സൗജന്യങ്ങള്‍ക്കൊടുവില്‍ ഉപഭോക്താവിന്റെ നട്ടെല്ലൊടിക്കാന്‍ ജിയോ; ഇനി റിങ് ചെയ്യുന്നതുമുതല്‍ പണം നല്‍കണം; മറ്റെല്ലാ നെറ്റ്‌വര്‍ക്കുകളിലേക്കും വിളിക്കാന്‍ മിനിട്ടിന് ആറ് പൈസ
national news
സൗജന്യങ്ങള്‍ക്കൊടുവില്‍ ഉപഭോക്താവിന്റെ നട്ടെല്ലൊടിക്കാന്‍ ജിയോ; ഇനി റിങ് ചെയ്യുന്നതുമുതല്‍ പണം നല്‍കണം; മറ്റെല്ലാ നെറ്റ്‌വര്‍ക്കുകളിലേക്കും വിളിക്കാന്‍ മിനിട്ടിന് ആറ് പൈസ
ന്യൂസ് ഡെസ്‌ക്
Wednesday, 9th October 2019, 10:18 pm

കോള്‍ റിങ് സമയപരിധിയെ കുറിച്ചുള്ള വാക് പോരാട്ടം തുടരുന്നതിനിടെ ഉപഭോക്താക്കള്‍ക്ക് വന്‍ തിരിച്ചടിയുമായി ജിയോ. വോഡഫോണ്‍, എയര്‍ടെല്‍ നെറ്റ് വര്‍ക്കുകളിലേക്കുള്ള ഫ്രീ വോയ്‌സ് കോള്‍ അവസാനിപ്പിക്കാനൊരുങ്ങുകയാണ് രാജ്യത്തെ ഏറ്റവും വളര്‍ച്ച നേടികൊണ്ടിരിക്കുന്ന റിലയന്‍സ് ജിയോ.

ബി.എസ്.എന്‍.എല്‍, എയര്‍ടെല്‍, ഐഡിയ തുടങ്ങിയ എല്ലാ നെറ്റ്‌വര്‍ക്കുകളിലേക്കും ഇനി വിളിക്കണമെങ്കില്‍ ഫോണ്‍റിങ് ചെയ്യുന്ന സമയം മുതല്‍ മിനിട്ടിന് ആറ് പൈസ വീതം ഈടാക്കാനാണ് കമ്പനിയുടെ നീക്കം. അതായത് കോള്‍ കണക്ട് ആവുന്നതിന് മുമ്പുമുതല്‍ കമ്പനി പണം ഈടാക്കിത്തുടങ്ങും.

ട്രായ് ഐ.യു.സി ചാര്‍ജിനുള്ള പുതിയ നിബന്ധന കര്‍ശനമാക്കിയതോടെയാണ് ജിയോ ഉപഭോക്താക്കള്‍ കോളുകള്‍ക്ക് മിനിറ്റിന് 6 പൈസ നല്‍കണമെന്ന നീക്കവുമായി കമ്പനി രംഗത്തെത്തിയിരിക്കുന്നത്. അതേസമയം സ്വന്തം നെറ്റ്വര്‍ക്ക് വഴിയുള്ള വോയ്സ് കോളുകള്‍ സൗജന്യമായി തുടരും. നിരക്കുകള്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും.

മറ്റ് നെറ്റ് വര്‍ക്കുകളിലെല്ലാം ഔട്ട്‌ഗോയിങ് കോളുകള്‍ ഇപ്പോഴും സൗജന്യമാണ്. അതേസമയത്താണ് റിങ് ചെയ്തുതുടങ്ങുന്നത് മുതലുള്ള സമയത്തെ പണം ഈടാക്കാന്‍ ജിയോ നീക്കം നടത്തുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ആദ്യമായാണ് ജിയോ ഉപയോക്താക്കള്‍ വോയ്‌സ് കോളുകള്‍ക്ക് പണം നല്‍കേണ്ടിവരുന്നത്. വോയ്സ് കോളുകള്‍ക്ക് നഷ്ടപ്പെടുന്ന തുകയ്ക്കു തുല്യ മൂല്യമുള്ള സൗജന്യ ഡാറ്റ ഉപയോക്താക്കള്‍ക്ക് നഷ്ടപരിഹാരമായി നല്‍കുമെന്നാണ് ജിയോ ഉയര്‍ത്തുന്ന വാദം.

ഇതിന്റെ ഭാഗമായി ജിയോ പുതിയ താരിഫുകളും കൊണ്ടുവന്നിട്ടുണ്ട്. ഇനി മുതല്‍ ജിയോ ഉപഭോക്താവിന് 124 മിനിറ്റ് ഐ.യു.സി കോള്‍ ചെയ്യാന്‍ പത്ത് രൂപയുടെ ടോപ് അപ് ചെയ്യേണ്ടി വരും. ഇതിനു പകരമായി ഒരു ജിബി ഡാറ്റ സൗജന്യമായി നല്‍കും.

ജിയോയും എയര്‍ടെല്ലും തമ്മിലുള്ള കോള്‍ റിങ് സമയപരിധിയെ കുറിച്ചുള്ള വാഗ്വാദം തുടരുകയാണ്. ഒരു കോളിന് മറുപടി നല്‍കാനുള്ള പരമാവധി സമയം വെറും 20-25 സെക്കന്‍ഡാക്കി കുറയ്ക്കുക എന്നതാണ് ജിയോയുടെ നിലപാട്. എന്നാല്‍ ഉപയോക്താക്കള്‍ക്ക് അസൗകര്യമില്ലെന്നും മൊബൈല്‍ സേവനങ്ങളുടെ ഗുണനിലവാരത്തെ ബാധിക്കില്ലെന്നും ഉറപ്പാക്കാന്‍ 30 മുതല്‍ 70 സെക്കന്‍ഡ് വരെ കൂടുതല്‍ സമയം റിങ് നിലനിര്‍ത്തണമെന്നാണ് എയര്‍ടെല്‍ അടക്കമുള്ള മറ്റു ഓപ്പറേറ്റര്‍മാര്‍ മുന്നോട്ടുവക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

റിങ് ദൈര്‍ഘ്യം 70 സെക്കന്‍ഡില്‍ കൂടുതലായിരിക്കണമെന്നും കോളുകള്‍ വിച്ഛേദിക്കാന്‍ ഒരു ടെലികോം സേവനദാതാവിനെയും അനുവദിക്കരുതെന്നുമാണ് എയര്‍ടെല്‍ വാദിക്കുന്നത്. കോളുകളുടെ വിച്ഛേദിക്കല്‍, കോളിങ് ഉപഭോക്താവിന്റെ നിയന്ത്രണത്തിലായിരിക്കണം, ഓപ്പറേറ്ററല്ല ഇതെല്ലാം തീരുമാനിക്കേണ്ടതെന്നുമാണ് എയര്‍ടെല്‍ പറയുന്നത്. ‘ഉപഭോക്താവിന്റെ പെരുമാറ്റം നിയന്ത്രിക്കാനും കോള്‍ വിച്ഛേദിക്കാനും ഓപ്പറേറ്ററെയും അനുവദിക്കരുത്. ഉപഭോക്താവിന് കോള്‍ എപ്പോള്‍ വിച്ഛേദിക്കണമെന്ന് തീരുമാനമെടുക്കാന്‍ കഴിയണം. ഇതിന് ടൈമര്‍ മൂല്യമൊന്നും ആവശ്യമില്ല’, സുനില്‍ മിത്തലിന്റെ നേതൃത്വത്തിലുള്ള എയര്‍ടെല്‍ ട്രായിക്കു നല്‍കിയ കുറിപ്പില്‍ കുറിപ്പില്‍ വ്യക്തമാക്കുന്നു.