എഡിറ്റര്‍
എഡിറ്റര്‍
ഇനി മോദി സാറിന് താത്പര്യമുള്ള ആള്‍ രാഷ്ട്രപതിയാകും: തോല്‍വികള്‍ ഏറ്റുവാങ്ങാന്‍ അദ്വാനിയുടെ ജീവിതം പിന്നെയും ബാക്കി; പരിഹാസവുമായി അഡ്വ. ജയശങ്കര്‍
എഡിറ്റര്‍
Thursday 20th April 2017 2:56pm

തിരുവനന്തപുരം: ബാബറി കേസില്‍ അദ്വാനിയും ജോഷിയും വിചാരണ നേരിടണമെന്ന സുപ്രീം കോടതി വിധി മോദി ഇച്ഛിച്ചതും സി.ബി.ഐ ചോദിച്ചതും കോടതി കല്പിച്ചതും ഒന്നുതന്നെയെന്ന് പറയുന്നതുപോലെയായെന്ന് അഡ്വ. ജയശങ്കര്‍.

സുപ്രീം കോടതി വിധിയോടെ രാഷ്ട്രപതി സ്ഥാനത്തേക്ക് രണ്ടാള്‍ക്കും ഉള്ള ക്ലെയിം ഇല്ലാതായെന്നും മോദി സാറിനു താല്പര്യമുള്ള ആരെ വേണമെങ്കിലും ഇന്ത്യന്‍ പ്രസിഡന്റാക്കി വാഴിക്കാമെന്നും ജയശങ്കര്‍ പറയുന്നു.

അദ്ധ്വാനിക്കും, ഗുണഫലം മറ്റുള്ളവര്‍ അനുഭവിക്കും എന്നതാണ് അദ്വാനിയുടെ യോഗമെന്നും അനുഭവഭാഗ്യമില്ലാത്തയാളാണ് അദ്വാനിയെന്നും ജയശങ്കര്‍ പറയുന്നു.

ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മോദി ഇച്ഛിച്ചതും സിബിഐ ചോദിച്ചതും കോടതി കല്പിച്ചതും ഒന്നുതന്നെ: പള്ളിപൊളിക്കേസില്‍ അദ്വാനിയും ജോഷിയും വിചാരണ നേരിടണം. ഇതോടെ രാഷ്ട്രപതി സ്ഥാനത്തേക്ക് രണ്ടാള്‍ക്കും ഉള്ള ക്ലെയിം ഇല്ലാതായി. മോദി സാറിനു താല്പര്യമുള്ള ആരെ വേണമെങ്കിലും ഇന്ത്യന്‍ പ്രസിഡന്റാക്കി വാഴിക്കാം.

അല്ലെങ്കിലും അനുഭവ ഭാഗ്യം ഇല്ലാത്തയാളാണ് അദ്വാനി. അദ്ധ്വാനിക്കും, ഗുണഫലം മറ്റുള്ളവര്‍ അനുഭവിക്കും.
1980ല്‍ ബിജെപി രൂപീകരിച്ച കാലം മുതല്‍ വാജ്‌പേയ് ആയിരുന്നു അധ്യക്ഷന്‍. 84ലെ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി പൊളിഞ്ഞു പാളീസായി. ജന്മനാടായ ഗ്വാളിയോറില്‍ വാജ്‌പേയ് രണ്ടര ലക്ഷം വോട്ടിനു തോറ്റു.

543അംഗ ലോക്‌സഭയില്‍ വെറും രണ്ടു പേരായിരുന്നു ബിജെപിക്കാര്‍. അദ്വാനി അധ്യക്ഷനായ ശേഷമാണ് ഷാബാനു കേസും രാമജന്മഭൂമിയും ആളിക്കത്തിയത്. 1989ല്‍ പാര്‍ട്ടിക്ക് 88സീറ്റ് കിട്ടി, ആദ്യ രഥയാത്രക്കു ശേഷം 1991ല്‍ അംഗബലം 120 ആയി. പ്രചരണത്തിനിടെ രാജീവ് ഗാന്ധി കൊല്ലപ്പെട്ട് സഹതാപ തരംഗം ഇല്ലായിരുന്നെങ്കില്‍ കുറേക്കൂടി സീറ്റുകള്‍ കിട്ടിയേനെ.

1996ല്‍ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകും അദ്വാനി പ്രധാനമന്ത്രിയാകും എന്നാണ് കരുതിയിരുന്നത്. പക്ഷേ അപ്പോഴേക്കും ജെയിന്‍ ഹവാല കേസ് വന്നു, അദ്വാനി പ്രതിപക്ഷ നേതൃസ്ഥാനം ഒഴിഞ്ഞു; സത്യം തെളിയാതെ ഇനി മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ചു. (വാജ്‌പേയിയുടെ സുഹൃത്തായിരുന്ന നരസിംഹ റാവു അദ്വാനിയെ കുടുക്കിയെന്നും കിംവദന്തിയുണ്ട്)


Dont Miss സൈബര്‍ സെല്‍ മാത്രമല്ല എനിക്ക് എന്റേതായ ചില വഴികളുമുണ്ട്; ട്രോളര്‍മാര്‍ക്കു മുന്നില്‍ ഭീഷണിയുമായി ജോയ് മാത്യു 


അങ്ങനെ വാജ്‌പേയ് വീണ്ടും നേതൃത്വം ഏറ്റെടുത്തു, പ്രധാനമന്ത്രിയായി. ഹവാല കേസ് തള്ളിപ്പോയെങ്കിലും അദ്വാന്‍ജിക്ക് ആഭ്യന്തര വകുപ്പും ഉപപ്രധാനമന്ത്രി സ്ഥാനവുമേ കിട്ടിയുളളൂ.

വാജ്‌പേയ് വിരമിച്ചപ്പോള്‍ അദ്വാനി വീണ്ടും പ്രതിപക്ഷ നേതാവായി. 2009ല്‍ അദ്ദേഹം പാര്‍ട്ടിയെ നയിച്ചപ്പോള്‍ എതിര്‍കക്ഷികള്‍ക്ക് ഭൂരിപക്ഷം കിട്ടി. 2014ല്‍ ഒരു ചാന്‍സുകൂടി ചോദിച്ചു, കിട്ടിയില്ല. നരേന്ദ്രമോദി നേതാവായി, പ്രധാനമന്ത്രിയുമായി.
ഇപ്പോഴിതാ, രാഷ്ട്രപതി സ്ഥാനവും കാക്കകൊത്തി പോകുകയാണ്. തോല്‍വികള്‍ ഏറ്റുവാങ്ങാന്‍ അദ്വാനിയുടെ ജീവിതം പിന്നെയും ബാക്കി..

Advertisement