എഡിറ്റര്‍
എഡിറ്റര്‍
റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളെ തിരിച്ചയക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ റിയാദ് ജനാധിപത്യ മതേതരവേദി
എഡിറ്റര്‍
Wednesday 20th September 2017 12:03pm

റിയാദ്: മ്യാന്‍മറിലെ റഖൈന്‍ പ്രവിശ്യയില്‍ നിന്നും പട്ടാളത്തിന്റെയും ബുദ്ധമത തീവ്രവാദികളുടെയും അക്രമണങ്ങളെത്തുടര്‍ന്നു പാലായനം ചെയ്ത് ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളില്‍ അഭയം തേടിയിട്ടുള്ള 40000 റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളെ തിരിച്ചയക്കുന്ന നടപടികളില്‍നിന്നും ഇന്ത്യന്‍ സര്‍ക്കാര്‍ പിന്തിരിയണമെന്ന് ജനാധിപത്യമതേതരവേദി.

സുപ്രീം കോടതി ഈ വിഷയത്തില്‍ ഇടപെടരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ സത്യവാഗ്മൂലത്തില്‍ നിര്‍ത്തിയിട്ടുള്ള 10 വാദങ്ങളും വസ്തുതാവിരുദ്ധവും മ്യാന്‍മാറിലെ ഫാസിസ്റ്റ് സര്‍ക്കാറിന്റെ നിര്ബന്ധത്തിനു വഴങ്ങിയുമാണ് തയ്യാറാക്കിയിട്ടുള്ളത്.

മ്യാന്‍മാരിലേക്ക് തിരിച്ചയച്ചാല്‍ ഈ അഭയാര്‍ത്ഥികളെ മ്യാന്‍മാര്‍ പട്ടാളം നിര്‍ദ്ദയമായി കൊന്നൊടുക്കാനുള്ള എല്ലാ സാദ്ധ്യതകളും ഉണ്ട്. കാലാകാലങ്ങളായി മ്യാന്‍മാരില്‍ കഴിയുന്ന റോഹിന്‍ഗ്യന്‍ വംശജരെ കടന്നുകയറ്റക്കാരായാണ് മ്യാന്‍മാര്‍ ഭരണകൂടവും പട്ടാളവും ബുദ്ധമത തീവ്രവാദികളും വിശേഷിപ്പിക്കുന്നത്.

ഒരാഴ്ചക്ക് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ മ്യാന്‍മാര്‍ സന്ദര്‍ശനവും പ്രധാനമന്ത്രി ആങ് സാന്‍ സൂചിയുമായി ഒപ്പിട്ട കരാറുകളും റോഹിന്‍ഗ്യ അഭയാര്‍ത്ഥികളുടെ മേല്‍ മ്യാന്‍മാര്‍ പട്ടാളം നടത്തിക്കൊണ്ടിരിക്കുന്ന മനുഷ്യാവകാശധ്വംസനങ്ങളും അതിക്രമങ്ങളും അംഗീകരിക്കുന്നതിന് സമമാണ്.

ഇപ്പോള്‍ തന്നെ അഭയാര്‍ത്ഥികള്‍ വളരെ ദയനീയമായ ഭൗതികസാഹചര്യങ്ങളിലാണ് ഇന്ത്യന്‍ ക്യാംപുകളില്‍ കഴിയുന്നത്. അവര്‍ക്കെതിരെ പ്രാദേശിക സംഘങ്ങള്‍ ഭീഷണിയുമായി ഇറങ്ങിയിട്ടുണ്ട്. ഇവര്‍ക്ക് പോലീസിന്റെയും സര്‍ക്കാരിന്റെയും മൗനാനുവാദവുമുണ്ട്. ഈ തീവ്രവാദി ഗ്രൂപ്പുകളുടെ ഭീഷണികളില്‍ നിന്നും അഭയാര്‍തിഥികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനോടൊപ്പം ക്യാംപുകളില്‍ ആവശ്യവസ്തുക്കള്‍ സമയാസമയം വിതരണം ചെയ്യുന്നതിനുള്ള നടപടികളും കൈക്കൊള്ളണം.

മുന്‍കാലങ്ങളില്‍ ആഭ്യന്തര കലാപങ്ങളാലും മറ്റും ഇന്ത്യയില്‍ അഭയം തേടിയിട്ടുള്ളവരെ സര്‍വാത്മനാ സ്വീകരിച്ചിട്ടുള്ള നയമാണ് ഇന്ത്യയുടേത്. ടിബറ്റില്‍ നിന്നും ബംഗ്‌ളാദേശില്‍നിന്നും ശ്രീലങ്കയില്‍ നിന്നും വന്നിട്ടുള്ള അഭയാര്‍തഥികളെ അതാതുകാലത്തെ ഇന്ത്യന്‍ സര്‍ക്കാരുകള്‍ പുനരധിവസിപ്പിച്ചിട്ടുണ്ട്. റോഹിന്‍ഗ്യന്‍ അഭയാര്‍തഥികളുടെ കാര്യത്തിലും ഈ മാതൃക പിന്തുടരണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായും ജനാധിപത്യമതേതരവേദി ആവശ്യപ്പെട്ടു.

Advertisement