പതിനായിരം സാരികള്‍, എണ്ണായിരം പുസ്തകങ്ങള്‍, നാലര കിലോ സ്വര്‍ണം; ജയലളിതയുടെ വേദനിലയത്തിലെ സ്വത്തുക്കള്‍ ഇങ്ങനെ
national news
പതിനായിരം സാരികള്‍, എണ്ണായിരം പുസ്തകങ്ങള്‍, നാലര കിലോ സ്വര്‍ണം; ജയലളിതയുടെ വേദനിലയത്തിലെ സ്വത്തുക്കള്‍ ഇങ്ങനെ
ന്യൂസ് ഡെസ്‌ക്
Thursday, 30th July 2020, 8:37 am

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വസതിയായിരുന്ന പോയസ് ഗാര്‍ഡന്‍ വേദനിലയത്തിലെ ആസ്തിപട്ടിക പുറത്ത്. സംസ്ഥാന സര്‍ക്കാരാണ് പരിശോധനയ്ക്ക് ശേഷം വിവരങ്ങള്‍ പുറത്തുവിട്ടത്.

നാലര കിലോ സ്വര്‍ണം, 600 കിലോ വെള്ളി, 8376 പുസ്തകങ്ങള്‍, 10,438 സാരി, 110 റഫ്രിജറേറ്റര്‍, 11 ടി.വി, 38 എ.സി, 29 ടെലിഫോണ്‍, മറ്റ് വസ്ത്രങ്ങള്‍, പാത്രങ്ങള്‍, പാദരക്ഷകള്‍, സൗന്ദര്യ വര്‍ധക വസ്തുക്കള്‍, ഉപഹാരങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, ആദായ നികുതി രേഖകള്‍ തുടങ്ങിയവയാണ് സര്‍ക്കാര്‍ പട്ടികപ്പെടുത്തിയിരിക്കുന്നത്.

കോടനാട് എസ്‌റ്റേറ്റിലും സിരുവത്തൂര്‍ റിസോര്‍ട്ടിലും പുസ്തകങ്ങളുടെ വന്‍ ശേഖരമുണ്ട്. വായനയില്‍ ജയലളിത അതീവ തല്‍പരരയായിരുന്നെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇഷ്ടപ്പെട്ട പുസ്തകങ്ങളുടെ മൂന്ന് കോപ്പികള്‍ വീതം ജയ വാങ്ങുമായിരുന്നു.

ജയലളിതയുടെ മരണാനന്തര അവകാശത്തെ ചൊല്ലി വേദനിലയത്തിന്റെ പേരില്‍ തല്‍ക്കങ്ങള്‍ മൂര്‍ച്ഛിച്ചിരുന്നു. തുടര്‍ന്നാണ് വേദനിലയം മ്യൂസിയമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. തുടര്‍ന്ന് വേദനിലയത്തിലെ സ്വത്ത് സംബന്ധിച്ചും പ്രശ്‌നമുണ്ടായപ്പോഴാണ് സ്വത്തുവിവരങ്ങളുടെ കണക്കെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ജയയുടെ അനന്തരവരായ ജെ ദീപ, ജെ ദീപക് എന്നിവരാണ് സ്വത്തിന്റെ അവകാശികളെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചിരുന്നു. വേദ നിലയം മ്യൂസിയമാക്കാമെന്ന സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടിയായിട്ടായിരുന്നു ഇത്.

തുടര്‍ന്ന് പണം കെട്ടിവെച്ച് വേദനിലയം സ്വന്തമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഈ തുക ദീപയ്ക്കും ദീപക്കിനും വീതിച്ച് നല്‍കും. എന്നാല്‍ സര്‍ക്കാരിനെ നിയമപരമായി നേരിടുമെന്നാണ് ദീപ അറിയിച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ