മോദിക്ക് ഉപരോധം ഏര്‍പ്പെടുത്തണം, ഇന്ത്യയിലെ കര്‍ഷകര്‍ക്ക് സല്യൂട്ട്; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ കേന്ദ്ര സര്‍ക്കാരിനെ കടന്നാക്രമിച്ച് ജേര്‍മി കോര്‍ബിന്‍
World News
മോദിക്ക് ഉപരോധം ഏര്‍പ്പെടുത്തണം, ഇന്ത്യയിലെ കര്‍ഷകര്‍ക്ക് സല്യൂട്ട്; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ കേന്ദ്ര സര്‍ക്കാരിനെ കടന്നാക്രമിച്ച് ജേര്‍മി കോര്‍ബിന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 10th March 2021, 9:15 am

ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളേയും രൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന ലേബര്‍ പാര്‍ട്ടി നേതാവും കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ ബ്രിട്ടനിലെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ ജേര്‍മി കോര്‍ബിന്‍.

ബ്രിട്ടീഷ് പാര്‍ലമെന്റിലായിരുന്നു ജേര്‍മി കോര്‍ബിന്‍ കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. കര്‍ഷക സമരത്തിന് പിന്തുണ നല്‍കി ‘ഇന്ത്യന്‍ കര്‍ഷകരുടെ സുരക്ഷയും മാധ്യമ സ്വാതന്ത്ര്യവും’ എന്ന വിഷയം ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ചര്‍ച്ചയ്‌ക്കെടുത്തപ്പോഴായിരുന്നു കര്‍ഷകര്‍ക്ക് പിന്തുണ നല്‍കി അദ്ദേഹം മുന്നോട്ടുവന്നത്.

മൗലീകാവകാശങ്ങളും പൗരാവകാശങ്ങളും ഹനിക്കുന്ന കുറ്റങ്ങള്‍ മോദിയുടെ ഭരണ ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ നരേന്ദ്ര മോദിക്കെതിരെയും അദ്ദേഹത്തിന്റ സര്‍ക്കാരിനെതിരെയും ഉപരോധം ഏര്‍പ്പെടുത്തണം. മോദിയുടെ യു.കെയിലേക്കുള്ള പ്രവേശനം വിലക്കണമെന്നും ജേര്‍മി കോര്‍ബിന്‍ പറഞ്ഞു.

” ആഗോളവത്കരണത്തിന്റെ സമ്മര്‍ദ്ദം മൂലം ആയിരക്കണക്കിന് ഇന്ത്യന്‍ കര്‍ഷകര്‍ പ്രതിഷേധിക്കുകയാണ്. ലക്ഷക്കണക്കിന് പേര്‍ ഒപ്പിട്ട പരാതിയിലൂടെയാണ് അവരുടെ ശബ്ദം ഉറക്കെ പാര്‍ലമെന്റില്‍ ഇന്ന് കേട്ടത്. തങ്ങളുടെ സന്ദേശം ഉയര്‍ത്തിപ്പിടിക്കാന്‍ സ്വന്തം ജീവിതം അപകടത്തിലാക്കിയ കര്‍ഷകരെയും മാധ്യമ പ്രവര്‍ത്തകരെയും ഞാന്‍ സല്യൂട്ട് ചെയ്യുന്നു, ” ജേര്‍മി പറഞ്ഞു.

”ദല്‍ഹിയില്‍ കര്‍ഷക സമരത്തെ ആക്രമിക്കുന്ന രീതി മുന്‍പു കണ്ടിട്ടില്ലാത്ത വിധത്തിലാണ്. മാധ്യമ പ്രവര്‍ത്തകരെയും സമാനതകളില്ലാത്ത വിധത്തിലാണ് ഇന്ത്യന്‍ സര്‍ക്കാര്‍ നിശബ്ദമാക്കുന്നത്. ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിക്കപ്പെട്ടു. മൊബൈല്‍ ഫോണ്‍ ഉപയോഗത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തി,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ ജനാധിപത്യം വലിയ അപകടത്തിലാണെന്നും മുന്‍പില്ലാത്ത വിധത്തില്‍ ആസൂത്രിതമായ ആക്രമണങ്ങള്‍ ജനാധിപത്യ സംവിധാനത്തിന് നേരെ നടക്കുന്നുണ്ടെന്നും ജേര്‍മി അഭിപ്രായപ്പെട്ടു.

അതേസമയം കര്‍ഷക സമരത്തെക്കുറിച്ച് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ചര്‍ച്ച സംഘടിപ്പിച്ചതിനെതിരെ ഇന്ത്യ കടുത്ത നിലപാടാണ് സ്വീകരിച്ചത്.
ബ്രിട്ടീഷ് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തിയാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതിഷേധം അറിയിച്ചത്.

വിദേശകാര്യ സെക്രട്ടറി വി ശ്രിംഗ്ളയാണ് ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ അലക്സ് ഡബ്ലിയു. എല്ലിസിനെ വിളിച്ചുവരുത്തി വിമര്‍ശിച്ചത്.
അനാവശ്യവും പക്ഷാപാത”പരവുമായ ചര്‍ച്ച നടത്തിയത് തെറ്റായെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിമര്‍ശനം.

‘മറ്റൊരു ജനാധിപത്യ രാജ്യത്തെ രാഷ്ട്രീയ കാര്യങ്ങളിലുള്ള അനാവശ്യ ഇടപെടലാണ് നടന്നതെന്ന് വിദേശകാര്യ സെക്രട്ടറി പറഞ്ഞു. മറ്റൊരു രാജ്യത്തെ നടക്കുന്ന സംഭവങ്ങളെ തെറ്റായി വ്യാഖ്യാനിച്ച് വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്നതില്‍ നിന്ന് ബ്രിട്ടീഷ് എം. പിമാര്‍ മാറി നില്‍ക്കേണ്ടതാണ്,’ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Jeremy Corbyn supports Indian Farmers In British Parliament