ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
Hate Politics
‘ഞങ്ങള്‍ക്ക് തടസമുണ്ടാക്കിയാല്‍ ജീവിക്കാന്‍ ബുദ്ധിമുട്ടും’; മജിസ്‌ട്രേറ്റിനു നേരെ കൊലവിളിയുമായി ബി.ജെ.പി എം.പി
ന്യൂസ് ഡെസ്‌ക്
Wednesday 13th December 2017 10:27pm

ലഖ്നൗ: ജില്ലാ മജിസ്‌ട്രേറ്റിനു നേരെ കൊലവിളിയുമായി ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബി.ജെ.പി എം.പി. ബാരാബങ്കിയില്‍ നിന്നുള്ള ലോക്‌സഭാംഗം പ്രിയങ്ക സിംഗ് റാവത്താണ് സബ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റായ തഹസില്‍ദാര്‍ അജയ് ദ്വിവേദിയ്ക്ക് പൊതുജന മധ്യത്തില്‍ നിന്നു ഭീഷണി മുഴക്കിയത്.

ബാരാബങ്കി ജില്ലയിലെ ചൊയ്ല ഗ്രാമത്തിലെ കൈയേറ്റം ഒഴിപ്പിക്കുന്നതിനായി മജിസ്‌ട്രേട്ട് എത്തിയപ്പോഴായിരുന്നു കൃത്യനിര്‍വഹണം തടസപ്പെടുത്തിയുള്ള എം.പിയുടെ ഭീഷണി. ചൊയ്‌ലയിലെ സര്‍ക്കാര്‍ സ്‌കൂളും പൊതുകുളവും കൈയ്യേറിയ ബി.ജെ.പിയുടെ പ്രാദേശിക നേതാവിന്റെ കയ്യേറ്റം ഒഴിപ്പിക്കാനായിരുന്നു അജയ് ദ്വിവേദിയും സംഘവും സ്ഥലത്തെത്തിയ്ത.

എന്നാല്‍ പ്രവര്‍ത്തകര്‍ക്ക് പ്രയാസമുണ്ടായാല്‍ നിങ്ങളുടെ ജീവിതം പ്രയാസകരമാകുമെന്നായിരുന്നു എം.പിയുടെ ഭീഷണി. ‘ജനപ്രതിനിധി മുന്നിലെത്തുമ്പോള്‍ പ്രോട്ടോക്കോള്‍ ഓര്‍മ്മയുണ്ടാകണം. പ്രവര്‍ത്തകരില്‍ ആര്‍ക്കെങ്കിലും പ്രയാസമുണ്ടായാല്‍ നിങ്ങളുടെ ജീവിതം തന്നെ ബുദ്ധിമുട്ടാകും” പ്രിയങ്ക സിംഗ് റാവത്ത് പറഞ്ഞു.

പൊലീസ് സംഘത്തോടൊപ്പമായിരുന്നു മജിസ്‌ട്രേട്ട് കയ്യേറ്റം ഒഴിപ്പിക്കാനെത്തിയത്. എന്നാല്‍ സംഘടിച്ചെത്തിയ ബി.ജെ.പി പ്രവര്‍ത്തകര്‍ ഇവരെ തടയുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ എം.പി മജിസ്‌ട്രേട്ടിനോടും സംഘത്തോടും മടങ്ങിപോകാന്‍ ആവശ്യപ്പെടുകയായിരുന്നു. ഉദ്യോഗസ്ഥര്‍ തയ്യാറാകാതെ വന്നതോടെയായിരുന്നു എം.പിയുടെ ഭീഷണി.

Advertisement