എഡിറ്റര്‍
എഡിറ്റര്‍
രാഹുലുമായി ഇപ്പോള്‍ കൂടിക്കാഴ്ച നടത്തില്ല; ബി.ജെ.പിയെ താഴെയിറക്കാന്‍ ആവശ്യമായത് ചെയ്യുമെന്നും ജിഗ്നേഷ് മെവാനി
എഡിറ്റര്‍
Wednesday 1st November 2017 10:10am

അഹമ്മദാബാദ്: ഗുജറാത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്നില്ലെന്ന് ദളിത് നേതാവ് ജിഗ്‌നേഷ് മെവാനി.

ഇനി അഥവാ താന്‍ രാഹുലുമായി കൂടിക്കാഴ്ച നടത്തിയാല്‍ തന്നെ അതു ദളിത് വിഭാഗത്തിന്റെ പ്രശ്‌നങ്ങളിലെ കോണ്‍ഗ്രസ് നിലപാടറിയാന്‍ വേണ്ടിയായിരിക്കുമെന്നും അല്ലാതെ സ്വന്തം താല്‍പര്യങ്ങള്‍ക്കു വേണ്ടിയല്ലെന്നും ജിഗ്‌നേഷ് പറയുന്നു. ഫെയ്‌സ്ബുക് പോസ്റ്റിലാണ് ജിഗ്‌നേഷ് നിലപാടു വ്യക്തമാക്കിയത്.

ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമാകാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ജിഗ്നേഷ് മെവാനി നേരത്തെ പറഞ്ഞിരുന്നു. ബി.ജെ.പിയെ താഴെയിറക്കാന്‍ ആവശ്യമായത് ചെയ്യും.

ഏതെങ്കിലും പ്രത്യേക പാര്‍ട്ടിക്ക് വോട്ടു ചെയ്യാന്‍ താന്‍ ആരോടും ആഹ്വാനം ചെയ്യില്ല. എന്നാല്‍ ഭരണഘടനാ വിരുദ്ധമായ, ദളിത്, പട്ടിദാര്‍, കര്‍ഷക വിരുദ്ധരായ ബിജെപിയെ തകര്‍ക്കാന്‍ ആവശ്യമായതെല്ലാം ചെയ്യുമെന്നും മെവാനി വ്യക്തമാക്കിയിരുന്നു.

അതേസമയം രാഹുല്‍ ഗാന്ധി ബുധനാഴ്ച ആരംഭിക്കുന്ന പ്രചാരണത്തിനിടെ ജിഗ്‌നേഷുമായി കൂടിക്കാഴ്ച നടത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസും വ്യക്തമാക്കി.

ഗുജറാത്തിലെ പട്ടേല്‍ സംവരണ സമര നേതാവ് ഹാര്‍ദിക് പട്ടേലിനേയും പിന്നാക്ക ദളിത്ആദിവാസി ഐക്യവേദി നേതാവ് അല്‍പേഷ് താക്കൂറിനേയും കോണ്‍ഗ്രസ് ക്ഷണിച്ചിരുന്നു. കോണ്‍ഗ്രസ് ക്ഷണം സ്വീകരിച്ച് അല്‍പേഷ് പാര്‍ട്ടിക്കൊപ്പം ചേര്‍ന്നിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണക്കുമെന്ന് ഹാര്‍ദിക് പട്ടേലും പറഞ്ഞിരുന്നു.

ഗുജറാത്തില്‍ ബി.ജെ.പിക്കെതിരെ ചെറുപാര്‍ട്ടികളെ അണിനിരത്തി വിശാല സഖ്യം രൂപീകരിക്കുന്നതിനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ കോണ്‍ഗ്രസ്.

Advertisement