ഞങ്ങളേക്കാള്‍ ഗതികെട്ട വേറെ ആരും തന്നെ ലോകത്തുണ്ടാവില്ല; തുറന്നടിച്ച് ബുംറ
IPL
ഞങ്ങളേക്കാള്‍ ഗതികെട്ട വേറെ ആരും തന്നെ ലോകത്തുണ്ടാവില്ല; തുറന്നടിച്ച് ബുംറ
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 17th April 2022, 6:52 pm

തുടര്‍ച്ചയായ ആറാം മത്സരത്തിലും പരാജയമേറ്റുവാങ്ങി പോയിന്റ് പട്ടികയിലെ അവസാന സ്ഥാനത്ത് തന്നെ ഇരിപ്പുറപ്പിച്ചിരിക്കുകയാണ് മുന്‍ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ്.

ഒന്നിന് പിന്നാലെ ഒന്നായി ഓരോ മത്സരത്തിലും ദയനീയമായി പരാജയപ്പെടുമ്പോഴെല്ലാം തന്നെ ആരാധകര്‍ തങ്ങളുടെ നിരാശ പ്രകടമാക്കി രംഗത്തെത്താറുണ്ട്. എന്നാല്‍ ആരാധകര്‍ മാത്രമല്ല താരങ്ങളും തങ്ങളുടെ നിരാശ പ്രകടമാക്കുന്നുണ്ട്.

ലഖ്‌നൗവിനെതിരായ മത്സരത്തില്‍ വിക്കറ്റ് നഷ്ടപ്പെട്ട ശേഷം ബൗണ്ടറി ലൈനില്‍ ബാറ്റുകൊണ്ടടിച്ചാണ് ഇഷാന്‍ കിഷന്‍ തന്റെ നിരാശ പരസ്യമായി പ്രകടമാക്കിയത്.

ഇഷാന് പുറമെ ഇന്ത്യന്‍ സ്റ്റാര്‍ പേസറും മുംബൈ ഇന്ത്യന്‍സ് താരവുമായ ജസ്പ്രീത് ബുംറയും തന്റെ നിരാശ വ്യക്തമാക്കുന്നുണ്ട്. ഇപ്പോള്‍ തങ്ങളേക്കാള്‍ നിരാശരായ ആരുമുണ്ടാവില്ല എന്നായിരുന്നു ബുംറയുടെ പ്രതികരണം. ക്രിക്ബസ്സിനോടായിരുന്നു താരം ഇക്കാര്യം പറഞ്ഞത്.

‘ഞങ്ങളെപ്പോലെ നിരാശരായി ഇപ്പോള്‍ ആരും തന്നെ കാണില്ല. ഞങ്ങള്‍ എത്രത്തോളം കഠിനാധ്വാനം നടത്തുന്നുണ്ടെന്ന് പുറത്തുള്ളവര്‍ക്ക് മനസിലാകണമെന്നില്ല.

ഭാഗ്യത്തിന്റെ പിന്തുണ ഞങ്ങള്‍ക്കില്ല. ടേബിളില്‍ കള്ളം പറയുകയും ചെയ്യുന്നില്ല. ഇത്തവണ ഞങ്ങള്‍ വളരെ മോശമാണ്. എന്നാല്‍ ഇനിയുള്ള മത്സരങ്ങളില്‍ ഞങ്ങളുടെ കഴിവിന്റെ പരമാവധി നല്‍കി ടീമിനെ ജയിപ്പിക്കാന്‍ ഞങ്ങള്‍ ശ്രമിക്കും’ ബുംറ പറയുന്നു.

ഇത് ക്രിക്കറ്റാണെന്നും തങ്ങള്‍ തിരിച്ചുവരുമെന്നുമുള്ള പ്രത്യാശയും താരം പങ്കുവെക്കുന്നുണ്ട്.

‘ജീവിതം അവസാനിക്കുന്നില്ല. സൂര്യന്‍ വീണ്ടും ഉദിക്കും. ഇതൊരു ക്രിക്കറ്റ് മത്സരമാണ്. ഒരാള്‍ ജയിക്കുമ്പോള്‍ മറ്റൊരാള്‍ക്ക് തോല്‍ക്കേണ്ടി വരും. ജീവിതത്തലെ എല്ലാം നഷ്ടപ്പെട്ടവരല്ല ഞങ്ങള്‍. ചില മത്സരങ്ങള്‍ മാത്രമാണ് തോറ്റത്. ഞങ്ങളുടെ ടീം സ്പിരിറ്റ് അതാണ്’ ബുംറ കൂട്ടിച്ചേര്‍ത്തു.

കളിച്ച മത്സരങ്ങളെല്ലാം തോറ്റ് പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരാണ് മുംബൈ. ഈ സീസണില്‍ ഇതുവരെ ഒറ്റ മത്സരം പോലും ജയിക്കാന്‍ സാധിക്കാത്തതും മുംബൈ ഇന്ത്യന്‍സിന് മാത്രമാണ്.

ഏപ്രില്‍ 21നാണ് മുംബൈയുടെ അടുത്ത മത്സരം. ചെന്നൈ സൂപ്പര്‍ കിംഗ്‌സാണ് എതിരാളികള്‍.

ഐ.പി.എല്ലിലെ എല്‍ ക്ലാസിക്കോ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ചെന്നൈ – മുംബൈ പോരാട്ടം ഇന്ത്യന്‍ ക്രിക്കറ്റ് ലോകം ഏറെ ആവേശത്തോടെയായിരുന്നു കാത്തിരിക്കാറുണ്ടായിരുന്നത്. എന്നാല്‍ ഈ സീസണിലെ രണ്ട് ചാമ്പ്യന്‍ ടീമുകളുടെ പ്രകടനത്തിലും തൃപ്തരല്ലാത്ത ആരാധകര്‍ മികച്ച മത്സരം തന്നെയാണ് ഇരുവരുടേയും ഭാഗത്ത് നിന്നും പ്രതീക്ഷിക്കുന്നത്.

 

Content Highlight: Jasprit Bumrah about continues defeats of Mumbai Indians