പുതിയ അംഗീകാരം; ഓസ്‌കാര്‍ ഒഫീഷ്യല്‍ യുട്യൂബ് ചാനലില്‍ ജയ് ഭീം
Film News
പുതിയ അംഗീകാരം; ഓസ്‌കാര്‍ ഒഫീഷ്യല്‍ യുട്യൂബ് ചാനലില്‍ ജയ് ഭീം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 18th January 2022, 1:27 pm

2020 ല്‍ ഇന്ത്യയാകെ ശ്രദ്ധിക്കപ്പെട്ട സിനിമയായിരുന്നു ജയ് ഭീം. തമിഴ്‌നാട്ടിലെ ഗോത്രവിഭാഗങ്ങള്‍ അനുഭവിക്കുന്ന അനീതികള്‍ തുറന്ന് കാട്ടിയ ചിത്രത്തില്‍ നായകനായെത്തിയത് സൂര്യയായിരുന്നു.

കഴിഞ്ഞ നവംബറില്‍ 2022 ലെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തിലെ ഇംഗ്ലീഷ് ഇതര ഭാഷാ വിഭാഗത്തിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു.

ഇപ്പോഴിതാ പുതിയൊരു അംഗീകാരം കൂടി ജയ് ഭീമിന് ലഭിച്ചിരിക്കുകയാണ്. ഒഫീഷ്യല്‍ ഓസ്‌കാര്‍ യുട്യൂബ് ചാനലില്‍ ജയ് ഭീമിന്റെ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുകയാണ്.

ഇതിനൊപ്പം സംവിധായകന്‍ ടി.ജെ. ഞ്ജാനവേലിന്റെ ചിത്രത്തെ പറ്റിയുള്ള വിവരണവും ചേര്‍ത്തിട്ടുണ്ട്.

1993-95 കാലഘട്ടത്തില്‍ തമിഴ്‌നാട്ടില്‍ നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ഹൈക്കോടതി ജഡ്ജിയായി റിട്ടേയ്ഡ് ചെയ്ത ജസ്റ്റിസ് ചന്ദ്രു എഴുതിയ Listen to my Case എന്ന പുസ്തകത്തിനെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.

സൂര്യയുടെ കരിയറിലെ 39ാം ചിത്രമാണ് ജയ് ഭീം. ചിത്രത്തില്‍ അഭിഭാഷകനായ ചന്ദ്രുവിന്റെ റോള്‍ ആണ് സൂര്യ അവതരിപ്പിക്കുന്നത്.

മണികണ്ഠനാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. പ്രകാശ് രാജ്, ലിജോമോള്‍, രജിഷ വിജയന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷം അവതരിപ്പിക്കുന്നു.

2ഡി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സൂര്യ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. എസ്. ആര്‍. കതിര്‍ ആണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. ആക്ഷന്‍ കൊറിയോഗ്രഫി അന്‍പറിവ്. വസ്ത്രാലങ്കാരം പൂര്‍ണ്ണിമ രാമസ്വാമി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: suriyas-jai-bhim-featured-on-oscars-youtube-channel