ജയ്പൂര്‍ സ്‌ഫോടനക്കേസ്; വധശിക്ഷക്ക് വിധിക്കപ്പെട്ട നാല് മുസ്‌ലിം യുവാക്കളെ വെറുതെ വിട്ട് ഹൈക്കോടതി
national news
ജയ്പൂര്‍ സ്‌ഫോടനക്കേസ്; വധശിക്ഷക്ക് വിധിക്കപ്പെട്ട നാല് മുസ്‌ലിം യുവാക്കളെ വെറുതെ വിട്ട് ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 30th March 2023, 8:30 am

ജയ്പൂര്‍: ജയ്പൂര്‍ ബോംബ് സ്‌ഫോടന പരമ്പര കേസില്‍ പ്രതികളെന്നാരോപിച്ച് വധശിക്ഷ വിധിച്ച നാല് പേരെ വെറുതെ വിട്ടു കൊണ്ട് രാജസ്ഥാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസുമാരായ പങ്കജ് ഭണ്ഡാരി, സമീര്‍ ജെയ്ന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്.

വിചാരണക്കോടതി വധശിക്ഷക്ക് വിധിച്ച മുഹമ്മദ് സെയ്ഫ്, മുഹമ്മദ് സല്‍മാന്‍, സര്‍വാര്‍ ആസ്മി, സയ്ഫുര്‍ റഹ്‌മാന്‍ എന്നിവരാണ് കുറ്റവിമുക്തരാക്കപ്പെട്ടത്.

2008 മെയ് 13നായിരുന്നു രാജസ്ഥാനെ നടുക്കിയ സ്‌ഫോടനങ്ങള്‍ നടന്നത്. ചാന്ദ്‌പോള്‍ ഗേറ്റ്, ഛോട്ടി ചൗപദ്, ട്രിപ്പോളിയ ഗേറ്റ്, മനക് ചൗക്ക് ഖണ്ഡ, സംഗനേരി ഗേറ്റ്, ജോഹ്‌രി ബസാര്‍ എന്നിവിടങ്ങളുള്‍പ്പെടെ സംസ്ഥാനത്തെ എട്ട് സ്ഥലങ്ങളില്‍ നടന്ന സ്‌ഫോടനങ്ങളില്‍ 71 ആളുകള്‍ കൊല്ലപ്പെടുകയും 185 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

അന്വേഷണം നേരായ ദിശയിലല്ല നടന്നതെന്ന് കോടതി നിരീക്ഷിച്ചു. അതിനാല്‍ സമൂഹത്തിന്റെയും നീതിയുടെയും താത്പര്യം മുന്‍ നിര്‍ത്തി അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ഉചിതമായ മേല്‍ നടപടികള്‍ സ്വീകരിക്കാന്‍ കോടതി രാജസ്ഥാന്‍ ഡി.ജി.പിയോട് നിര്‍ദേശിച്ചു.

വിചാരണക്കോടതി വിശ്വാസയോഗ്യമായ തെളിവുകളെ ആശ്രയിച്ചല്ല വിധി പുറപ്പെടുവിച്ചതെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

ഭീകരവിരുദ്ധ സേനയുടെ കണ്ടെത്തലുകളെല്ലാം തെറ്റാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടെന്നും അതിനെ തുടര്‍ന്നാണ് നാല് പേരെയും വെറുതെവിട്ടതെന്നും കുറ്റാരോപിതര്‍ക്കായി ഹാജരായ സയ്യിദ് സാദത് അലി പറഞ്ഞു.

‘വിചാരണക്കോടതി വധശിക്ഷ വിധിച്ചതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. കുറ്റാരോപിതരില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത വ്യക്തിയായിരുന്നു. ഈ വാദം കോടതി അംഗീകരിച്ചു. നാലുപേര്‍ക്കെതിരെയും മതിയായ തെളിവുകളില്ലെന്ന് വ്യക്്തമാക്കിക്കൊണ്ടാണ് കോടതി ഇവരെ വെറുതെ വിട്ടത്. ഭീകരവിരുദ്ധസേനയും പ്രോസിക്യൂഷനും ആരോപണങ്ങള്‍ തെളിയിക്കുന്നതില്‍ പരാജയപ്പെട്ടു,’ സാദത് അലി പറഞ്ഞു.

അതിനിടെ സ്‌ഫോടനക്കേസില്‍ നാല് പേരെ വെറുതെ വിട്ടത് ഹൈക്കോടതിയുടെ വലിയ തെറ്റാണെന്നും അശോക് ഗെഹ്‌ലോത് സര്‍ക്കാരിന്റെ പരാജയമാണെന്നും ആരോപിച്ച് രാജസ്ഥാന്‍ മുന്‍ ബി.ജെ.പി അധ്യക്ഷന്‍ സതീഷ് പൂനിയ രംഗത്തെത്തി.

Content Highlights: Jaipur blast case; High Court acquitted four youths sentenced to death