Administrator
Administrator
ഞാന്‍ ശൃംഗാരപ്രിയനെല്ല : ജയം രവി
Administrator
Sunday 8th May 2011 3:05pm

ഉത്സവലഹരിയുമായാണ് എങ്കേയും കാതല്‍ പ്രദര്‍ശനത്തിനെത്തുന്നത്. ചുരുങ്ങിയ കാലം കൊണ്ട് തമിഴ്- മലയാളി പ്രേക്ഷകരുടെയിടെയില്‍ വാത്സല്യം തുളുമ്പുന്ന മുഖവുമായി വന്ന് മികച്ച അഭിനയം കാഴ്ചവെച്ച ജയം രവിയാണ് ചിത്രത്തിലെ നായകന്‍. മാപ്പിളൈ എന്ന ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിച്ച ഹന്‍സികയാണ് നായിക.

പോക്കിരി എന്ന സൂപ്പര്‍ ഹിറ്റു ചിത്രത്തിന് ശേഷം പ്രഭുദേവ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണ് എങ്കേയും കാതല്‍. ഫ്രാന്‍സിന്റെ ആകര്‍ഷണീയമായ മനോഹാരിത ഒട്ടും ചോര്‍ന്ന് പോവാതെ ക്യാമറയില്‍ പകര്‍ത്തിയെടുക്കാന്‍ നിരവ് ഷാ അതീവ ജാഗ്രത പുലര്‍ത്തിയിട്ടുണ്ട്. പ്രണയാര്‍ദ്ദാര്‍മായ ഈ ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ഹാരിസ് ജയരാജാണ്.

കുട്ടികളയും കുടുംബങ്ങളെയും ഒരു പോലെ രസിപ്പിക്കാനെത്തുന്ന എങ്കേയും കാതലിന്റെ വിശേഷങ്ങളുമായി ജയം രവി…..

ഈ സിനിമയിലേക്ക് നിങ്ങളെ ആകര്‍ഷിച്ചത്…

സംവിധായകന്‍ പ്രഭുദേവയാണെന്നതാണ് എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത്. അദ്ദേഹത്തിനല്ലാതെ മറ്റൊരാള്‍ക്കും ഇത്തരത്തിലൊരു സിനിമ ചെയ്യാന്‍ കഴിയില്ല.

സംവിധായകനെന്ന നിലയില്‍ പ്രഭുദേവയെക്കുറിച്ച്..

വളരെയധികം ആസ്വാദ്യകരമായിരുന്നു. എങ്ങനെ ചെയ്യണമെന്ന് പറഞ്ഞു തരുന്നതോടൊപ്പം അഭിനയിച്ചു കാണിക്കുകയും ചെയ്തു. അഭിനയത്തില്‍ വളരെയധികം സ്വാതന്ത്ര്യമെടുക്കാനും അദ്ദേഹം അനുവദിച്ചിരുന്നു.

കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ബുദ്ധിമുട്ടുകള്‍….

എന്നെ സംബന്ധിച്ചിടത്തോളം ഈ കഥാപാത്രത്തെ അവതരിപ്പിക്കുകയെന്നത് ഒരേ സമയം ബുദ്ധിമുട്ടും അതേസമയം എളുപ്പവുമായിരുന്നു. പ്രയാസം തോന്നിയ സമയത്ത് എന്നെ സഹായിക്കാന്‍ പ്രഭുദേവയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തോടൊപ്പം ഒരു ചിത്രം ചെയ്തു എന്നത് വളരെയധികം സന്തോഷമുള്ള കാര്യമാണ്

അഭിനയിക്കാന്‍ ബുദ്ധിമുട്ടനുഭവിച്ച ഭാഗം..

കമല്‍ എന്ന കഥാപാത്രംതന്നെ എന്നെ സംബന്ധിച്ചിടത്തോളം വെല്ലുവിളിയായിരുന്നു. ഒരു പ്ലേബോയ് ആയിട്ട് ഞാനാദ്യമായിട്ടാണ് ചെയ്യുന്നത്. കഥാപാത്രത്തിനനുസരിച്ച് എന്റെ സ്വഭാവരീതിയില്‍ മാറ്റം വരുത്താന്‍ ഞാനൊരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. പ്രഭുദേവയും ഒരുപാട് സഹായിച്ചിട്ടുണ്ട്

താങ്കള്‍ ശൃംഗാരപ്രിയനാണോ……

ലൊക്കേഷനില്‍ ഞാന്‍ നായികമാരൊത്ത് സല്ലപിക്കാറുണ്ട്. എന്നുവെച്ച് ഞാന്‍ ശൃംഗാരപ്രിയനാണെന്നല്ല.

തമിഴിലെ ലവര്‍ബോയ് എന്ന ഇമേജ്..

തമിഴില്‍ നിലവിലുള്ള ഇമേജില്‍ ഞാന്‍ സന്തുഷ്ടനാണ്. ഒരു ഇമേജ് സൃഷ്ടിച്ചെടുക്കുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. പ്രത്യേകിച്ചും ലവര്‍ബോയ് എന്ന ഇമേജ്. തമിഴ് സിനിമയില്‍ ഞാനെന്തൊക്കെയോ ആണെന്ന തോന്നല്‍ ഇപ്പോഴുണ്ട്.

വ്യത്യസ്തകഥാപാത്രങ്ങളെക്കുറിച്ച്…

ലവര്‍ബോയ് പോലുള്ള കഥാപാത്രങ്ങളില്‍ തളച്ചിടപ്പെട്ടതില്‍ എനിക്ക് പ്രശ്‌നമൊന്നും തോന്നിയിട്ടില്ല. ഞാനിപ്പോഴും ചെറുപ്പമാണ്. പല കഥാപാത്രങ്ങളും പരീക്ഷിക്കാനുള്ള സമയമെനിക്കുണ്ട്. ജനനാഥന്റെ പേരാണ്‍ മൈ എന്ന ചിത്രവും എന്ന സംബന്ധിച്ച് പരീക്ഷണമാണ്.

രമേഷിന്റെ ആദി ഭഗവാന്‍ എന്ന ചിത്രത്തില്‍ ഞാന്‍ കൊള്ളസംഘാംഗമാണ്. ഒരു നടനെന്ന നിലയില്‍ വ്യത്യസ്തകഥാപാത്രങ്ങള്‍ ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

അപ്പോള്‍ വ്യത്യസ്തകഥാപാത്രങ്ങളാണോ ഒരു നടനെ വളര്‍ത്തുന്നത്….

തീര്‍ച്ചയായും.ഒരു നടന്റെ വളര്‍ച്ചയ്ക്ക് വ്യത്യസ്തകഥാപാത്രങ്ങള്‍ ആവശ്യമാണ്.

സ്ത്രീ ആരാധര്‍ താങ്കളുടെ പരീക്ഷണങ്ങളെ സ്വാഗതം ചെയ്യുമോ..

സ്വീകരിക്കുമെന്നാണ് എന്റെ വിശ്വാസം. എങ്കെയും കാതല്‍ എന്ന ചിത്രം അവര്‍ക്കുവേണ്ടിയുള്ളതാണ്

ഫ്രാന്‍സിലെ ഷൂട്ടിംഗ് അനുഭവം…

പാരിസ്, ലിയോണ്‍ എന്നിവിടങ്ങളിലായിരുന്നു ഷൂട്ടിംഗ്. ഫ്രാന്‍സിലെ കെട്ടിടങ്ങളാണ് എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത്. പാരമ്പര്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നതില്‍ അവര്‍ വളരെയധികം ശ്രദ്ധചെലുത്തുന്നുണ്ട്.

അവിടെവെച്ചുള്ള ഷൂട്ടിംഗ് വളരെ രസകരമായിരുന്നു. ജനങ്ങള്‍ കൗതുകത്തോടെ ഞങ്ങളെ വീക്ഷിക്കുകയായിരുന്നു. ക്യാമറയ്ക്കു പിറകില്‍ അവരും ഞങ്ങള്‍ക്കൊപ്പം നൃത്തംചെയ്യുകയായിരുന്നു.

പ്രഭുദേവയുടെ മുന്നില്‍വെച്ച് ഡാന്‍സ് ചെയ്തപ്പോള്‍…

ചെറിയൊരു ഉള്‍ഭയമുണ്ടായിരുന്നു. ഡാന്‍സ് ചെയ്യാന്‍ അദ്ദേഹം നല്ല പ്രോല്‍സാഹനം നല്‍കിയിരുന്നു. പ്രഭുദേവ കാണിച്ചുതന്ന ഒരു നൃത്തച്ചുവട് പഠിച്ചെടുക്കാന്‍ എനിക്ക് രണ്ടുമണിക്കൂര്‍ സമയമെടുത്തു.

സംവിധായകനായ സഹോദരനെക്കുറിച്ച്..

രാജ എനിക്കുവേണ്ടി സിനിമകള്‍ ചെയ്തിട്ടുണ്ട്. അതെല്ലാം സൂപ്പര്‍ഹിറ്റുകളുമായിരുന്നു. മറ്റു നടന്മാരെ വെച്ച് അവന്‍ സിനിമ ചെയ്യണമെന്ന് ഞാനും അച്ഛനും ആഗ്രഹിച്ചു. ഞങ്ങള്‍ മൂന്നു പേരും ചേര്‍ന്നെടുത്ത തീരുമാനമാണ് അവന്‍ ചെയ്തുകൊണ്ടിരിക്കുന്ന വിജയ് നായകനായ വേലായുധം.

സിനിമാ കുടുംബമെന്ന നിലയില്‍ വീട്ടിലെ ചര്‍ച്ചകള്‍…

ഞങ്ങള്‍ മൂന്നുപേരും സിനിമയ്ക്കകത്തുള്ളവരാണ്. അതുകൊണ്ടുതന്നെ സ്വാഭാവികമായും ചര്‍ച്ചകളും സിനിമയെ സംബന്ധിച്ചുള്ളതായിരിക്കും. പക്ഷേ എന്റെ അമ്മ ഇത്തരം ചര്‍ച്ചകളെ പ്രോല്‍സാഹിപ്പിക്കാറില്ല.

ഏതുതരത്തിലുള്ള സിനിമകളോടാണ് താല്‍പര്യം…

എല്ലാതരത്തിലുള്ള സിനിമകളും ഞാന്‍ കാണാറുണ്ട്. ഗോവയിലെ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഞാന്‍ മുടങ്ങാതെ പോകാറുണ്ട്.

നിര്‍മ്മാണരംഗത്തേക്ക്…

സാധ്യതയുണ്ട്. ജനിച്ചതും വളര്‍ന്നതുമെല്ലാം സിനിമാകുടുംബത്തിലാണ്. സിനിമ കണ്ടാണ് ഞാന്‍ വളര്‍ന്നത്. ഇമോഷന് പ്രാധാന്യം നല്‍കുന്ന എന്നാല്‍ ആളുകളെ രസിപ്പിക്കുന്ന തരത്തിലുള്ള സിനിമ ചെയ്യാനാണ് എനിക്ക് താല്‍പര്യം.

യൂറോപ്യന്‍ സിനിമകള്‍ കാണാനിഷ്ടപ്പെടുന്നു. അതേസമയം വാണിജ്യസിനിമകളിലഭിനയിക്കുന്നു…ഇതിലെ വൈരുദ്ധ്യം….

ഇത് ജീവനത്തിന്റെയും നിലനില്‍പിന്റെയും പ്രശ്‌നമാണ്. ജനങ്ങളിലേക്കെത്താന്‍ കൊമേഴ്‌സ്യല്‍ ചിത്രങ്ങളിലഭിനയിക്കേണ്ടതുണ്ട്. പരീക്ഷണാടിസ്ഥാത്തില്‍ സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ട് പക്ഷേ അതിന് നല്ലൊരു അടിത്തറയുണ്ടാക്കിയെടുക്കണം.

ഇതുവരെ ചെയ്തതില്‍ വെല്ലുവിളി നേരിട്ട കഥാപാത്രം…

പേരാണ്‍മൈ എന്ന ചിത്രത്തിലെ കഥാപാത്രം ഏറെ വെല്ലുവിളി നേരിട്ടതാണ്. ചോക്ലേറ്റ് നായകനില്‍നിന്നും ധ്രുവന്‍ എന്ന ഫോറസ്റ്റ് ഗാര്‍ഡിലേക്കെത്താന്‍ 14 കിലോ കുറയ്‌ക്കേണ്ടി വന്നു.

ചിത്രം റിലീസ് ചെയ്യുന്ന ദിവസം…

നല്ല ടെന്‍ഷനുണ്ടാകും. മാസങ്ങളോളമുള്ള നമ്മുടെ അദ്ധ്വാനം വൃഥാവിലായോ എന്നത് ആദ്യ പ്രദര്‍ശനത്തില്‍തന്നെ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും.

പരീക്ഷയുടെ ഫലം കാത്തിരിക്കുന്ന പോലെയാണോ..

അല്ല. പരീക്ഷയില്‍ തോറ്റാല്‍ നമുക്ക് വീണ്ടും എഴുതിയെടുക്കാന്‍ പറ്റും. എന്നാല്‍ സിനിമയില്‍ ഇത് സാധ്യമല്ല. രണ്ടാമതൊരു അവസരം സിനിമയില്‍ കിട്ടില്ല.

Advertisement