മമ്മൂക്കയുമായുള്ള ഒരു സിനിമ തീര്‍ച്ചയായും ഉണ്ട്, എന്റെ നടക്കാത്ത ഒരു സ്വപ്നമാണത്: ജീത്തു ജോസഫ്
Film News
മമ്മൂക്കയുമായുള്ള ഒരു സിനിമ തീര്‍ച്ചയായും ഉണ്ട്, എന്റെ നടക്കാത്ത ഒരു സ്വപ്നമാണത്: ജീത്തു ജോസഫ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 20th May 2022, 6:52 pm

സിനിമാപ്രേമികളുടെ പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളാണ് ജീത്തു ജോസഫ്. തിരക്കഥാകൃത്തായും നിര്‍മാതാവായും സിനിമ മേഖലയില്‍ തിളങ്ങി നില്‍ക്കുന്ന വ്യക്തി കൂടിയാണ് അദ്ദേഹം. മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും ജീത്തു പ്രവര്‍ത്തിച്ചിട്ടുണ്ട്.

2007ലെ സുരേഷ് ഗോപി ഇരട്ട വേഷങ്ങളിലെത്തിയ ‘ഡിറ്റക്റ്റീവ്’ എന്ന ചിത്രത്തിലൂടെയാണ് ജിത്തു സിനിമ രംഗത്തേക്ക് കടന്ന് വന്നത്. ‘ദൃശ്യം’ സിനിമയുടെ റീമേക്കായ ‘പാപനാസം’ എന്ന ചിത്രത്തിലൂടെ തമിഴിലും ദി ബോഡിയിലൂടെ ഹിന്ദിയിലും ജീത്തു അരങ്ങേറ്റം കുറിച്ചു.

മമ്മൂട്ടിയുമായി സിനിമ ചെയ്യണം എന്നുള്ളത് തന്റെ നടക്കാത്ത സ്വപ്നമാണെന്നും, മമ്മൂട്ടിയുമായുള്ള സിനിമ ആലോചിക്കുന്നുണ്ടെന്നും പറയുകയാണ് ജീത്തു ജോസഫ്. ഫില്‍മി ബീറ്റ്സ് മലയാളം എന്ന ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

”മമ്മൂക്കയുമായുള്ള ഒരു സിനിമ തീര്‍ച്ചയായും എന്റെ പ്ലാനില്‍ ഉണ്ട്. ഇപ്പോഴും എന്റെ നടക്കാത്ത ഒരു സ്വപ്നമാണത്. രണ്ട് മൂന്ന് കഥകള്‍ ആലോചിച്ചിട്ടും അത് വര്‍ക്ക് ഔട്ടായില്ല. ഞാനും മമ്മൂക്കയും ഒന്നിക്കുന്ന ഒരു സിനിമ വരുന്നു എന്ന് പറയുമ്പോള്‍ തന്നെ വലിയ പ്രതീക്ഷകളായിരിക്കും. ഒരു കഥ ആലോചിക്കുന്നുണ്ട്. അത് തീരുമാനമായിട്ടില്ല,” ജീത്തു ജോസഫ് പറഞ്ഞു.

ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ ട്വല്‍ത്ത് മാന്‍ എന്ന ചിത്രം റിലീസ് ചെയ്തിരിക്കുകയാണ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിച്ചത്. നവാഗതനായ കെ.ആര്‍. കൃഷ്ണകുമാര്‍ ആണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചത്. ഉണ്ണി മുകുന്ദന്‍, അനുശ്രീ, അദിതി രവി, ലിയോണ ലിഷോയ്, വീണ നന്ദകുമാര്‍, ഷൈന്‍ ടോം ചാക്കോ, സൈജു കുറുപ്പ്, ശാന്തി പ്രിയ, പ്രിയങ്ക നായര്‍, ശിവദ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറില്‍ മെയ് 20നാണ് ചിത്രം റിലീസ് ചെയ്തത്.

Content Highlight: Jeethu Joseph says that it is his dream to do a film with Mammootty