പി.എസ്.ജി തോറ്റാല്‍ ഇവനൊക്കെയെന്ത്? തൊട്ടടുത്ത ദിവസം തന്നെ ചൂതാട്ടത്തിനിറങ്ങിയിരിക്കുകയല്ലേ; നെയ്മറിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ താരം
Football
പി.എസ്.ജി തോറ്റാല്‍ ഇവനൊക്കെയെന്ത്? തൊട്ടടുത്ത ദിവസം തന്നെ ചൂതാട്ടത്തിനിറങ്ങിയിരിക്കുകയല്ലേ; നെയ്മറിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 17th February 2023, 1:06 pm

യുവേഫ ചാമ്പ്യന്‍സ് ലീഗിലെ പി.എസ്.ജിയുടെ ആദ്യ മത്സരത്തിന് ശേഷം സൂപ്പര്‍താരം നെയ്മര്‍ ഒരു പോക്കര്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്തതിന് രൂക്ഷവിമര്‍ശനവുമായി എത്തിയിരിക്കുകയാണ് മുന്‍ താരം ജെറോം റോത്തന്‍.

ചാമ്പ്യന്‍സ് ലീഗിലെ ആദ്യ മത്സരത്തില്‍ ബയേണ്‍ മ്യൂണിക്കിനെതിരെ പി.എസ്.ജി ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങിയിരുന്നു.

മത്സരത്തിന്റെ ആദ്യ പാദത്തില്‍ മെസിയും നെയ്മറും ഉണ്ടായിരുന്നിട്ടും പി.എസ്.ജിക്ക് ഗോള്‍ നേടാന്‍ സാധിച്ചിരുന്നില്ല. മത്സരത്തിന് ശേഷം പി.എസ്.ജിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

അടുത്ത മത്സരത്തില്‍ ബയേണിനെ അവരുടെ തട്ടകത്തില്‍ നേരിടാനുള്ളതിനാല്‍ മാച്ച് നടക്കുന്നത് വരെ താരങ്ങളെല്ലാം മതിയായ വിശ്രമം എടുക്കണമെന്നും നന്നായി ഭക്ഷണം കഴിച്ച് ഉറക്കവും ക്രമീകരിച്ച് ആരോഗ്യം ശ്രദ്ധിക്കണമെന്നും എംബാപ്പെ സഹതാരങ്ങളോട് ആവശ്യപ്പെട്ടിരുന്നു.

നമുക്കവിടെ ആധിപത്യം പുലര്‍ത്തണമെങ്കില്‍ കൂടുതല്‍ ശക്തരാകണമെന്നും എങ്ങനെയെങ്കിലും ജയം കൈക്കലാക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്നാല്‍ നെയ്മര്‍ക്ക് ഈ വിചാരങ്ങള്‍ ഒന്നുമില്ലെന്നും അദ്ദേഹത്തിന് ആഡംബര ഹോട്ടലുകളില്‍ പോയി ചൂതാട്ടം നടത്തി സമയം ചെലവഴിക്കേണ്ട ചിന്തയാണെന്നും റോത്തന്‍ ആരോപിച്ചു. ഈ സീസണില്‍ നെയ്മര്‍ പി.എസ്.ജിക്കായി കാഴ്ചവെക്കുന്ന മോശം പ്രകടനത്തെ കുറിച്ചും റോത്തന്‍ സംസാരിച്ചു. ആര്‍.എം.സി ഷോയിലാണ് റോത്തന്‍ നെയ്മര്‍ക്കെതിരായ ആരോപണങ്ങള്‍ നടത്തിയത്.

‘ഇതാദ്യമായല്ല നെയ്മര്‍ ക്ലബ്ബിനും താരങ്ങള്‍ക്കും കോച്ചിനും മെഡിക്കല്‍ സ്റ്റാഫ്‌സിനുമെതിരെ യൂറിനേറ്റ് ചെയ്യുന്നത്. പി.എസ്.ജിയെ ഓര്‍ത്ത് എനിക്ക് സങ്കടം തോന്നുന്നു. നെയ്മര്‍ക്ക് കാര്യങ്ങള്‍ ഒന്നും മനസിലാക്കേണ്ട. അവനെ എത്ര പറഞ്ഞ് മനസിലാക്കാന്‍ ശ്രമിച്ചിട്ടും കാര്യമില്ല, അവനത് ചെയ്യില്ല,’ റോത്തര്‍ പറഞ്ഞു.

ഖത്തര്‍ ലോകകപ്പിന് ശേഷം പി.എസ്.ജിക്കായി കളിച്ച എട്ട് മത്സരങ്ങളില്‍ നിന്ന് രണ്ട് ഗോളുകളാണ് നെയ്മര്‍ അക്കൗണ്ടിലാക്കിയത്. അതിന് മുമ്പ് 21 മത്സരങ്ങളില്‍ നിന്ന് 15 ഗോളുകളും 16 അസിസ്റ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്.

Content Highlights: Jerome Rothen launches attack on Neymar for Poker outing amid poor performances