കയ്യിലുള്ള ജോലിയെ കുറിച്ച് മാത്രമാണ് ഇപ്പോള്‍ ചിന്ത, മറ്റൊന്നും എന്റെ മനസിലില്ല: ബുംറ
Sports News
കയ്യിലുള്ള ജോലിയെ കുറിച്ച് മാത്രമാണ് ഇപ്പോള്‍ ചിന്ത, മറ്റൊന്നും എന്റെ മനസിലില്ല: ബുംറ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 2nd March 2022, 3:50 pm

ഇന്ത്യ-ശ്രീലങ്ക സീരീസിലെ ടി-20 പരമ്പര വൈറ്റ്‌വാഷ് ചെയ്ത് സ്വന്തമാക്കിയതിന്റെ ആവേശത്തിലാണ് ഇന്ത്യ. ടീം എന്ന നിലയിലും താരങ്ങള്‍ എന്ന നിലയിലും ഒന്നിനൊന്ന് മികച്ച പ്രകടനമാണ് ഇന്ത്യ നടത്തിയത്.

പുതുതായി ലഭിച്ച വൈസ് ക്യാപ്റ്റന്റെ റോള്‍ മികച്ചതാക്കിയാണ് ഇന്ത്യന്‍ പേസ് ബൗളിംഗിന്റെ കുന്തമുനയായ ജസ്പ്രീത് ബുംറ പ്രശംസകളേറ്റുവാങ്ങുന്നത്.

സമ്മര്‍ദത്തിലാവാനുള്ള എല്ലാ സാധ്യതകളുമുണ്ടായിരുന്നിട്ടും സമ്മര്‍ദത്തിനടിമപ്പെടാതെ കൂള്‍ ആയാണ് ബുംറ ഉപനായകന്റെ റോളില്‍ ഇന്ത്യയെ മുന്നോട്ട് നയിക്കുന്നത്.

കഴിഞ്ഞ കുറച്ചു നാളുകളായി വിക്കറ്റ് നേടുമ്പോഴുള്ള താരത്തിന്റെ ആഘോഷത്തിന് കാര്യമായ മാറ്റം വന്നിട്ടുണ്ട്. ആര്‍പ്പുവിളികളോ അമിത ആഘോഷമോ ഇല്ലാതെയാണ് താരം തന്റെ വിക്കറ്റ് നേട്ടം ആഘോഷിക്കാറുള്ളത്. എന്നാലിപ്പോള്‍ അതിനുള്ള കാരണം വ്യക്തമാക്കുകയാണ് താരം.

‘ഞാന്‍ കുട്ടിയായിരുന്നപ്പോള്‍ വിക്കറ്റ് നേട്ടങ്ങള്‍ വല്ലാതെ ആഘോഷിക്കാറുണ്ടായിരുന്നു. ഓവര്‍ എക്‌സൈറ്റ്‌മെന്റോടെയായിരുന്നു ഓരോ വിക്കറ്റ് നേട്ടവും ഞാന്‍ ആഘോഷമാക്കിയിരുന്നത്.

എന്നാലിപ്പോള്‍ ഞാന്‍ എന്റെ ജോലിയെ കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്. കളി കഴിഞ്ഞ്, ടീം ജയിച്ച ശേഷം മതി മറന്നാഘോഷിക്കാന്‍ ഇഷ്ടം പോലെ സമയമുണ്ടല്ലോ. എന്റെ ജോലി (ഇന്ത്യയുടെ വിജയം) പൂര്‍ത്തിയാവാത്തിടത്തോളം സമയം ഞാന്‍ അതില്‍ മാത്രമാണ് ശ്രദ്ധിക്കുന്നത്,’ ബുംറ പറയുന്നു.

2018ല്‍ ഇന്ത്യന്‍ ടീമിലെത്തിയതോടെ ടീമിന്റെ അവിഭാജ്യ ഘടകമായിരുന്നു ബുംറ. ബൗളിംഗിന്റെ നായകനില്‍ നിന്നും ഇന്ത്യയുടെ ഉപനായകന്‍ എന്ന റോളിലേക്ക് വളരെ കുറഞ്ഞ കാലയളവിലാണ് താരം എത്തിയത്.

മാര്‍ച്ച് നാലിന് തുടങ്ങുന്ന ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് പരമ്പരയാണ് ഇന്ത്യയുടെ അടുത്ത മത്സരം. രണ്ട് ടെസ്റ്റുകളുടെ പരമ്പരയില്‍ രോഹിത് ശര്‍മയുടെ കീഴിലാണ് ഇന്ത്യ ഇറങ്ങുന്നത്.

Content Highlight: Jasprit Bumrah about his silent celebrations