നമ്മള്‍ മനുഷ്യര്‍ വിചാരിച്ചാല്‍ മാത്രമേ  ഇനി കിളികള്‍  ഭൂമുഖത്തവശേഷിക്കൂ
Environment
നമ്മള്‍ മനുഷ്യര്‍ വിചാരിച്ചാല്‍ മാത്രമേ ഇനി കിളികള്‍ ഭൂമുഖത്തവശേഷിക്കൂ
ജയേഷ് പാടിച്ചാല്‍
Monday, 25th March 2019, 8:39 pm

വേനല്‍ കടുക്കുകയാണ് ജീവജലത്തിനായ് മനുഷ്യരുള്‍പ്പെടെ സകല ജീവജാലങ്ങളും പരക്കം പായാന്‍ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു… ഇന്ന് ഉച്ചതിരിഞ്ഞ് മാടായി പറയിലെ പള്ളത്തിനടുത്തേക്ക് പോയതായിരുന്നു വേനലില്‍ ദാഹമകറ്റാനും ദേഹം തണുപ്പിച്ച് ജീവന്‍ നിലനിര്‍ത്താനും പള്ളമെന്ന പാറക്കുളങ്ങളെ അശ്രയിക്കുന്ന ജീവികളെ നിരീക്ഷിക്കലായിരുന്നു ലക്ഷ്യം. ഒപ്പം ചിത്രങ്ങളിലൂടെയും മറ്റും വിവരങ്ങള്‍ ശേഖരിക്കുകയും.

പള്ളത്തില്‍ പക്ഷികള്‍ വെള്ളം കുടിക്കുന്നതും കുളിക്കുന്നതുമൊക്കെ കാണിച്ചു തരാമെന്ന് എന്റെ ഇളയ മകനോട് പറഞ്ഞിരുന്നു. പതിവുപോലെ പാറയില്‍ അവിടവിടായി ഞാനും കുടുംബവും ഉള്‍പ്പെടെ ധാരാളം ആള്‍ക്കാരുമുണ്ട്

ദൂരത്തു നിന്നേ പള്ളത്തിന്റെ മറുകര നോക്കിയാണ് നീങ്ങിയത്. പള്ളത്തില്‍ പക്ഷികളൊന്നുമില്ലാരുന്നു. അരികിലുള്ള മരച്ചില്ലമേല്‍ കലപില കൂട്ടികൊണ്ട് അസൗകര്യം നിറഞ്ഞ പക്ഷിപ്പിക്കലും ശബ്ദവുമുണ്ടായിരുന്നു. താഴെ പള്ളത്തില്‍ സഞ്ചാരിക്കൂട്ടങ്ങള്‍ കുട്ടികളുമായി കുളിക്കുന്നുണ്ടായിരുന്നു. പള്ളത്തിന്റെ ചുറ്റിലും ആള്‍ക്കാര്‍ ഫോട്ടോ എടുത്തും പാട്ട് കേട്ടുമൊക്കെ നേരം കൂട്ടുന്നതു കണ്ടപ്പോള്‍ കാര്യം മനസിലായി. ഒരിറ്റ് വെള്ളം കുടിക്കാന്‍ വേണ്ടി ആളൊഴിയാന്‍ കാത്തിരിക്കുകയായിരുന്നു അവ. കാര്യം മനസിലായ ഉടനെ ഞങ്ങള്‍ പള്ളം വിട്ട് പാറയുടെ തെക്കേ മൂലയിലേക്ക് പോയി.

 

 

അവിടെയൊരു കൊട്ടപ്പൊന്തയുണ്ട്. കൊട്ടപ്പഴം പഴുത്തിട്ടുണ്ടാകുമെന്ന പ്രതീക്ഷയില്‍ അവിടെ എത്തിയപ്പോള്‍ കണ്ട കാഴ്ച്ച ഏറെ വിഷമിപ്പിക്കുന്നതായിരുന്നു. മരക്കൊമ്പില്‍ പകുതി ഭാഗം നീളത്തില്‍ കട്ട് ചെയ്ത് ഇറുക്കി വച്ച മേലറ്റം ചെത്തിയ പ്ലാസ്റ്റിക്ക് ബോട്ടലില്‍ നിന്നും വളരെ കഷ്ടപ്പെട്ട് വെള്ളം കുടിച്ച് അതിനകത്തേക്ക് ചിറകുകളൊതുക്കി ദേഹം തണുപ്പിക്കാന്‍ പാടുപെടുന്ന മൈനകള്‍ ! പക്ഷികള്‍ക്ക് വേനലില്‍ വെള്ളം കുടിക്കുന്നതിനേക്കാള്‍ അത്യാവശ്യം തൂവല്‍ നനക്കലാണ്.

ഒരാളുടെ ആവശ്യം കഴിഞ്ഞ ശേഷം കയറി വരുന്നതും കാത്ത് ഒരു കൂട്ടം മൈനകളും റോസി സ്റ്റാര്‍ളിംങ്ങും ബുള്‍ബുളുകളും അപ്പോഴാണ് കാര്യത്തിന്റെ ഭീകരമായ നിസ്സഹായത മനസ്സിലായത. ഈ ചെറു പക്ഷികള്‍ക്ക് കുടിച്ച് കുളിച്ച് തിമിര്‍ക്കാനുള്ള വിശാലമായ പള്ളത്തിന്റെ കോണുകളില്‍ മനസറിവില്ലാതെ മനുഷ്യര്‍ ആനന്ദത്തിലേര്‍പ്പെട്ടതിനാലായിരുന്നു ആ ജീവനുകളത്രയും ഗതിയില്ലാതെ പ്ലാസ്റ്റിക്ക് കുപ്പിയില്‍ ശേഷിക്കുന്ന വെയില്‍ തീയില്‍ തിളച്ച വെള്ളം കുടിച്ച് ജീവന്‍ നിലനിര്‍ത്താന്‍ ശ്രമിക്കുന്നതെന്ന്.

 

നമ്മള്‍ മനുഷ്യര്‍ വിചാരിച്ചാല്‍ മാത്രമെ ഇനി ഇവരൊക്കെ ഈ ഭൂമുഖത്തവശേഷിക്കൂ” വേനല്‍ കടുക്കുമ്പോള്‍ ഈ നാടന്‍ ചെങ്കല്‍പ്പാറകളിലേയും തീരദേശങ്ങളിലേയും സകല ജീവജാലങ്ങളുടെയും ആശ്രയം പള്ളവും സമാന്തരമായ ചെറു ശുദ്ധജല സ്രോതസ്സുകളും മാത്രമാണ്.

നമ്മള്‍ നേരം പോക്കാന്‍ പോകുന്ന ഇടങ്ങളില്‍ ഇതുപോലുള്ള സമയത്ത് അധികം ശബ്ദിക്കാതെ ഒരു വശത്തായി ഇരുന്നാല്‍ മറുകരയില്‍ നിന്നും അവര്‍ ജീവന്‍ നിലനിര്‍ത്താനുള്ളൊരു തുള്ളി വെള്ളവും കുടിച്ച് പറന്നകലുന്ന സുന്ദരമായ കാഴ്ച്ച കണ്ട് കൊണ്ട് ഒരു ദിവസം ധന്യമാകുകയും ചെയ്യും. ഇതൊരു പഠിപ്പിക്കലായി കാണരുത് അനുഭവിച്ച സത്യം പറയുന്നത് മാത്രമാണ്.

കടലോരത്തും തണ്ണീര്‍ത്തടങ്ങളിലും ഇര തേടി ജീവിക്കുന്ന പക്ഷികളും വെള്ളം കുടിക്കാന്‍ കിലോമീറ്ററുകള്‍ കിഴക്കോട്ട് പറന്ന് പാറക്കുളങ്ങള്‍ പോലുള്ള ആഴം കുറഞ്ഞ വെള്ളക്കെട്ടുകള്‍ തേടി വരുന്നതായാണ് അനുഭവം. വംശനാശ ഭീഷണി നേരിടുന്ന വെള്ള വയറന്‍ കടല്‍ പ്പരുന്ത് കടലില്‍ നിന്നും 20 കിലോമീറ്റര്‍ പറന്ന് ചീമേനിയിലെ പള്ളത്തില്‍ വെള്ളം കുടിക്കാനെത്തിയ കാഴ്ച കാണാനായി.

നാക മോഹന്‍

സ്വര്‍ഗവാതില്‍പ്പക്ഷിയായറിയപ്പെടുന്ന നാക മോഹന്‍ കിളി ഓലയമ്പാടിയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ മീന്‍ കുളത്തില്‍ നിന്നും ചിറക് നനച്ച് പറന്നു പൊങ്ങുന്ന ചിത്രവും പകര്‍ത്താനായി.

പള്ളങ്ങളെല്ലാം ഇക്കുറി നേരത്തെ വറ്റുകയാണ്. മനുഷ്യര്‍ തന്നെ കുടിക്കാന്‍ വെള്ളമില്ലാതെ നേട്ടോട്ടമോടിത്തുടങ്ങിയിരിക്കുന്നു. ഈ തിരക്കിലും ചിറകുള്ള ചങ്ങാതിമാര്‍ക്കു നേരെ അല്പം കാരുണ്യം കാണിക്കുക. വായ് വട്ടമുള്ളതും ആഴം കുറഞ്ഞതുമായ മണ്‍പാത്രങ്ങളില്‍ വീട്ടുമുറ്റത്ത് അവിടവിടെ വെള്ളം നിറച്ചു വെക്കുക.

ഇലക്കിളി

ഇടനാടന്‍ കുന്നുകളിലെ നീര്‍പ്പാത്രങ്ങളായ പള്ളങ്ങളെ വറ്റാതെയും മലിനമാകാതെയും രക്ഷിക്കുക. പക്ഷികള്‍ക്കായി മാത്രമല്ല;ഓന്തിനും ഉടുമ്പിനും പാമ്പിനും കീരിക്കും വേണ്ടി. കുറുനരിക്കും കാട്ടുപന്നിക്കും വേണ്ടി നാമാരും കാണാതെ രാത്രിയോ പകലോ പതുങ്ങി വന്ന് വെള്ളം കുടിച്ച് പോകുന്ന ഭൂമിയുടെ അസംഖ്യം അവകാശികള്‍ക്കായി. അല്ലെങ്കില്‍ നമ്മള്‍ക്കീ വിശേഷ ബുദ്ധികൊണ്ടെന്തു കാര്യം

 

 

 

 

 

 

ഗരുഡന്‍ ചാരക്കാളി

ഗരുഡന്‍ ചാരക്കാളി

വൂളി നെക്കഡ് സ്റ്റോര്‍ക്ക്, കരുവാരക്കുരു അരിയിട്ടപാറ പള്ളം

ഇരട്ടത്തലച്ചി ബുള്‍ബുള്‍

ആറ്റക്കറുപ്പന്‍

 

ചിത്രങ്ങള്‍: ജയേഷ് പാടിച്ചാല്‍

ജയേഷ് പാടിച്ചാല്‍
പ്രകൃതി നിരീക്ഷകനും ഫോട്ടോഗ്രാഫറുമാണ് ലേഖകന്‍