ഒമ്പതില്‍ പഠിക്കുമ്പോള്‍ പപ്പ മരിച്ചു; അമ്മ ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നറിയാത്ത അവസ്ഥയിലായി: ജീവ
Entertainment news
ഒമ്പതില്‍ പഠിക്കുമ്പോള്‍ പപ്പ മരിച്ചു; അമ്മ ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നറിയാത്ത അവസ്ഥയിലായി: ജീവ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 14th July 2023, 9:20 am

ഇന്ന് കാണുന്ന തന്നെ രൂപീകരിക്കുന്നതില്‍ അമ്മ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന് അവതാരകനും യൂട്യൂബറുമായ ജീവ. അച്ഛന്‍ മരിച്ചതിന് ശേഷം അമ്മ പുറത്തേക്ക് ജോലിക്ക് പോയെന്നും പിന്നീട് ഒരു വിവരവും ഇല്ലാതായ അവസ്ഥ ഉണ്ടായെന്നും ജീവ പറഞ്ഞു. അന്ന് ഒരുപാട് കഷ്ടപ്പെട്ടെന്നും മറ്റുള്ളവരുടെ യൂണിഫോം ധരിച്ചാണ് സ്‌കൂളില്‍ പോയിരുന്നതെന്നും ധന്യ വര്‍മക്ക് നല്‍കിയ അഭിമുഖത്തില്‍ ജീവ പറഞ്ഞു.

‘അമ്മ പല കാര്യങ്ങളും പറയാതെ പറഞ്ഞുതന്നിട്ടുണ്ട്. എന്റെ ലൈഫ് മോള്‍ഡ് ചെയ്തതില്‍ അമ്മയുടെ പങ്ക് വളരെ വലുതാണ്. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ പപ്പ മരിച്ചുപോയി. അതിന് ശേഷം അമ്മയെ കാണാത്ത കുറേ നാളുകളുണ്ടായിരുന്നു. അമ്മ പുറത്ത് ജോലി ചെയ്യാന്‍ പോയി. എവിടെയാണെന്ന് ഒരു ഐഡിയ ഇല്ല. ആള് ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നറിയാത്ത അവസ്ഥയിലായിട്ടുണ്ട്. അന്ന് ഗ്രാന്റ് പേരന്റ്‌സിന്റെ കൂടെയായിരുന്നു.

ഡൂള്‍ന്യൂസിനെ ത്രെഡ്‌സില്‍ പിന്തുടരാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

പപ്പ മരിച്ചപ്പോള്‍ വേറെ സ്‌കൂളിലേക്ക് മാറ്റി. പള്ളിയിലെ ചേട്ടന്മാര്‍ ഇട്ട സ്‌കൂള്‍ യൂണിഫോം ഇട്ടുകൊണ്ട് പോയ ഒരു ജീവയുണ്ട്. ആഴ്ചയിലൊരിക്കല്‍ സ്‌കൂളില്‍ കളര്‍ ഡ്രസ് ഇടാമെങ്കില്‍ അന്നും ഞാന്‍ യൂണിഫോമിലായിരിക്കും. അമ്മയുള്ളപ്പോള്‍ അങ്ങനെ അല്ലായിരുന്നു. ഇന്ന് എനിക്ക് പത്ത് ഷൂ ഉണ്ടാവും. അന്ന് ഒരു ഷൂ പോലും ഇല്ലാത്ത സമയങ്ങളുണ്ടായിരുന്നു. അന്ന് കിട്ടാത്ത കുറേ കാര്യങ്ങള്‍ ഇപ്പോള്‍ കിട്ടുന്നുണ്ട്. അത് ഞാന്‍ എന്‍ജോയ് ചെയ്യേണ്ടേ.

ഞാനും അപ്പച്ചനും അമ്മച്ചിയും അനിയനും അടങ്ങുന്ന കുടുംബത്തെ നോക്കാനായി അമ്മ പുറത്തു ജോലിക്ക് പോയി. ഞാന്‍ പപ്പയുമായി ഭയങ്കര അറ്റാച്ച്ഡായിരുന്നു. പപ്പ മരിച്ചപ്പോള്‍ ഇനി അമ്മ മാത്രമാണുള്ളതെന്ന് എനിക്ക് മനസിലായി. ഗള്‍ഫില്‍ പോയതിന് ശേഷം അമ്മ എല്ലാ ആഴചയും വിളിക്കും. പിന്നെ കുറെ നാളായി വിളിയില്ലാതായി. അമ്മ വേറെ ഏതോ സ്ഥലത്തേക്ക് പോയി എന്ന് പിന്നീട് മനസിലായി. അവിടെ ഫോണുപയോഗിക്കാന്‍ പറ്റില്ലെന്നും എന്തെക്കെയോ പ്രശ്‌നങ്ങളുണ്ടെന്നും മനസിലായി. പിന്നെ എംബസിയും വേറെ ആളുകളുമൊക്കെ ഇടപെട്ടാണ് കുവൈറ്റിലെ പാലസില്‍ അമ്മ ജോലിക്ക് പോകുന്നത്. അവിടെ ചെന്ന് കഴിഞ്ഞാണ് പിന്നെ വിളി വരുന്നത്.

വല്ലാത്ത അവസ്ഥയായിരുന്നു. പപ്പ മരിച്ചുകഴിഞ്ഞ് ഇഷ്ടമില്ലാത്ത സ്‌കൂളില്‍ ചേര്‍ത്തു. അമ്മ കൂടെയില്ല. കുടുംബം മുന്നോട്ട് പോകണമായിരുന്നു. അമ്മ പരാതി പറയുന്നത് ഞാന്‍ കേട്ടിട്ടില്ല. അമ്മ അനിയത്തിയുടേയും അനിയന്റേയുമൊക്കെ കാര്യങ്ങളും നോക്കി. അവര്‍ ദേഷ്യപ്പെട്ട് എന്തെങ്കിലും പറഞ്ഞാലും അമ്മ അത് ക്ഷമിക്കും. അത് കണ്ടാണ് ഞാന്‍ വളര്‍ന്നത്,’ ജീവ പറഞ്ഞു.

Content Highlight: jeeva about his mother