ജമാല്‍ ഖഷോഗ്ജി എങ്ങനെ കൊല്ലപ്പെട്ടെന്നും എവിടെ അടക്കം ചെയ്‌തെന്നും തുര്‍ക്കിക്ക് അറിയാം; വിശദാംശങ്ങള്‍ പുറത്തുവിട്ട് മിഡില്‍ ഈസ്റ്റ് ഐ
Middle East
ജമാല്‍ ഖഷോഗ്ജി എങ്ങനെ കൊല്ലപ്പെട്ടെന്നും എവിടെ അടക്കം ചെയ്‌തെന്നും തുര്‍ക്കിക്ക് അറിയാം; വിശദാംശങ്ങള്‍ പുറത്തുവിട്ട് മിഡില്‍ ഈസ്റ്റ് ഐ
ന്യൂസ് ഡെസ്‌ക്
Thursday, 11th October 2018, 2:20 pm

 

ഇസ്താംബുള്‍: സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയെ കോണ്‍സുലേറ്റിനുള്ളില്‍വെച്ച് ക്രൂരമായി കൊലപ്പെടുത്തിയതാണെന്ന് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട്. കൊലപ്പെടുത്തുന്നതിനു മുമ്പ് കോണ്‍സുല്‍ ജനറലിന്റെ ഓഫീസിനുള്ളില്‍ രണ്ടുപേര്‍ അദ്ദേഹത്തെ വലിച്ചിഴച്ചെന്നും അവര്‍ പിന്നീട് മൃതദേഹം വെട്ടിനുറുക്കിയെന്നുമാണ് അന്വേഷണ സംഘവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ടു ചെയ്യുന്നത്.

എപ്പോഴാണ് എവിടെ വെച്ചാണ് സൗദി മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതെന്ന് അറിയാമെന്നാണ് തുര്‍ക്കി അധികൃതര്‍ പറയുന്നത്. മൃതദേഹം അടക്കം ചെയ്തിട്ടുണ്ടോയെന്നു നോക്കാന്‍ കോണ്‍സുല്‍ ജനറലിന്റെ പൂന്തോട്ടം കുഴിച്ചുനോക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണ് തുര്‍ക്കി അധികൃതരെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

“എപ്പോഴാണ് ജമാല്‍ കൊല്ലപ്പെട്ടതെന്നും ഏതു മുറിയില്‍ വെച്ചാണ് കൊല്ലപ്പെട്ടതെന്നും എവിടെയാണ് മൃതദേഹം അടക്കം ചെയ്തതെന്നും ഞങ്ങള്‍ക്ക് അറിയാം. ഫോറന്‍സിക് സംഘത്തെ ഉള്ളിലേക്ക് കടക്കാന്‍ അനുവദിച്ചാല്‍ അവര്‍ക്കറിയാം കൃത്യമായി എവിടെ പോകണമെന്ന്.” അന്വേഷണ സംഘവുമായി അടുത്ത ബന്ധമുള്ള തുര്‍ക്കി സ്വദേശി പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

Also Read:ചോദ്യം: “കായംകുളം കൊച്ചുണ്ണി എങ്ങിനെയുണ്ട്” ഉത്തരം: ഇത്തിക്കര പക്കി പൊളിച്ചു

22 കാര്‍ കോണ്‍സുലേറ്റിനുവേണ്ടി രജിസ്റ്റര്‍ ചെയ്തതായുണ്ട്. അതില്‍ മൂന്നു നാല് കാറുകള്‍ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിനുള്ളതാണ്. അതിലൊന്ന് വൈകുന്നേരം 3.15ന് കോണ്‍സുലേറ്റ് കെട്ടിടത്തില്‍ നിന്നും തിരിച്ച് കോണ്‍സുലേറ്റ് ജനറലിന്റെ വീട്ടിലേക്കാണ് പോയതെന്നും വൃത്തങ്ങള്‍ പറയുന്നു.

ഖഷോഗ്ജിയുടെ മൃതദേഹം കോണ്‍സുലേറ്റ് ജനറലിന്റെ പൂന്തോട്ടത്തില്‍ കുഴിച്ചിട്ടിരിക്കുകയാണെന്ന സംശയമുണ്ടെന്നും അവിടം പരിശോധിക്കാന്‍ പ്രോസിക്യൂട്ടര്‍ ജനറല്‍ ആലോചിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ മൂന്നു ദിവസമായി കോണ്‍സുലേറ്റ് ജനറല്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയിട്ടില്ല. അദ്ദേഹത്തിന്റെ എല്ലാ പരിപാടികളും റദ്ദാക്കിയിരിക്കുകയാണ്.

Also Read:സ്ത്രീകള്‍ക്ക് തുല്യത നല്‍കരുതെന്ന് പറഞ്ഞവര്‍ക്കൊപ്പമായിരുന്നു അച്ഛനെന്നോര്‍ത്ത് നാളെ മക്കള്‍ക്ക് തലതാഴ്‌ത്തേണ്ടിവരരുത്; കോണ്‍ഗ്രസില്‍ നിന്ന് രാജി

ഒക്ടോബര്‍ രണ്ടിന് സൗദി കോണ്‍സുലേറ്റിനുള്ളില്‍ പ്രവേശിച്ചതിനു പിന്നാലെയാണ് ഖഷോഗ്ജിയെ കാണാതായത്. അദ്ദേഹം ആ കെട്ടിടത്തിനുള്ളില്‍വെച്ച് കൊല്ലപ്പെട്ടെന്ന് ശനിയാഴ്ച മുതല്‍ തുര്‍ക്കി അധികൃതര്‍ പറഞ്ഞിരുന്നു. എന്നാല്‍ തെളിവുനല്‍കുകയോ ഔദ്യോഗികമായി ഇക്കാര്യം പറയുകയോ ചെയ്തിട്ടില്ല. ഖഷോഗ്ജി കോണ്‍സുലേറ്റിലെ കാര്യങ്ങള്‍ ചെയ്തശേഷം തിരിച്ചുപോയെന്നായിരുന്നു സൗദിയുടെ അവകാശവാദം.