ജിന്ന വ്യക്തിയും രാഷ്ട്രീയവും
Discourse
ജിന്ന വ്യക്തിയും രാഷ്ട്രീയവും
ന്യൂസ് ഡെസ്‌ക്
Tuesday, 30th November 2010, 11:25 pm

പുസ്തകം: ജിന്ന വ്യക്തിയും രാഷ്ട്രീയവും
എഴുത്തുകാരന്‍: എ.കെ അബ്ദുള്‍ മജീദ്.
വിഭാഗം: ജീവചരിത്രം.
പേജ്:
232.

വില:140

പ്രസാധകര്‍: അദര്‍ ബുക്‌സ്. കോഴിക്കോട്

ഇന്ത്യാവിഭജനത്തിന്റെ മുഖ്യ കാരണക്കാരനെന്ന പേരില്‍ കടുത്ത വിചാരണക്ക് വിധേയനായ വ്യക്തിയാണ് പാകിസ്ഥാന്‍ രാഷ്ട്രപിതാവ് മുഹമ്മദലി ജിന്ന. വിഭജനത്തിന്റെ ഉത്തരവാദി ജിന്നയല്ലെന്ന തരത്തില്‍ ചില കോണുകളില്‍ നിന്ന് ഉയര്‍ന്ന ശബ്ദങ്ങളെല്ലാം നിര്‍വ്വീര്യമാക്കപ്പെട്ടു. ജിന്ന ഇന്ത്യാ വിഭജനംസ്വാതന്ത്ര്യം എന്ന പുസ്തകം ആ മനുഷ്യനെക്കുറിച്ചുള്ള ചര്‍ച്ചകളെ വീണ്ടും സജീവമാക്കി. ജിന്നയെ പ്രകീര്‍ത്തിച്ച് പുസ്തകമെഴുതിയ ബി.ജെ.പി നേതാവ് ജസ്വന്ത് സിങ്ങിനെ പാര്‍ട്ടി പുറത്താക്കി.

പുകഴ്ത്തലുകളും ഇകഴ്ത്തലുകള്‍ക്കുമപ്പുറത്ത് ജിന്നയെക്കുറിച്ച് അന്വേഷിക്കുന്നു, എ കെ അബ്ദുല്‍ മജീദ് രചിച്ച “ജിന്ന, വ്യക്തിയും രാഷ്ട്രീയവുമെന്ന പുസ്തകം. അദര്‍ ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ നിന്നുള്ള ഭാഗം.

കെ. എന്‍ പണിക്കരുടെ അവതാരികയില്‍ നിന്ന്

ഇന്ത്യന്‍ സമൂഹത്തിന് സംഭവിച്ച വര്‍ഗീയവത്കരണത്തിന്റെ സ്വാധീനമായിരുന്നു ജിന്നയുടെ മനപരിവര്‍ത്തനത്തിന്റെ പ്രധാനപ്പെട്ട കാരണം. ആ സ്വാധീനത്തെ മറികടക്കാന്‍ കഴിയാതെ പോയതായിരുന്നു ജിന്നയുടെ പരാജയം. വര്‍ഗീയതയുടെ രക്തസാക്ഷിയായിരുന്നു ജിന്ന. അദ്ദേഹത്തിന്റെ രക്തസാക്ഷിത്വം ദേശീയ രാഷ്ട്രീയത്തിന് ഉണക്കാന്‍ സാധ്യതയില്ലാത്ത മുറവേല്‍പ്പിച്ചു. ആ മുറിവുകളില്‍ നിന്ന് ഊറുന്ന രക്തം ഇന്നും ഇന്ത്യയിലും പാകിസ്താനിലും വിദ്വേഷത്തിന് കാരണമാകുന്നു. ജിന്നയിലെ രാഷ്ട്രീയ ജീവിതത്തിന്റെ ഹ്രസ്വമെങ്കിലും സമഗ്രമായ ജീവചരിത്രമാണ് ഈ ഗ്രന്ഥം.

ഐക്യത്തിന്റെ സ്ഥാനപതി

…. ഇന്ത്യയെ മുസ്ലീംഭരണത്തില്‍ നിന്ന് രക്ഷിച്ചതിനു ബ്രിട്ടീഷ് ഭരണകൂടത്തിന് നന്ദി രേഖപ്പെടുത്തിയ ഹൈന്ദവ വര്‍ഗീയവാദികളുടെ മതരാഷ്ട്രീയ പ്രചാരവേലകള്‍ സര്‍ സയ്യിദിനെപ്പോലുള്ള മുസ്‌ലിം പരിഷ്‌കര്‍ത്താക്കളെപ്പോലും ആശങ്കയിലാക്കിയ സാഹചര്യത്തിലാണ് രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും ഒരു പതാകക്ക് കീഴില്‍ അണിനിരത്തുക എന്ന ദുഷ്‌കര ദൗത്യം നവറോജിയുടെയും ഗോഖലെയുടേയും ജിന്നയുടേയും നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഏറ്റെടുത്തത്.

1857ലെ ഒന്നാം സ്വാതന്ത്ര്യ സമരം അഭൂതപൂര്‍വ്വമായ ഒരു ഹിന്ദുമുസ്‌ലിം ഐക്യത്തിന് കളമൊരുക്കിയിരുന്നു. ഈ മൈത്രി തകര്‍ക്കുന്നതിന് ബ്രിട്ടീഷ് ഭരണാധികാരികള്‍ കഴിയാവുന്നതൊക്കെ ചെയ്തു. ഹിന്ദുക്കളെയും മുസ്‌ലീങ്ങളെയും ഭിന്നിപ്പിച്ചു നിര്‍ത്തുന്നതിന് അവര്‍ ആവിഷ്‌കരിച്ച പദ്ധതികളിലൊന്നായിരുന്നു ബംഗാള്‍ വിഭജനവും പ്രത്യേക നിയോജകമണ്ഡല സിദ്ധാന്തവും.

ഇതു രണ്ടിനേയും എതിര്‍ത്ത ജിന്ന മുസ്‌ലിംലീഗിനെ ദേശീയ പൊതുദശയിലേക്ക് കൊണ്ടുവരാന്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചു. ഇതിന്റെ ഭാഗമായാണ് താന്‍ ആദ്യം അടുക്കാതെ അകന്നുനിന്ന മുസ്‌ലിംലീഗില്‍ ചേരാന്‍ ജിന്ന തീരുമാനിക്കുന്നത്. കോണ്‍ഗ്രസ് അംഗത്വം ഉപേക്ഷിക്കാതെയാണ് ലീഗില്‍ അംഗത്വമെടുത്തത്. ഗോഖലെയുടെയും ആശിര്‍വാദം അതിനുണ്ടായിരുന്നു. 1913 ഏപ്രില്‍ മാസത്തില്‍ ഇരുവരും ലണ്ടനിലേക്ക് ഒരു യാത്ര പോയി.

ഉല്ലാസകരമായ ആ യാത്രയില്‍ നിരവധി കാര്യങ്ങള്‍ അവര്‍ക്ക് ചര്‍ച്ച ചെയ്യാനുണ്ടായിരുന്നു. ഇന്ത്യന്‍ കാര്യങ്ങളുടെ ചുമതലയുള്ള അണ്ടര്‍ സെക്രട്ടറി ഇസ്‌ലിംഗ്ടണ്‍ പ്രഭുവിനെ കാണുക, ഇന്ത്യന്‍ ദേശീയ സമരത്തിന് പരമാവധി പിന്തുണ സമാഹരിക്കുക എന്നിവ അവയില്‍ പ്രധാനമായിരുന്നു. മുസ്‌ലിംലീഗിനെയും കോണ്‍ഗ്രസിനെയും അടുപ്പിക്കുകയാണ് ഹിന്ദുമുസ്‌ലിം മൈത്രി സ്ഥാപിക്കുന്നതിനുള്ള എളുപ്പ മാര്‍ഗമെന്ന് ജിന്ന കണക്കുകൂട്ടി. ഇരുപാര്‍ട്ടികളെയും ഒരേ വേദിയില്‍ കൊണ്ടുവരാന്‍ കഴിഞ്ഞാല്‍ ഇന്ത്യയുടെ സ്വാതന്ത്ര്യം എളുപ്പമാവുമെന്നായിരുന്നു ജിന്നയുടെ നിസ്വാര്‍ത്ഥമായ പ്രതീക്ഷ.

ലീഗ് നേതാക്കളായ മൗലാനാ മുഹമ്മദലിയുടേയും വസീര്‍ ഹസന്റേയും അഭ്യര്‍ത്ഥനമാനിച്ച് 1913 ഒക്്‌ടോബര്‍ 10ന് ലണ്ടനില്‍ വച്ചാണ് ജിന്ന ലീഗില്‍ അംഗത്വമെടുത്തത്. “ലീഗിനോടും മുസ്‌ലിം താല്‍പര്യത്തോടുമുള്ള കൂറ് ഒരിക്കലും തന്റെ ജീവിതം ഉഴിഞ്ഞുവച്ച വിശാലമായ ദേശീയ താല്‍പര്യത്തിന് എതിരിന്റെ നിഴല്‍ പോലുമാവില്ല.” എന്ന മുന്‍കരുതലോടെയായിരുന്നു ജിന്നയുടെ ലീഗ് പ്രവേശം.

ഇന്ത്യയില്‍ മടങ്ങിയെത്തിയശേഷം കറാച്ചിയില്‍ കോണ്‍ഗ്രസിന്റെ ഇരുപത്തിയെട്ടാമത് വാര്‍ഷികസമ്മേളനത്തില്‍ (1913 ഡിസംബര്‍ 2628) ജിന്ന പങ്കെടുത്തു. അതുകഴിഞ്ഞ് ലീഗിന്റെ ഏഴാം വാര്‍ഷിക സമ്മേളന ഡിസംബര്‍ 31 ത്തില്‍ സംബന്ധിക്കുന്നതിന് ആഗ്രയിലേക്ക് തിരിച്ചു. സ്വയംഭരണം ലീഗ് ലക്ഷ്യമായി അംഗീകരിച്ചതിനെയും ഇന്ത്യയുടെ ദേശീയ ഐക്യത്തിന് ഹിന്ദുമുസ്‌ലിം മൈത്രി അനിവാര്യമാണെന്ന് ലീഗ് ഊന്നിപ്പറഞ്ഞതിനെയും അഭിനന്ദിച്ചുകൊണ്ട് കോണ്‍ഗ്രസ് സമ്മേളനം പ്രമേയം പാസ്സാക്കിയിരുന്നു.

വ്യത്യസ്ത സമുദായ നേതാക്കള്‍ ഒരുമിച്ചിരുന്ന് സര്‍വമാന ദേശീയ പ്രശ്‌നങ്ങളുടെയും പരിഹാരത്തിനുള്ള പ്രവര്‍ത്തനമാര്‍ഗം കണ്ടെത്തുമെന്ന് ലീഗ് പ്രകടിപ്പിച്ച പ്രത്യാശയെ ആ കോണ്‍ഗ്രസ് സമ്മേളനം ഹൃദയപൂര്‍വം സ്വാഗതം ചെയ്തു. നമ്മുടെയെല്ലാവരുടെയും ഹൃദയത്തിലുള്ള ലക്ഷ്യം നേടിയെടുക്കുന്നതിന് മുഴുവന്‍ ജനവിഭാഗങ്ങളോടും സമ്മേളനം ആത്മാര്‍ത്ഥമായി അപേക്ഷിക്കുകയും ചെയ്തു.

ലീഗ്‌കോണ്‍ഗ്രസ് സഹകരണത്തിന് വഴിയൊരുക്കുന്നതായിരുന്നു ജിന്ന മുന്‍കൈയെടുത്തു കൊണ്ടുവന്ന ഈ പ്രമേയം. ആഗ്രയില്‍ തോറ്റ മൗലവി റഫീഉദ്ദീന്‍ അവതരിപ്പിക്കാനിരുന്ന പ്രത്യേക പ്രമേയം തടയാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. മൗലാനാ മുഹമ്മദലിയും ജിന്നയും പ്രമേയം പിന്‍വലിപ്പിക്കാന്‍ പരമാവധി ശ്രമിച്ചിരുന്നു.

ഹിന്ദുമുസ്‌ലിം ഐക്യത്തിന് കൂടുതല്‍ ചടുലമായി പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന തിരിച്ചറിവാണ് ഈ സംഭവം ജിന്നക്കു നല്‍കിയത്. കോണ്‍ഗ്രസിനും ലീഗിനും ഒരു പൊതുലക്ഷ്യം ഉണ്ടാക്കുന്നതില്‍ അദ്ദേഹം വിജയിച്ചു. സ്വയംഭരണം നേടുക എന്നതായിരുന്നു അത്. ഇനി അതിനുള്ള മാര്‍ഗങ്ങള്‍ കൂട്ടായി ആലോചിച്ചു നടപ്പാക്കുകയാണ് വേണ്ടത്. ഭിന്നതകള്‍ രമ്യമായി പരിഹരിക്കുകയും വേണം. രണ്ടു സംഘടനയിലും അംഗത്വമുള്ള തനിക്കുതന്നെയാണ് ഇതിനു മുന്‍കൈ എടുക്കാനാവുക എന്ന് ജിന്നക്ക് അറിയാമായിരുന്നു.

ലെജിസ്ലേറ്റീവ് കൗണ്‍സിലിലും കോണ്‍ഗ്രസിലും ലീഗിലും അംഗമായിരിക്കുക വഴി ഗവണ്‍മെന്റിന്റെയും ജനങ്ങളിലെ വ്യത്യസ്ത ആശയഗതിക്കാരുടേയും നിലപാടുകള്‍ നേരിട്ടു മനസ്സിലാക്കാന്‍ ജിന്നക്കു സാധിച്ചു. ഇന്ത്യന്‍ നേതാക്കളില്‍ മറ്റാര്‍ക്കും ഇത്രയും തന്ത്രപരമായ സ്ഥാനം ഉണ്ടായിരുന്നില്ല.

1914 ആഗസ്ത് 4ന് ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടു. യുദ്ധത്തില്‍ ബ്രിട്ടനെ സഹായിക്കാന്‍ ഇന്ത്യയില്‍ നിന്ന് ആളും അര്‍ഥവും ഒഴുകി. ഈ സമയത്ത് മറ്റു കോണ്‍ഗ്രസ്സ് നേതാക്കളായ ഭാപേന്ദ്രനാഥ് ബസു, ലാലാ ലജ്പത്‌റായ് എന്നിവരോടൊപ്പം ലണ്ടനിലെത്തിയ മഹാത്മജിക്ക് ലണ്ടനിലെ സെസില്‍ ഹോട്ടലില്‍ നല്‍കിയ സ്വീകരണത്തില്‍ ജിന്ന പങ്കെടുത്തു.

ഇംഗ്ലണ്ടിനെ യുദ്ധജ്വരം തീണ്ടിയതിനാല്‍ ഇന്ത്യയിലെ ഭരണപരിഷ്‌കാരം എന്ന ജിന്ന ബസു ലജ്പത്‌റായി അജണ്ടക്ക് ആരും ചെവികൊടുത്തില്ല. തന്റെ ആംബുലന്‍സ് സേനയിലേക്ക് ആളെ ചേര്‍ക്കുന്നതിലായിരുന്നു ഗാന്ധിജിയുടെ ശ്രദ്ധ.

എം.സി വടകരയുടെ പിന്‍കുറിയില്‍ നിന്ന്

അന്തിമ വിശകലനത്തില്‍ ജിന്ന കേവലമൊരു വ്യക്തിയല്ല, അദ്ദേഹം സ്വയം തന്നെ ഒരു പ്രസ്ഥാനമാണ്. ഒരു മഹാപ്രസ്ഥാനത്തിന്റെ തണ്ടും തടിയുമാണ്. അപ്പോള്‍ ജിന്നയെ വിശകലനം ചെയ്യുമ്പോള്‍ അദ്ദേഹം പ്രിതിനിധാനം ചെയ്ത പ്രസ്ഥാനവും വിലയിരുത്തപ്പെടും. അങ്ങനെ ചെയ്‌തെങ്കിലേ ഈ ജീവചരിത്രകൃതിക്ക് പൂര്‍ണ്ണത കൈവരികയുള്ളൂ.

ജിന്നയെ വ്യക്തിപരമായി എതിര്‍ത്തവരുടെയെല്ലാം ഉദ്ദേശ്യം അദ്ദേഹത്തിന്റെ പ്രസ്ഥാനത്തെ തകര്‍ക്കലായിരുന്നു. ഹിന്ദുമുസ്‌ലിം ഐക്യത്തിന്റെ രാജദൂതരെ മുസ്‌ലിം വര്‍ഗീയതയുടെ അപ്പോസ്തലനാക്കിയ പ്രചാരങ്ങളെല്ലാം അതിന്റെ ഭാഗമാണ്. ജിന്നയെ വ്യക്തിപരമായി തേജോവധം ചെയ്യുക, അതുവഴി മുസ് ലിം സമുദായത്തിന്റെ ആത്മവീര്യം കെടുത്തിക്കളയുക എന്ന കുടിയ തന്ത്രമാണ് ഏറെക്കാലമായി ജിന്നാവിരോധികള്‍ പ്രയോഗിച്ചു കൊണ്ടിരിക്കുന്നത്.

പാര്‍സിപ്പെണ്ണിനെ കല്ല്യാണം കഴിച്ചു. പന്നിമാംസം ഭുജുച്ചു, മദ്യം കുടിച്ചു എന്നിത്യാദി നുണ ബോംബുകളാണ് പൊട്ടിത്തെറിച്ചത്. ആ നുണകളെ പ്രതിരോധിക്കാന്‍ ഇവിടെ ആരുമുണ്ടായില്ല. അതിനാല്‍ ഗോളിയില്ലാത്ത പോസ്റ്റിലേക്ക് അടിച്ചുകയറ്റിയ ഗോളുകള്‍ പോലെയായി അതെല്ലാം.

Book Name: Jinnah: Vyktiyum Rashtreeyavum

Editor: A.K Abdul Majeed
Classification: Biography
Page: 232
Price: Rs 125

Publisher: Other Books, kozhikode