ഇതുകൊണ്ടാണവനെ ലോകത്തിലെ മികച്ച ബൗളര്‍ എന്നുവിളിക്കുന്നത്; കാട്ടുത്തീയായിപ്പടര്‍ന്ന് ബുംറ, എരിഞ്ഞടങ്ങി ലങ്ക
Sports News
ഇതുകൊണ്ടാണവനെ ലോകത്തിലെ മികച്ച ബൗളര്‍ എന്നുവിളിക്കുന്നത്; കാട്ടുത്തീയായിപ്പടര്‍ന്ന് ബുംറ, എരിഞ്ഞടങ്ങി ലങ്ക
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 13th March 2022, 3:43 pm

ഇന്ത്യയ്ക്കായി വീണ്ടും അഞ്ച് വിക്കറ്റ് പ്രകടനം പുറത്തെടുത്ത് പേസറും ഇന്ത്യന്‍ വൈസ് ക്യാപ്റ്റനുമായ ജസ്പ്രീത് ബുംറ. എണ്ണം പറഞ്ഞ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയാണ് സിംഹള ക്രിക്കറ്റ് വീര്യത്തെ ബുംറ മുട്ടുകുത്തിച്ചത്.

10 ഓവറില്‍ 24 റണ്‍സ് മാത്രം വഴങ്ങിയാണ് താരം അഞ്ച് വിക്കറ്റ് കൊയ്തത്. ആര്‍. അശ്വിനും ഷമിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ അക്‌സര്‍ പട്ടേല്‍ ഒരു വിക്കറ്റും സ്വന്തമാക്കി.

86ന് ആറ് എന്ന നിലയില്‍ കളിയാരംഭിച്ച ശ്രീലങ്കന്‍ ബാറ്റര്‍മാര്‍ ഒന്നിന് പുറകെ ഒന്നായി പെട്ടന്ന് തന്നെ കൂടാരം കയറുകയായിരുന്നു. ഒരു റണ്‍സെടുത്ത എംബുല്‍ഡെനിയയെ പന്തിന്റെ കൈയ്യിലെത്തിച്ച് ബുംറയാണ് തുടങ്ങിയത്. തൊട്ടുപിന്നാലെ ലക്മലിനെ അശ്വിനും പുറത്താക്കി.

21 റണ്‍സെടുത്ത് പിടിച്ച് നിന്ന് ഡിക്‌വെല്ല ബുംറയ്ക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങുകയും അവസാനം ഫെര്‍ണാണ്ടോയെ അശ്വിന്‍ മടക്കുകയും ചെയ്തതോടെ ലങ്കന്‍ ഇന്നിംഗ്‌സിന് പരിസമാപ്തിയാവുകയായിരുന്നു.

ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 252 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ലങ്ക കേവലം 109 റണ്‍സിന് പുറത്താവുകയായിരുന്നു. ഇതോടെ 143 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡാണ് ഇന്ത്യയ്ക്ക് ലഭിച്ചിരിക്കുന്നത്.

ശ്രീലങ്കയ്ക്കായി 43 റണ്‍സെടുത്ത എയ്ഞ്ചലോ മാത്യൂസ് മാത്രമാണ് അല്‍പമെങ്കിലും പിടിച്ചുനിന്നത്. സ്‌കോര്‍ബോര്‍ഡില്‍ 50 റണ്‍സ് ചേര്‍ക്കുന്നതിനിടെ അഞ്ച് മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായ ലങ്കയെ 100 കടത്തിയത് മുന്‍ നായകന്‍ മാത്യൂസിന്റെ പ്രകടനമാണ്.

ക്രീസില്‍ നിലയുറപ്പിച്ച് സ്‌കോറിംഗിന് ദിശ നല്‍കിയ മുന്‍ ലങ്കന്‍ നായകനെ മടക്കി സാഹചര്യം ഇന്ത്യയ്ക്ക് അനുകൂലമാക്കിയതും ബുംറയാണ്.

നേരത്തെ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റിങ് തുടങ്ങിയ ഇന്ത്യ ഒരു ഘട്ടത്തില്‍ ആറിന് 184 എന്ന നിലയിലേക്ക് വീണിരുന്നു. ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് സഖ്യമാണ് കൂട്ടത്തകര്‍ച്ചയിലേക്ക് പോയ ടീമിനെ കൈപിടിച്ചുയര്‍ത്തിയത്. സ്പിന്നിനെ കാര്യമായി തുണയ്ക്കുന്ന പിച്ചില്‍ ശ്രീലങ്കന്‍ സ്പിന്നര്‍മാര്‍ ഇന്ത്യയെ കറക്കി വീഴ്ത്തുകയായിരുന്നു.

143 റണ്‍സിന്റെ ലീഡുമായി ഇന്ത്യ രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗ് ആരംഭിച്ചിട്ടുണ്ട്. നിലവില്‍ 10 ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 37 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ.

Content Highlight: Bumrah picks up  wickets in second test in India-Sri Lanka series