'ഞങ്ങള്‍ എന്‍.ഡി.എയ്‌ക്കൊപ്പം തന്നെ'; ബി.ജെ.പിയുമായി തര്‍ക്കമെന്ന അഭ്യൂഹങ്ങള്‍ക്കിടെ നയം വ്യക്തമാക്കി ജെ.ഡി.യു
national news
'ഞങ്ങള്‍ എന്‍.ഡി.എയ്‌ക്കൊപ്പം തന്നെ'; ബി.ജെ.പിയുമായി തര്‍ക്കമെന്ന അഭ്യൂഹങ്ങള്‍ക്കിടെ നയം വ്യക്തമാക്കി ജെ.ഡി.യു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 10th January 2021, 11:29 pm

പട്‌ന: ബീഹാറില്‍ ബി.ജെ.പിയും ജെ.ഡി.യുവും തമ്മില്‍ വിള്ളല്‍ വീഴുന്നെന്ന വാര്‍ത്തകള്‍ക്കിടയില്‍ തങ്ങള്‍ എന്‍.ഡി.എയ്‌ക്കൊപ്പമെന്ന് വ്യക്തമാക്കി നിതീഷ് കുമാറിന്റെ പാര്‍ട്ടി.

സംസ്ഥാന എക്‌സിക്യൂട്ടീവ് മീറ്റിംഗിന്റെ അവസാനം ജെ.ഡി.യു നേതാവ് ലാലന്‍ സിംഗ് ആണ് തങ്ങള്‍ എന്‍.ഡി.എയ്‌ക്കൊപ്പം ഉറച്ച് നില്‍ക്കുമെന്ന് അറിയിച്ചത്. ബി.ജെ.പിയുമായി തര്‍ക്കം നിലനില്‍ക്കുന്നെന്ന വാദത്തെയും ലാലന്‍ സിംഗ് തള്ളി.

‘ഞങ്ങള്‍ എന്‍.ഡി.എയ്‌ക്കൊപ്പമാണ്. രണ്ട് ദിവസമായി നടക്കുന്ന മീറ്റിംഗില്‍ ഞങ്ങളുടെ സീറ്റ് ഷെയര്‍ കുറഞ്ഞിട്ടുണ്ട്. എന്നാല്‍ വോട്ട് ഷെയര്‍ കുറഞ്ഞിട്ടില്ല. ഞങ്ങള്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തും,’ ലാലന്‍ സിംഗ് പറഞ്ഞു.

സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിന്റെ ആദ്യ ദിനത്തില്‍ ബോഗാ സിംഗ് അടക്കമുള്ള നിരവധി നേതാക്കള്‍ തങ്ങളുട തോല്‍വിക്ക് കാരണം ബി.ജെ.പിയാണെന്ന് പറഞ്ഞിരുന്നു.

ബി.ജെ.പി തങ്ങളെ മനപൂര്‍വ്വം ആസൂത്രണം ചെയ്ത് തോല്‍പ്പിച്ചതാണെന്നും ‘എല്‍.ജെ.പി-ബി.ജെ.പി ഭായ് ഭായ്’ എന്ന മുദ്രാവാക്യം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉടനീളം കേട്ടിരുന്നു. ജെ.ഡി.യു പരാജയപ്പെടാന്‍ കാരണം ഇതാണെന്നും എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ ബോഗോ സിംഗ് പറഞ്ഞു.

മീറ്റിംഗില്‍ തനിക്ക് മുഖ്യമന്ത്രിയാകാന്‍ താത്പര്യമില്ലെന്നും എന്നാല്‍ താന്‍ ബി.ജെ.പിയുടെ സമ്മര്‍ദ്ദ തന്ത്രത്തിലാണെന്നുമായിരുന്നു നിതീഷ് കുമാര്‍ പറഞ്ഞത്.

എന്നാല്‍ പരാജയപ്പെട്ട ജനതാദള്‍ സ്ഥാനാര്‍ത്ഥികളോട് തങ്ങളുടെ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി നിതീഷ് കുമാര്‍ രംഗത്തെത്തിയിരുന്നു. തങ്ങളുടെ മണ്ഡലങ്ങളില്‍ തോറ്റാലും ജയിച്ചാല്‍ ചെയ്യുന്നതുപോലുള്ള പ്രവര്‍ത്തനങ്ങള്‍ തുടരണമെന്നാണ് പ്രവര്‍ത്തകരോട് നിതീഷ് കുമാര്‍ പറഞ്ഞത്.

അതേസമയം ബീഹാറില്‍ 17 ജെ.ഡി.യു എം.എല്‍.എമാര്‍ തനിക്കൊപ്പമാണെന്നവകാശപ്പെട്ട് ആര്‍.ജെ.ഡി രംഗത്തെത്തിയിരുന്നു.

ആര്‍.ജെ.ഡി നേതാവ് ശ്യാം രാജക് വീഡിയോയിലൂടെയാണ് ബീഹാറില്‍ 17 ജെ.ഡി.യു എം.എല്‍.എമാര്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്ന് പ്രഖ്യാപിച്ചത്.

അവര്‍ക്ക് രാഷ്ട്രീയ ജനതാദളുമായി ബന്ധമുണ്ടെന്ന് മാത്രമല്ല പാര്‍ട്ടിയില്‍ ചേരാന്‍ അക്ഷമരായി കാത്തിരിക്കുകയാണെന്നും ശ്യാം രാജക് പറഞ്ഞിരുന്നു.

തങ്ങള്‍ക്ക് ഏതു നിമിഷവും സഭയെ അട്ടിമറിക്കാന്‍ സാധിക്കുമെന്നും എന്നാല്‍ കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതിരിക്കാനാണ് ആര്‍.ജെ.ഡി കാത്തിരിക്കുന്നതെന്നും ശ്യാം പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: JDU says they are with NDA amid rift talks with BJP