സ്മൃതി ഇറാനിയുടെ റോഡ് ഷോയ്ക്കിടെ ജന്മഭൂമി ഫോട്ടോഗ്രാഫര്‍ക്ക് മര്‍ദ്ദനം; പരാതി ഉയര്‍ന്നതോടെ സി.പി.ഐ.എമ്മിനെതിരെ ആരോപണം; ഒടുവില്‍ മാപ്പ് പറച്ചില്‍
Kerala Election 2021
സ്മൃതി ഇറാനിയുടെ റോഡ് ഷോയ്ക്കിടെ ജന്മഭൂമി ഫോട്ടോഗ്രാഫര്‍ക്ക് മര്‍ദ്ദനം; പരാതി ഉയര്‍ന്നതോടെ സി.പി.ഐ.എമ്മിനെതിരെ ആരോപണം; ഒടുവില്‍ മാപ്പ് പറച്ചില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 28th March 2021, 10:09 pm

കോഴിക്കോട്: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ റോഡ് ഷോയ്ക്കിടെ കോഴിക്കോട് കക്കോടിയില്‍ ജന്മഭൂമി പത്രത്തിന്റെ ഫോട്ടോഗ്രാഫര്‍ക്ക് ബി.ജെ.പി പ്രവര്‍ത്തകരുടെ മര്‍ദ്ദനം.

ജന്മഭൂമി പത്രത്തിലെ ഫോട്ടോഗ്രാഫറായ ദിനേശിനാണ് ബി.ജെ.പി പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റത്. കോഴിക്കോട് കക്കോടിയില്‍ സ്മൃതി ഇറാനിയുടെ റോഡ് ഷോയ്ക്കിടെയായിരുന്നു സംഭവം.

ആദ്യം തുറന്ന വാഹനത്തിലായിരുന്നു സ്മൃതി ഇറാനി റോഡ് ഷോ നടത്തിയത്. പിന്നീട് യാത്ര സ്‌കൂട്ടറിലാക്കുകയായിരുന്നു. ഇതിനിടെ സ്മൃതിയുടെ ചിത്രം പകര്‍ത്താന്‍ വാഹനത്തിന് മുന്നിലൂടെ ഫോട്ടോഗ്രാഫര്‍മാരും ഓടാന്‍ തുടങ്ങി.

ഇതിനിടെ യാത്ര കക്കോടി പൊക്കിരാത്ത് ബില്‍ഡിംഗിന് സമീപത്ത് എത്തിയതോടെ ബി.ജെ.പി പ്രവര്‍ത്തകന്‍ ദിനേശിനോട് തട്ടിക്കയറുകയും ഇയാളെ മര്‍ദ്ദിക്കുകയുമായിരുന്നു.

ഇതോടെ കൂടുതല്‍ ആളുകള്‍ ദിനേശിനെ മര്‍ദ്ദിക്കാന്‍ ശ്രമിച്ചു. ഇതോടെ മാധ്യമപ്രവര്‍ത്തകര്‍ സംഘടിക്കുകയും പ്രതിഷേധം ഉയര്‍ത്തുകയും ചെയ്തു. ഇതിനിടെ ദിനേശ് ബി.ജെ.പി മുഖ പത്രത്തിന്റെ ഫോട്ടോഗ്രാഫറാണെന്നും മര്‍ദ്ദിക്കരുതെന്നും ആവശ്യപ്പെട്ടതോടെ മര്‍ദ്ദനം അവസാനിപ്പിക്കുകയായിരുന്നു.

തുടര്‍ന്ന് മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് പരിപാടി ബഹിഷ്‌കരിക്കുമെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറയുകയും ബി.ജെ.പി നേതാക്കളോട് പരാതി അറിയിക്കുകയും ചെയ്തു. എന്നാല്‍ ജാഥയില്‍ നുഴഞ്ഞ് കയറിയ സി.പി.ഐ.എം പ്രവര്‍ത്തകരായിരിക്കും മര്‍ദ്ദിച്ചതെന്നായിരുന്നു നേതാക്കളുടെ മറുപടി.

എന്നാല്‍ മര്‍ദ്ദിച്ച വ്യക്തികളുടെ ഫോട്ടോ ക്യാമറയിലുണ്ടെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞതോടെ നേതാക്കള്‍ മാപ്പ് പറയുകയും ബി.ജെ.പി ജില്ലാ നേതാവ് ടി.ദേവദാസ് ഖേദപ്രകടനം നടത്തുകയും ചെയ്തു.

മര്‍ദ്ദനത്തില്‍ പരുക്കേറ്റ ദിനേശ് കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Janmabhoomi photographer assaulted during Smriti Irani’s road show; Finally an apology by BJP leaders