സി.ബി.ഐയില്‍ അമ്പിളിച്ചേട്ടനെ കണ്ടപ്പോള്‍ വിഷമം തോന്നി, അദ്ദേഹത്തെ അങ്ങനെ കാണാന്‍ ആഗ്രഹിക്കുന്നില്ല: ജയസൂര്യ
Film News
സി.ബി.ഐയില്‍ അമ്പിളിച്ചേട്ടനെ കണ്ടപ്പോള്‍ വിഷമം തോന്നി, അദ്ദേഹത്തെ അങ്ങനെ കാണാന്‍ ആഗ്രഹിക്കുന്നില്ല: ജയസൂര്യ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 3rd July 2022, 7:58 am

മലയാള സിനിമ കഴിഞ്ഞ കുറച്ച് നാളുകളായി അനുഭവിക്കുന്ന നഷ്ടമാണ് നടന്‍ ജഗതിയുടേത്. അപകടത്തിന് ശേഷം ചലനശേഷിയും സംസാരശേഷിയും നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹം ദീര്‍ഘനാളുകളായി അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു.

അടുത്തിടെ ഇറങ്ങിയ മമ്മൂട്ടി ചിത്രം സി.ബി.ഐയിലൂടെ ജഗതി വീണ്ടും വന്നപ്പോള്‍ പ്രേക്ഷകരുടെ മനസ് കൂടിയാണ് നിറഞ്ഞത്. ജഗതി ലോകത്തിലെ ഏറ്റവും മികച്ച നടനാണെന്ന് പറയുകയാണ് ജയസൂര്യ. താന്‍ ജീവിതത്തില്‍ എന്തെങ്കിലുമൊക്കെ ആയിട്ടുണ്ടെങ്കില്‍ ഇവരോടൊക്കെ ഒപ്പമുള്ള യാത്ര കൊണ്ടാണെന്നും കാന്‍ചാനല്‍മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ജയസൂര്യ പറഞ്ഞു.

‘അമ്പിളി ചേട്ടന് ആക്‌സിഡന്റ് സംഭവിക്കുന്നതിന് മുമ്പ് വരെ അദ്ദേഹം മൂന്നും നാലും സിനിമകളില്‍ അഭിനയിക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കൂടെ ഒരുപാട് സിനിമകളില്‍ ഒരുമിച്ച് അഭിനയിക്കാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്. ഞാന്‍ എന്തെങ്കിലുമൊക്കെ ആയിട്ടുണ്ടെങ്കില്‍ ഇവരുടെയൊക്കെ കൂടെയുള്ള യാത്ര കൊണ്ടാണ്.

 

അമ്പിളിച്ചേട്ടന്റെയൊക്കെ ഇന്റേണല്‍ പ്രോസസ് ഭയങ്കരമാണ്. അദ്ദേഹമൊക്കെ ലോകത്തേറ്റവും നല്ല നടനാണ്. അത്രയധികം കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. 100 പൊലീസ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെങ്കില്‍ 100ഉം 100 അല്ലേ. ഇതെങ്ങെനെ പറ്റുന്നു ഒരു മനുഷ്യന്. ലൊക്കേഷനിലെത്തി മീശ ഒട്ടിച്ചുകൊണ്ടിരിക്കുമ്പോഴാണ് അദ്ദേഹം കഥാപാത്രമെന്താണെന്ന് ചോദിക്കുന്നത്. എന്നിട്ട് ആ സ്‌പോട്ടിലാണ് ഡയലോഗ് കൊടുക്കുന്നത്. പ്രോംടിങ് പോലുമില്ല.

അവസാനം സി.ബി.ഐയില്‍ അമ്പിളിച്ചേട്ടനെ കണ്ടപ്പോള്‍ വിഷമം തോന്നി. അദ്ദേഹത്തെ അങ്ങനെ കാണാന്‍ പോലും ആഗ്രഹിക്കുന്നില്ല. ജീവിതത്തില്‍ സംസാരിച്ചതിനെക്കാളധികം അദ്ദേഹം സിനിമയില്‍ സംസാരിച്ച ആളാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. കണക്ക് പരിശോധിച്ചാല്‍ എത്ര സിനിമകള്‍. സിനിമാ സംഭാഷണങ്ങളായിരിക്കും അദ്ദേഹം ജീവിതത്തില്‍ ഏറ്റവുമധികം പറഞ്ഞിട്ടുണ്ടാവുക,’ ജയസൂര്യ പറഞ്ഞു.

Content Highlight: Jayasuriya says that Jagathy is one of the best actor in the world