ജാര്‍ഖണ്ഡില്‍ മറാന്ദിയെ ചേര്‍ത്തുപിടിക്കാന്‍ കോണ്‍ഗ്രസ്; സഖ്യത്തിനില്ലെന്ന് ജെ.വി.എം അധ്യക്ഷന്‍; പിണക്കം വേണ്ടെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍
Jharkhand election
ജാര്‍ഖണ്ഡില്‍ മറാന്ദിയെ ചേര്‍ത്തുപിടിക്കാന്‍ കോണ്‍ഗ്രസ്; സഖ്യത്തിനില്ലെന്ന് ജെ.വി.എം അധ്യക്ഷന്‍; പിണക്കം വേണ്ടെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍
ന്യൂസ് ഡെസ്‌ക്
Monday, 4th November 2019, 8:32 pm

റാഞ്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പിലും രണ്ട് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുകളിലും പരാജയം രുചിച്ചതിന് പിന്നാലെ ഇനി വരുന്ന തെരഞ്ഞെടുപ്പുകളെ ശക്തമായി നേരിടാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. നവംബര്‍ 30 മുതല്‍ അഞ്ച് ഘട്ടങ്ങളിലായി നടക്കുന്ന ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പാണ് ഇനി കോണ്‍ഗ്രസിന്റെ ലക്ഷ്യം.

കഴിഞ്ഞ തവണ മഹാസഖ്യത്തിലുണ്ടായിരുന്ന ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച (ജെ.വി.എം-പി) അധ്യക്ഷന്‍ ഇത്തവണ കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്നും സ്വതന്ത്രമായി മത്സരിക്കുമെന്നും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതാണ് കോണ്‍ഗ്രസിന് മുമ്പില്‍ ഇപ്പോഴുള്ള വിലങ്ങുതടി. എന്നാല്‍ വികാസ് മോര്‍ച്ചയെ ചേര്‍ത്തുനിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്.

മഹാസഖ്യം വിടരുതെന്ന് ജെ.വി.എം അധ്യക്ഷന്‍ ബാബുലാല്‍ മറാന്ദിയോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.

മറാന്ദിയുടെ തീരുമാനം തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രകടനത്തെ ബാധിക്കില്ലെന്നാണ് ജെ.എം.എം പറയുന്നത്. മറാന്ദി പിന്മാറിയാല്‍ എന്ത് സംഭവിക്കും എന്ന ചോദ്യത്തിന് ഒന്നും സംഭവിക്കില്ല എന്നായിരുന്നു ജെ.എം.എം ജനറല്‍ സെക്രട്ടറിയും വക്താവുമായ സുപ്രിയോ ഭട്ടാചാര്യയുടെ മറുപടി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ താന്‍ പ്രതിപക്ഷ പാര്‍ട്ടികളോട് സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും ആരും തയ്യാറായില്ലെന്നാണ് മറാന്ദി ആരോപിക്കുന്നത്. പാര്‍ട്ടി സഖ്യം വിടുകയാണെന്നും 81 സീറ്റിലും ഒറ്റക്ക് മത്സരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജെ.വി.എം-പി, ജെ.എം.എം, ആര്‍.ജെ.ഡി എന്നിവരെ ചേര്‍ത്ത് മഹാഗത്ബന്ധന്‍ പുനരാവിഷ്‌കരിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. 14 ലോക്‌സഭാ സീറ്റുകളില്‍ ഓരോന്ന് വീതമാണ് കോണ്‍ഗ്രസും ജെ.എം.എമ്മും നേടിയിരുന്നത്.

സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ലീഡ് ചെയ്ത കോണ്‍ഗ്രസിന്റെ ഗതി നിയന്ത്രിച്ചത് ജെ.എം.എമ്മായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

‘ഞങ്ങളുടെ പി.സി.സി അധ്യക്ഷന്‍ രാമേശ്വര്‍ ഒറാവോണ്‍ ഉടനെത്തന്നെ മറാന്ദിജിയെ കണ്ട് പ്രതിപക്ഷം ഒരുമിച്ച് മത്സരിക്കണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് ബോധ്യപ്പെടുത്തും’, ജാര്‍ഖണ്ഡ് പി.സി.സി വക്താവ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. ‘മഹാസഖ്യത്തില്‍ തുടരണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. എല്ലാ ഇടതുപക്ഷ പാര്‍ട്ടികളെയും സംയോജിപ്പിച്ച് തെരഞ്ഞെടുപ്പിനെ നേരിടാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്’, അദ്ദേഹം പറഞ്ഞു.

2014ല്‍ ജെ.എം.എം 19 സീറ്റുകളില്‍ വിജയിച്ചിരുന്നു. ജെ.വി.എം എട്ട് സീറ്റുകളിലായിരുന്നു ജയം നേടിയത്. പിന്നീട് ജെ.വി.എമ്മില്‍നിന്നും ആറ് എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു.

നവംബര്‍ 20 മുതല്‍ അഞ്ച് ഘട്ടങ്ങളിലായാണ് ജാര്‍ഖണ്ഡില്‍ 81 സീറ്റുകളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ്. ഡിസംബര്‍ 23നാണ് വോട്ടെണ്ണല്‍.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ