ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
national news
കൂറുമാറാന്‍ ബി.ജെ.പി അഞ്ചുകോടി നല്‍കി; കര്‍ണാടകയില്‍ പുതിയ വെളിപ്പെടുത്തലുമായി ജെ.ഡി.എസ് എം.എല്‍എ
ന്യൂസ് ഡെസ്‌ക്
7 days ago
Sunday 10th February 2019 5:42pm

ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ബി.ജെ.പി വീണ്ടും ശ്രമിച്ചെന്ന ആരോപണവുമായി ജെ.ഡി.എസ് എം.എല്‍.എ. കോലാര്‍ എം.എല്‍.എയായ ശ്രീനിവാസ ഗൗഡയാണ് വെളിപ്പെടുത്തല്‍ നടത്തിയത്.

ബി.ജെ.പി നേതാക്കളായ അശ്വത്‌നാരായണന്‍ എം.എല്‍.എ, സി.പി യോഗേശ്വര്‍, വിശ്വനാഥ് എന്നിവര്‍ തന്നെ സമീപിച്ച് 30 കോടി വാഗ്ദാനം ചെയ്‌തെന്നാണ് വെളിപ്പെടുത്തല്‍. ഇതില്‍ അഡ്വാന്‍സായി താന്‍ അഞ്ചുകോടി വാങ്ങിയെന്നും ബാക്കി പണം ബി.ജെ.പിയില്‍ ചേരുമ്പോള്‍ തരാമെന്നുമാണ് വാഗ്ദാനം ചെയ്തതെന്ന് ശ്രീനിവാസ ഗൗഡ പറഞ്ഞു.

രണ്ട് മാസം മുമ്പാണ് വാഗ്ദാനം ഉണ്ടായതെന്നും മുഖ്യമന്ത്രി കുമാരസ്വാമിയുടെ നിര്‍ദ്ദേശപ്രകാരം ബി.ജെ.പി സര്‍ക്കാരിലെ ഉപമുഖ്യമന്ത്രിയായിരുന്ന സി.എം.ആര്‍ അശോക് വഴിയാണ് പണം തിരിച്ചേല്‍പ്പിച്ചതെന്നും ഗൗഡ പറഞ്ഞു.

അതേസമയം ജനതാദള്‍ എം.എല്‍.എ നാഗന ഗൗഡയുടെ മകന്‍ ശരണ ഗൗഡയുമായി താന്‍ കൂടിക്കാഴ്ച നടത്തിയെന്ന ആരോപണം യെദ്യൂരപ്പ സമ്മതിച്ചിട്ടുണ്ട്. പിതാവിനെ കൂറുമാറ്റാന്‍ മകന് 10 കോടിയും മന്ത്രിപദവിയും യെദ്യൂരപ്പ വാഗ്ദാനം ചെയ്‌തെന്നാണ് ഓഡിയോ ക്ലിപ്പുകള്‍ സഹിതം എച്ച്.ഡി കുമരസ്വാമിയും കോണ്‍ഗ്രസും ആരോപണം ഉന്നയിച്ചിരുന്നത്.

തുടക്കത്തില്‍ ശബ്ദരേഖ വ്യാജമാണെന്ന് പറഞ്ഞ യെദ്യൂരപ്പ ഇന്നാണ് ശബ്ദം തന്റേതാണെന്ന് സമ്മതിച്ചത്. എന്നാല്‍ കുമാരസ്വാമിയാണ് ശരണഗൗഡയെ തന്റെയടുത്തേക്ക് പറഞ്ഞയച്ചതെന്നും സംഭാഷണത്തിലെ പ്രസക്തഭാഗങ്ങളെല്ലാം ഒഴിവാക്കിയാണ് ഇപ്പോള്‍ ശബ്ദരേഖ പുറത്തുവിട്ടിരിക്കുന്നതെന്നും യെദ്യൂരപ്പ പറഞ്ഞു.

Advertisement