ജവാന്‍ സ്ഥിരം ക്ലീഷേ രക്ഷകന്‍ കഥ; പക്ഷെ ത്രില്ലടിപ്പിക്കും
Entertainment news
ജവാന്‍ സ്ഥിരം ക്ലീഷേ രക്ഷകന്‍ കഥ; പക്ഷെ ത്രില്ലടിപ്പിക്കും
സഫല്‍ റഷീദ്
Thursday, 7th September 2023, 1:58 pm

അറ്റ്‌ലിയുടെ സംവിധാനത്തില്‍ ഷാരൂഖ് ഖാന്‍ നായകനായി എത്തിയ ജവാന്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്തിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ആദ്യ ഷോ കഴിയുമ്പോള്‍ സിനിമക്ക് ലഭിക്കുന്നത്.

അറ്റ്‌ലിയുടെ മുന്‍ ചിത്രങ്ങളായ ബിഗില്‍, മെര്‍സല്‍ എന്നിവയിലൊക്കെ വിമര്‍ശകര്‍ പറയുന്ന സ്ഥിരം ക്ലീഷെ രക്ഷകന്‍ ഫോര്‍മാറ്റ് തന്നെയാണ് ജവാനിലും അദ്ദേഹം പിന്തുടരുന്നത്.

സിനിമയിലുടനീളം പല തരത്തില്‍ ഷാരൂഖാനെ രക്ഷകനായി അറ്റ്‌ലി അവതരിപ്പിക്കുന്നുണ്ട്. പക്ഷെ ഇത്തരത്തില്‍ ഒക്കെ ഉണ്ടെങ്കിലും തിയേറ്ററില്‍ ആഘോഷമാക്കി ത്രില്ലടിച്ച് കാണാന്‍ കഴിയുന്ന സിനിമ തന്നെയാണ് ജവാന്‍.

സാമൂഹിക പ്രശ്‌നങ്ങളെ കൃത്യമായി ബ്ലെന്‍ഡ് ചെയ്തുകൊണ്ടുള്ള സ്ഥിരം അറ്റ്‌ലി ഫോര്‍മുലയിലാണ് തുടക്കം മുതല്‍ ഒടുക്കം വരെ സിനിമ പോകുന്നതെങ്കിലും സിനിമയെ മൊത്തത്തില്‍ പാക്ക് ചെയ്തിരിക്കുന്ന രീതി മികച്ചതാണ്.

 

ഇടി വീഴേണ്ട ഇടത്ത് ഇടിയും, ഇമോഷണല്‍ രംഗങ്ങളില്‍ അതും കൃത്യമായി ജവാനില്‍ അറ്റ്ലി ഒരുക്കിവെച്ചിട്ടുണ്ട്. ഭാഷഭേദമന്യേ കണ്ടു മറന്ന നിരവധി സിനിമകളുടെ രംഗങ്ങള്‍ ജവാനില്‍ ആവര്‍ത്തിക്കുന്നു എന്ന തോന്നല്‍ സിനിമ കാണുമ്പോള്‍ ഉണ്ടായേക്കാം. പക്ഷെ അതിനെയെല്ലാം കവച്ചുവെക്കുന്ന അറ്റ്‌ലി ഫാക്ടര്‍ തന്നെയാണ് ജവാന്റെ യു.എസ്.പി.

പത്താന് ശേഷം ഷാരൂഖിനെ തകര്‍ത്താടാന്‍ വിടുന്ന സിനിമയാണ് ജവാന്‍. അച്ഛന്‍-മകന്‍ റോളിനെ അത്രത്തോളം ഭംഗിയായി അയാള്‍ ചെയ്തുവെച്ചിട്ടുണ്ട്. മാസ് രംഗങ്ങള്‍ക്ക് ഒട്ടും കുറവില്ലാതെ കിങ് ഖാന്റെ വാഴ്ച്ച തന്നെയാണ് ജവാനില്‍ കാണാന്‍ കഴിയുക.

ഒരു നൂറ് നെഗറ്റീവ് കാര്യങ്ങള്‍ ചിത്രം കാണുന്നവര്‍ക്ക് പറയാന്‍ ഉണ്ടായാലും അതിനെയെല്ലാം മറികടക്കാനുള്ള മാസ് ചേരുവകള്‍ നിറഞ്ഞതാണ് ജവാന്‍.

സിനിമ കാണുന്ന പ്രേക്ഷകന് ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ സ്‌ക്രീനില്‍ നായകന്‍ ചെയ്യുന്നത് കാണുമ്പോള്‍ കയ്യടി വീഴും എന്ന സിമ്പിള്‍ ലോജിക്കില്‍ സിനിമയിലെ ആയിരം ലോജിക്ക് ഇല്ലായിമകള്‍ മഞ്ഞുപോകുമെന്ന് ഉറപ്പ്.

ഒരു മാസ് സിനിമക്ക് വേണ്ടിയുള്ള തട്ടുപൊളിപ്പന്‍ സംഗീതം തന്നെയാണ് ജവാന് വേണ്ടി അനിരുദ്ധ് ഒരുക്കിയിരിക്കുന്നത്. തിയേറ്ററില്‍ കാണുമ്പോള്‍ ഈ ഗാനങ്ങള്‍ പോലും മികച്ചതായി തന്നെയാണ് അനുഭവപ്പെട്ടതും.

കളര്‍ഫുള്‍ ഫ്രയിമുകളും റിച്ച് സെറ്റപ്പും കൊണ്ട് ക്‌ളീഷേ കഥയെ രണ്ടര മണിക്കൂര്‍ ആഘോഷിക്കാനുള്ള വകയാക്കി അറ്റ്ലിയും ഷാരൂഖും മാറ്റിയിട്ടുണ്ട്.

Content Highlight: Jawan movie review