എഡിറ്റര്‍
എഡിറ്റര്‍
ഹാദിയയുടെ വീട്ടിലെത്തിയ യുവതികളെ മാവോയിസ്റ്റനുകൂലികളാക്കി ജനം ടി.വി
എഡിറ്റര്‍
Thursday 31st August 2017 10:36am

 

വൈക്കം: വീട്ടു തടങ്കലില്‍ കഴിയുന്ന ഹാദിയയുടെ വീട്ടില്‍ സന്ദര്‍ശനത്തിനെത്തിയ യുവതികളെ മാവോയിസ്റ്റനുകൂലികളെന്ന് വിശേഷിപ്പിച്ച് സംഘപരിവാര്‍ നിയന്ത്രണത്തിലുള്ള ജനം ടി.വി. ‘അഖിലയുടെ വീടിന് നേരെ മാവോയിസ്റ്റ് അനുകൂലികളുടെ അതിക്രമം’ എന്ന തലക്കെട്ടിലാണ് ഇന്നലെ ഹാദിയയുടെ വീടിനു മുന്നില്‍ നടന്ന സംഭവത്തെ ജനം ടി.വി റിപ്പോര്‍ട്ട് ചെയ്തത്.


Also Read: കമല്‍ഹാസന്‍ നാളെ തിരുവനന്തപുരത്ത്; ലക്ഷ്യം പിണറായിയുമായുള്ള കൂടിക്കാഴ്ച


ഇന്നലെ ഹാദിയയെ സന്ദര്‍ശിക്കാന്‍ അഞ്ചു യുവതികളാണ് ഹാദിയയുടെ വീട്ടില്‍ എത്തിയിരുന്നത് എന്നാല്‍ ഇവര്‍ക്കെതിരെ ഹാദിയയുടെ പിതാവ് കേസ് നല്‍കുകയായിരുന്നു. വീട്ടിലെത്തിയ യുവതികളെ കണ്ട ഹാദിയ എന്നെ ഉപദ്രവിക്കുകയാണ്, രക്ഷിക്കണം എന്ന് ജനലിലൂടെ പറഞ്ഞിരുന്നു.

ഇതേത്തുടര്‍ന്ന് പ്രതിഷേധിച്ച യുവതികളെ പിതാവിന്റെ പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഈ സംഭവത്തെയാണ് മാവോയിസ്റ്റ് അനുകൂലികളുടെ അക്രമമാക്കി ജനം ടി.വി ചിത്രീകരിച്ചത്.

‘ഭീകരവാദ റിക്രൂട്ടിംഗ് ശൃംഘലയില്‍ നിന്നും മോചിപ്പിക്കപ്പെട്ട വൈക്കം സ്വദേശി അഖിലയുടെ വീടിന് നേരെ അതിക്രമം. പോപ്പുലര്‍ ഫ്രണ്ട് വനിതാ വിഭാഗം നേതാക്കളും, മാവോയിസ്റ്റ് അനുകൂലികളും ചേര്‍ന്നാണ് അഖിലയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് അതിക്രമം നടത്തിയത്.’ എന്നാണ് ജനം ടി.വിയുടെ വാര്‍ത്ത പറയുന്നത്.

 


Dont Miss: ഗോരഖ്പൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഈ വര്‍ഷം മരിച്ചത് 1250 കുട്ടികളെന്ന് പ്രിന്‍സിപ്പല്‍


നിയമ വിരുദ്ധമായി സംഘം ചേര്‍ന്നെന്നും സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചെന്നുമുള്ള പിതാവിന്റെ പരാതിയില്‍ യുവതികളെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയിരുന്നു. പിന്നീട് ഇവരെ ജാമ്യത്തില്‍ വിടുകയും ചെയ്തിരുന്നു.

അതിനിടെ ഹാദിയയുടെ വീടിനു മുന്നില്‍ പ്രതിഷേധത്തിനെത്തിയ പെണ്‍കുട്ടിക്കെതിരെ ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ കയ്യേറ്റശ്രമമുണ്ടായിരുന്നു. ഷബ്ന സുമയ്യ എന്ന യുവതിയെയാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചിരുന്നത്.

Advertisement