20 വര്‍ഷത്തെ തടവ്; ജാപ്പനീസ് റെഡ് ആര്‍മി സഹസ്ഥാപക ഷിഗെനോബു ജയില്‍ മോചിതയായി
World News
20 വര്‍ഷത്തെ തടവ്; ജാപ്പനീസ് റെഡ് ആര്‍മി സഹസ്ഥാപക ഷിഗെനോബു ജയില്‍ മോചിതയായി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 29th May 2022, 11:07 am

ടോക്കിയോ: ഇടതുപക്ഷ സംഘടനയായ ജാപ്പനീസ് റെഡ് ആര്‍മി സഹസ്ഥാപക ഫുസാക്കു ഷിഗെനോബു(76) 20 വര്‍ഷത്തെ തടവുശിക്ഷയ്ക്ക് ശേഷം ജയില്‍മോചിതയായി. സായുധ ആക്രമണങ്ങളുടെ പേരില്‍ 2000 മുതല്‍ ജയിലില്‍ കഴിയുകയായിരുന്നു ഇവര്‍.

1974ല്‍ നെതര്‍ലന്‍ഡ്സിലെ ഫ്രഞ്ച് എംബസി ഉപരോധിച്ച കേസിലായിരുന്നു ഷിഗെനോബുവിനെ 20 വര്‍ഷം ജയിലിലടച്ചത്. സംഘടകയുടെ പോരാട്ടം നിരപരാധികളെ ബാധിച്ചതില്‍ ക്ഷമ ചോദിക്കുന്നെന്ന് ജയില്‍ മോചിതയായ ശേഷം ഇവര്‍ പ്രതികരിച്ചു.

ഫലസ്തീനുവേണ്ടി എക്കാലത്തും പോരാടിയ ആളാണ് ഫുസാക്കോയെന്ന് ഫലസ്തീന്‍ യൂത്ത് മൂവ്മെന്റും പറഞ്ഞു.

ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഫുസാക്കോയുടെ നേതൃത്വത്തില്‍ നിരവധി പേരാട്ടങ്ങള്‍ നടത്തിയിരുന്നു.
യുദ്ധാനന്തര ജപ്പാനില്‍ ദരിദ്ര കുടുംബത്തില്‍ ജനിച്ച ഷിഗെനോബു അവള്‍ക്ക് 20 വയസുള്ളപ്പോള്‍ ടോക്കിയോ സര്‍വകലാശാലയില്‍ ഒരു കുത്തിയിരിപ്പ് സമരത്തിലൂടെയാണ് രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങിയത്.

ഏകദേശം 30 വര്‍ഷത്തോളം മിഡില്‍ ഈസ്റ്റില്‍ ഒളിപ്പോരാളിയായി ഷിഗെനോബു രാഷ്ട്രീയപ്രവര്‍ത്തനം നടത്തി. ലെബനനിലെ പലസ്തീന്‍ വിമോചന ഗറില്ല സംഘത്തോടപ്പം ചേര്‍ന്നു പ്രവര്‍ത്തിച്ച ഷിഗെനോബു, ഫലസ്തീന്‍ പോരാട്ടത്തെ പിന്തുണച്ച് ലോകത്തിന്റെ പലഭാഗങ്ങളിലും സായുധാക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്.

ഇടത് വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ ഭാഗമായി വിപ്ലവ രാഷ്ട്രീയത്തിലേക്ക് എത്തിയ ഷിഗെനോബു 25 വയസുള്ളപ്പോള്‍ ജപ്പാന്‍ വിടാന്‍ തീരുമാനിക്കുകയും ചെയ്തു. ജപ്പാനിലും ആഗോളതലത്തിലും യു.എസ് സാമ്രാജ്യത്വത്തിനെതിരായ സംഘടിത ശ്രമങ്ങള്‍ക്ക് ഷിഗെനോബു നേതൃത്വം നല്‍കി.