കേന്ദ്ര മന്ത്രി ഗിരിരാജ് സിങിന്റെ വര്‍ഗീയ ട്വീറ്റിനെതിരെ ജെ.ഡി.യു; വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കാനുള്ള ശ്രമമെന്ന് നിതീഷ് കുമാര്‍
India
കേന്ദ്ര മന്ത്രി ഗിരിരാജ് സിങിന്റെ വര്‍ഗീയ ട്വീറ്റിനെതിരെ ജെ.ഡി.യു; വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കാനുള്ള ശ്രമമെന്ന് നിതീഷ് കുമാര്‍
ന്യൂസ് ഡെസ്‌ക്
Tuesday, 4th June 2019, 7:43 pm

ന്യൂദല്‍ഹി: ഇഫ്താര്‍ വിരുന്നിനെക്കുറിച്ച് കേന്ദ്ര മന്ത്രി ഗിരിരാജ് സിങിന്റെ വര്‍ഗീയ പ്രസ്താവനയ്‌ക്കെതിരെ ശക്തമായ താക്കീതുമായി ജെ.ഡി.യു. നവരാത്രി ആഘോഷിക്കാന്‍ വിമുഖത കാണിക്കുന്ന നേതാക്കള്‍ ഇഫ്താര്‍ വിരുന്നുകളില്‍ പോയി ഫോട്ടോ എടുത്ത് ആഘോഷിക്കുന്നെന്നായിരുന്നു ഗിരിരാജ് സിങിന്റെ പ്രസ്താവന.

‘നവരാത്രി ആഘോഷങ്ങള്‍ ഇതേ ആഹ്ലാദത്തോടെ, ഫോട്ടോകളൊക്കെ എടുത്ത് നടത്തിയിരുന്നെങ്കില്‍ എന്തു മനോഹരമായേനെ. നമ്മുടെ സ്വന്തം മത ആഘോഷങ്ങളില്‍ വിമുഖത കാണിക്കുകയും, മറ്റുള്ളവരുടേതില്‍ ഉത്സാഹം കാണിക്കുന്നതിന്റേയും കാരണം എന്താണ്’- എന്നായിരുന്നു ഗിരിരാജ് സിങിന്റെ വിവാദ പ്രസ്താവന.

എല്‍.ജെ.പി നേതാവ് രാംവിലാസ് പസ്വാന്‍ പട്നയില്‍ ഇന്നലെ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നില്‍ നിതീഷും ബി.ജെ.പി നേതാവ് സുശീല്‍ മോദിയും പങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ പങ്കു വെച്ചു കൊണ്ടായിരുന്നു സിങിന്റെ ട്വീറ്റ്.

ബി.ജെ.പിയുമായി ഇടഞ്ഞു നില്‍ക്കുന്ന ജെ.ഡി.യു ഗിരിരാജ് സിങിന്റെ പ്രസ്താവനയ്‌ക്കെതിരെ ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. ‘നവരാത്രി ആഘോഷിക്കുന്നതില്‍ നിന്നും ഗിരിരാജ് സിങിനെ ആരെങ്കിലും തടഞ്ഞിട്ടുണ്ടോ? ഞാന്‍ അദ്ദേഹത്തിന് മുന്നറിയിപ്പ് നല്‍കുകയാണ്, അദ്ദേഹം ഇത്തരത്തിലുള്ള പ്രസ്താവനകളില്‍ നിന്നും പിന്മാറണം’- ജെ.ഡി.യു എം.എല്‍.സി, മന്ത്രിയുമായ അശോക് ചൗധരി പറഞ്ഞു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിഹാറില്‍ വമ്പിച്ച് ഭൂരിപക്ഷിത്തില്‍ ഗിരിരാജ് സിങിനെ ജയിപ്പിച്ചത് ജെ.ഡി.യുവാണെന്നും അശോക് ഓര്‍മ്മിപ്പിച്ചു. ബെഗുസരായില്‍ സി.പി.ഐയുടെ കനയ്യ കുമാറിനെതിരെ മൂന്നു ലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് ഗിരിരാജ് സിജ് ജയിച്ചത്.

സിങിന്റെ പ്രസ്താവനകള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നായിരുന്നു ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അഭിപ്രായം.


ഗിരിരാജ് സിങ്ങിന്റെ മാനസിക നില പരിശോധിക്കണമെന്നായിരുന്നു ജെ.ഡി.യു നേതാവ് സഞ്ജയ് സിങ്ങിന്റെ പ്രതികരണം. ഏതുതരത്തിലുള്ള വ്യക്തിയാണ് സിങ് എന്ന് എല്ലാവര്‍ക്കും അറിയാമെന്ന് പസ്വാന്റെ മകന്‍ ചിരാഗ് പസ്വാന്‍ പരിഹസിച്ചു. ചിരാഗും വിരുന്നില്‍ പങ്കെടുത്തിരുന്നു.

നേരത്തേ രാഷ്ട്രീയമായ അഭിപ്രായവ്യത്യാസങ്ങളെത്തുടര്‍ന്ന് ബിഹാറില്‍ ബി.ജെ.പിയും ജെ.ഡി.യുവും പരസ്പരം സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നുകളില്‍ പങ്കെടുത്തിരുന്നില്ല. എന്നാല്‍ ഇന്നലെ പസ്വാന്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഇരുകൂട്ടരുമെത്തി.

ഇവരെക്കൂടാതെ ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച (സെക്കുലര്‍) നേതാവ് ജിതന്‍ റാം മഞ്ജിയും അതിന്റെ ഭാഗമായിരുന്നു. നിലവില്‍ പ്രതിപക്ഷ സഖ്യത്തിലാണ് ഈ പാര്‍ട്ടി. വെള്ള കുര്‍ത്തകളും പരമ്പരാഗത തൊപ്പിയും അണിഞ്ഞായിരുന്നു ചടങ്ങില്‍ പങ്കെടുത്തവരെല്ലാം. രണ്ടാം മോദി മന്ത്രിസഭയില്‍ മൃഗസംരക്ഷണ, ക്ഷീര, ഫിഷറീസ് വകുപ്പുകളുടെ മന്ത്രിയാണ് അദ്ദേഹം.

മുസ് ലിം വിരുദ്ധ പ്രസ്താവനകള്‍ക്ക് കുപ്രസിദ്ധനാണ് ഗിരിരാജ് സിങ്. ലോക്‌സഭാ സ്ഥാനാര്‍ഥിയായിരിക്കെ സിങ് നടത്തിയ പ്രസ്തവാനകള്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുത്തിരുന്നു.