എഡിറ്റര്‍
എഡിറ്റര്‍
ജയില്‍ ചപ്പാത്തിയുടെ വരുമാനം ഒരു കോടിയിലേക്ക് : അടുത്തത് ലഡു
എഡിറ്റര്‍
Saturday 8th June 2013 12:34am

chapati

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലിലെ മലബാര്‍ ഫ്രീഡം ചപ്പാത്തിയില്‍നിന്നുള്ള ലാഭം ഒരു കോടി രൂപയിലേക്ക് കടക്കുന്നു. ഈ വകയില്‍ 94 ലക്ഷം രൂപ ലാഭവീതമായി സര്‍ക്കാരിലേക്ക് അടച്ചുകഴിഞ്ഞു.

ഈ മാസം പകുതിയോടെ ഇത് ഒരു കോടി രൂപയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ആഘോഷത്തിന്റെ ഭാഗമായി അടുത്ത ഘട്ടത്തോടെ
മലബാര്‍ ഫ്രീഡം സ്‌പെഷല്‍ ലഡു വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് ജയിലധികൃതര്‍.

Ads By Google

ലഡു ഉത്പാദനത്തിനു മുന്നോടിയായി ടേസ്റ്റ് ഫാക്ടറിയില്‍ കൂടുതല്‍ സൗകര്യമേര്‍പ്പെടുത്തുന്ന ജോലി പൂര്‍ത്തിയായിവരികയാണ്. സൂപ്രണ്ടിന്റെ ചുമതല വഹിക്കുന്ന ജയിലര്‍ അശോകന്‍ അരിപ്പയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.

ജയിലിലെ മലബാര്‍ ഫ്രീഡം ടേസ്റ്റ് ഫാക്ടറിയില്‍നിന്ന് 2012 ഒക്ടോബര്‍ 27നാണ് ചപ്പാത്തിയും കറിയും ഉണ്ടാക്കി വിറ്റുതുടങ്ങിയത്.
തുടക്കത്തില്‍ ചപ്പാത്തിയും മുട്ടക്കറിയും വെജിറ്റബിള്‍ കറിയുമായിരുന്നു.

പിന്നീട് ചിക്കന്‍ കറിയും നേന്ത്രക്കായ ചിപ്‌സും തുടങ്ങി. വിപണിവിലയെക്കാള്‍ കുറഞ്ഞ വിലയ്ക്കാണ് ഇവ വില്‍ക്കുന്നത്.

ജയില്‍ സ്ഥലത്ത് ഗന്ധകശാല നെല്ലും റബ്ബറും കൃഷി ചെയ്യുന്നതിനുള്ള പണികളും പുരോഗമിക്കുകയാണ്. ജയിലില്‍ ആറേക്കര്‍ സ്ഥലത്ത് കരനെല്‍കൃഷിക്ക് വിത്തിറക്കി.

ജയിലില്‍ ആദ്യമായാണ് സുഗന്ധനെല്ലും കൃഷി ചെയ്യുന്നത്. നെല്ലു കൊയ്ത ശേഷം ഇവിടെ പച്ചക്കറികൃഷിയും നടത്തും.
അഞ്ചേക്കര്‍ സ്ഥലത്താണ് റബ്ബര്‍ ബോര്‍ഡിന്റെ സഹായത്തോടെ അത്യുത്പാദനശേഷിയുള്ള റബ്ബര്‍ കൃഷിചെയ്യുന്നത്.

ഇതിനു പുറമെയാണ് ഒരേക്കര്‍ സ്ഥലത്ത് ഗന്ധകശാല നെല്ല് കൃഷി ചെയ്യുന്നത്. ജയിലിന് പിന്നിലുള്ള വയലിലാണ് സുഗന്ധനെല്ലിനമായ ഗന്ധകശാല കൃഷി ചെയ്യുന്നത്. ഇതിനുള്ള വിത്ത് എത്തിച്ചുകഴിഞ്ഞു.

റബ്ബര്‍ത്തൈ നടുന്നതിനായി ആയിരം കുഴികളെടുത്തു. ജയിലിനു പിന്നിലുള്ള തെങ്ങിന്‍തോപ്പിലാണ് റബ്ബര്‍ കൃഷി തുടങ്ങുന്നത്. തെങ്ങില്‍നിന്നുള്ള ഉത്പാദനം കുറഞ്ഞതും കേടു ബാധിച്ചതുമാണ് റബ്ബര്‍ കൃഷിയിലേക്ക് നയിച്ചത്.

Advertisement