൊണ്ട് ആക്രമിക്കുകയാണ്. മാധ്യമങ്ങള്‍ അഴിച്ചുവിടുന്ന ഈ പ്രചാരണകോലാഹലത്തെ അതിജീവിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് കഴിയുമെന്നും കോടിയേരി പറയുന്നു.

ഈ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് സി.പി.ഐ.എമ്മിനും എല്‍.ഡി.എഫ് സര്‍ക്കാരിനും നേരെ മുഖപ്രസംഗങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും വിമര്‍ശനങ്ങളും ഉപദേശങ്ങളും മാധ്യമങ്ങള്‍ ചൊരിയുന്നുണ്ട്. ബംഗാള്‍ അനുഭവം മറക്കാതെ പഠിക്കണമെന്നാണ് പലരുടെയും ഉപദേശമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പറയുന്നു. അതേസമയം, പശ്ചിമബംഗാളിലെ അനുഭവത്തില്‍നിന്ന് രണ്ടുതരം പാഠം പഠിച്ചുകൊണ്ടാണ് കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്നു പറഞ്ഞാണ് കൊടിയേരി ലേഖനം അവസാനിപ്പിക്കുന്നത്.

Advertisement