നീതി കിട്ടും വരെ പോരാടും; കോരിത്തരിപ്പിച്ച് ജയ് ഭീം ടീസര്‍
Entertainment news
നീതി കിട്ടും വരെ പോരാടും; കോരിത്തരിപ്പിച്ച് ജയ് ഭീം ടീസര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 15th October 2021, 2:43 pm

സൂര്യയെ നായകനാക്കി ടി.ജെ. ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ജയ് ഭീമിന്റെ ടീസര്‍ പുറത്തിറങ്ങി. ആമസോണ്‍ പ്രൈമിന്റെ ഒഫീഷ്യല്‍ യൂ ട്യൂബ് ചാനല്‍ വഴിയാണ് ടീസര്‍ പുറത്തിറങ്ങിയിരിക്കുന്നത്.

സൂര്യയുടെ കരിയറിലെ 39-ാം ചിത്രമായ ജയ് ഭീം കോര്‍ട്ട് റൂം ഡ്രാമ ഗണത്തില്‍ വരുന്ന ചിത്രമാണ്. ചിത്രത്തില്‍ വക്കീല്‍ വേഷത്തിലാണ് സൂര്യയെത്തുന്നത്.

രജിഷ വിജയനാണ് ചിത്രത്തിലെ നായിക. ധനുഷ് നായകനായ ‘കര്‍ണ്ണനി’ലൂടെ തമിഴില്‍ അരങ്ങേറ്റം കുറിച്ച രജിഷയുടെ മൂന്നാമത്തെ തമിഴ് ചിത്രമാണ് ജയ് ഭീം.

നവംബര്‍ 2ന് ദീപാവലി റിലീസായി ചിത്രം പ്രേക്ഷകരിലേക്കെത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.

മണികണ്ഠനാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. പ്രകാശ് രാജ്, ലിജോമോള്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷം അവതരിപ്പിക്കുന്നു.

2ഡി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സൂര്യ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. എസ്. ആര്‍. കതിര്‍ ആണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. ആക്ഷന്‍ കൊറിയോഗ്രഫി അന്‍പറിവ്. വസ്ത്രാലങ്കാരം പൂര്‍ണ്ണിമ രാമസ്വാമി.

ജയ് ഭീം ഉള്‍പ്പെടെ സൂര്യയുടെ 2ഡി എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മ്മിക്കുന്ന നാല് ചിത്രങ്ങളുടെ റിലീസ് തങ്ങളുടെ പ്ലാറ്റ്‌ഫോമിലൂടെ ആയിരിക്കുമെന്ന് ആമസോണ്‍ പ്രൈം വീഡിയോ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഇതില്‍ അരിസില്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ‘രാമെ ആണ്ടാളും രാവണെ ആണ്ടാളും’ ഇതിനകം റിലീസ് ചെയ്യപ്പെട്ടിട്ടുണ്ട്. ശശികുമാറിനെയും ജ്യോതികയെയും പ്രധാന കഥാപാത്രങ്ങളാക്കി ഇറ ശരവണന്‍ സംവിധാനം ചെയ്യുന്ന ‘ഉടന്‍പിറപ്പേ’ ഈ മാസം 14നും സരോവ് ഷണ്‍മുഖം സംവിധാനം ചെയ്യുന്ന ‘ഓ മൈ ഡോഗ്’ ഡിസംബറിലും എത്തും.

ജ്യോതികയുടെ സിനിമാ കരിയറില്‍ നായികയായി എത്തുന്ന 50ാം ചിത്രമാണ് ഉടന്‍പിറപ്പേ. കൃത്യമായ ജാതി രാഷ്ട്രീയമാണ് സിനിമയുടെ ഇതിവൃത്തം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Jai Bhim Teaser released